Sections

'ജോബ് ഇന്‍ഷുറന്‍സ്' എന്നു കേട്ടിട്ടുണ്ടോ? കൂടുതല്‍ അറിയാം

Sunday, Aug 21, 2022
Reported By admin
job insurance

ജോലി നഷ്ടപ്പെട്ടാല്‍ അത് ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചാല്‍ അവര്‍ ജോലി പോകാനിടയായ സാഹചര്യത്തെക്കുറിച്ചു അന്വേഷിച്ച് സാമ്പത്തിക സഹായം നല്‍കും

 

ജോലി നഷ്ടപ്പെട്ടാല്‍ ഒരു നിശ്ചിത കാലയളവില്‍ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്ന ഇന്‍ഷുറന്‍സാണ് 'ജോബ് ഇന്‍ഷുറന്‍സ്'. വിദേശ രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ടാല്‍ 'ജോബ് ഇന്‍ഷുറന്‍സ്' എടുത്തിട്ടുള്ളവര്‍ക്ക് സംരക്ഷണം അല്ലെങ്കില്‍ സാമ്പത്തിക സഹായം ലഭിക്കുമെങ്കിലും, ഇന്ത്യയില്‍ ഈ മേഖല ഇപ്പോഴും വികസിച്ചു വരുന്നതേയുള്ളൂ. അപകടങ്ങളോ, അസുഖങ്ങളോ മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കായിരിക്കും ഇന്ത്യയില്‍ പ്രധാനമായും 'ജോബ് ഇന്‍ഷുറന്‍സിന്റെ' ആനുകൂല്യം ലഭിക്കുക. ജോലിയില്‍ തിരിമറി കാണിച്ചു കമ്പനി പുറത്താക്കിയാലോ, സ്വന്തം തെറ്റ് കൊണ്ട് പിരിച്ചു വിട്ടാലോ ഈ ഇന്‍ഷുറന്‍സ് ലഭിക്കുകയില്ല. 

ഇന്ത്യയില്‍ 'ജോബ് ഇന്‍ഷുറന്‍സ്' തന്നെയായി എടുക്കാനും പറ്റില്ല. മറ്റുള്ള ഇന്‍ഷുറന്‍സുകളുടെ കൂടെ ചേര്‍ത്ത് മാത്രമേ ഇതില്‍  ചേരാനും പ്രീമിയം അടക്കാനും ഇപ്പോള്‍ സൗകര്യമുള്ളൂ. ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിന്റെ കൂടെയോ, അല്ലെങ്കില്‍ 'ഹോം ലോണ്‍ പ്രൊട്ടക്ഷന്‍' പ്ലാനിന്റെ കൂടെയോ മാത്രമേ ഇപ്പോള്‍ 'ജോബ് ഇന്‍ഷുറന്‍സ്' ഇന്ത്യയില്‍ കമ്പനികള്‍ നല്‍കുന്നുള്ളൂ. 

ഇന്ത്യയില്‍ പ്രധാനമായും ഐ ടി മേഖലയിലെ ജോലിക്കാര്‍ക്ക് ആയിരിക്കും ഈ ഇന്‍ഷുറന്‍സ് ഏറ്റവും അനുയോജ്യമാകുക. കാരണം ഐ ടി കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് പിരിച്ചു വിടലുകളോ, ശമ്പളം വെട്ടികുറക്കുകയോ ചെയ്താല്‍ ഭരിച്ച വായ്പ തിരിച്ചടവ് ഉള്‍പ്പടെയുള്ളതിനാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. ജോലി നഷ്ടപ്പെട്ടാല്‍ അത് ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചാല്‍ അവര്‍ ജോലി പോകാനിടയായ സാഹചര്യത്തെക്കുറിച്ചു അന്വേഷിച്ച് സാമ്പത്തിക സഹായം നല്‍കും. 

മാസ ശമ്പളമുള്ള വ്യക്തികള്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് നല്‍കുക. ഇന്‍ഷുറന്‍സ് എടുക്കുന്ന വ്യക്തി ജോലി ചെയ്യുന്ന കമ്പനി റജിസ്റ്റര്‍ ചെയ്ത് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന  കമ്പനി ആയിരിക്കണം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ ഇന്‍ഷുറന്‍സ് ലഭ്യമല്ല. അതുപോലെ പ്രൊബേഷന്‍ കാലയളവില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഈ ഇന്‍ഷുറന്‍സ് ലഭിക്കുകയില്ല. നേരത്തെ വിരമിക്കുകയോ, സ്വമേധയാ രാജി വെക്കുകയോ ചെയ്താല്‍ 'ജോബ് ഇന്‍ഷുറന്‍സ്'  ലഭിക്കില്ല. നിലവിലുള്ള അസുഖം മൂലം ജോലി നഷ്ടപ്പെട്ടാലും ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുകയില്ല. സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍, മോശം പ്രകടനമോ, വഞ്ചനയോ നടത്തിയുണ്ടാകുന്ന ജോലി നഷ്ടത്തിനും 'ജോബ് ഇന്‍ഷുറന്‍സ്' ലഭിക്കില്ല. 

ജോബ് ഇന്‍ഷുറന്‍സ് നല്‍കുന്ന കമ്പനികള്‍ 

ഇന്ത്യയില്‍ തൊഴില്‍ ഇന്‍ഷുറന്‍സ് എന്ന സങ്കല്‍പം വ്യാപകമായി പ്രചാരത്തിലില്ല. അതിനാല്‍ വളരെ കുറച്ചു കമ്പനികള്‍ മാത്രമേ ഇത് നല്‍കുന്നുള്ളൂ. അതും മറ്റ് ഇന്‍ഷുറന്‍സുകളുടെ കൂടെയാണ് നല്‍കുന്നത്. എച്ച്  ഡി എഫ് സി എര്‍ഗോയുടെ ഹോം സുരക്ഷ പ്ലാന്‍ 
റോയല്‍ സുന്ദരം സേഫ് ലോണ്‍ ഷീല്‍ഡ് 
ഐ സി ഐ സി ഐ ലൊംബാര്‍ഡ് സെക്യൂര്‍ മൈന്‍ഡ്

എന്നീ പദ്ധതികളുടെ കൂടെ 'ജോബ് ഇന്‍ഷുറന്‍സ്' ഇന്ത്യയില്‍ ലഭ്യമാണ്. ഇന്ത്യയിലെ 'തൊഴില്‍ ഇന്‍ഷുറന്‍സ്' പരിമിതമായ പരിരക്ഷയാണുള്ളതെങ്കിലും, നിലവിലുള്ള  ശമ്പളത്തിന്റെ 50  ശതമാനം വരെ ഇതില്‍നിന്നു ലഭിക്കും. തൊഴില്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍, വായ്പകളും, തിരിച്ചടവുകളും മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാനാകും. ഇന്‍ഷുറന്‍സ് മൂന്ന് മാസ കാലയളവിലാണ് ലഭിക്കുന്നതെങ്കില്‍ ഈ സമയത്തിനുള്ളില്‍ വേറൊരു ജോലി കണ്ടുപിടിക്കണം .അതിനാല്‍ ഈ ഇന്‍ഷുറന്‍സ് എടുക്കുന്നതിനു മുന്‍പ് എത്ര കാലാവധിക്ക് ഇത് ലഭ്യമാകുമെന്ന വിവരങ്ങളും പരിശോധിച്ചു ഉറപ്പിക്കുക. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.