Sections

പ്രതീക്ഷകളോടെ ആരംഭിച്ച ആകാസയുടെ ഭാവി ഇനി എന്താകും?

Sunday, Aug 21, 2022
Reported By admin

ജീവനക്കാരെ നിലനിര്‍ത്താനും ആകര്‍ഷിക്കാനും സ്റ്റോക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ ആകാസ പദ്ധതിയിടുന്നുണ്ട്


ഈയടുത്ത് അന്തരിച്ച ബിസിന്‌സ മാഗനറ്റായ രാകേഷ് ജുന്‍ജുന്‍വാലയുടെ ബ്രെയിന്‍ ചൈല്‍ഡായിരുന്നു ആകാസ എയര്‍ലൈന്‍. ആ അതികായന്റെ പെട്ടെന്നുള്ള വിയോഗം ആകാസ എയറിന്റെ ഭാവിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാജ്യം. ആകാസ എയറിന്റെ ഭാവിയും പ്രവര്‍ത്തനങ്ങളും സുരക്ഷിതമാണെന്ന് സിഇഒ വിനയ് ദുബെ ഊന്നിപ്പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആകാസ എയറിന് മികച്ച മൂലധനം ലഭിച്ചുവെന്ന് അടുത്തിടെ വിനയ് ദുബെ പറഞ്ഞിരുന്നു.

എന്നാല്‍ ജുന്‍ജുന്‍വാലയുടെ വിയോഗം താത്കാലികമായെങ്കിലും എയര്‍ലൈനിന്റെ വളര്‍ച്ചാ പാതയെ ബാധിക്കുമെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു. കമ്പനിയിലെ ഒരു നിക്ഷേപകന്‍ മാത്രമല്ല, ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വിദേശ നിക്ഷേപകരില്‍ നിന്നും ധനസഹായം ക്രമീകരിക്കാന്‍ കഴിയുന്ന ഒരാളായതിനാലാണ് ജുന്‍ജുന്‍വാലയുടെ സാന്നിധ്യം ആകാസയുടെ വളര്‍ച്ചയില്‍ നിര്‍ണായത്. ജുന്‍ജുന്‍വാലയുടെ ചിറകുകള്‍ക്ക് കീഴില്‍ വളരാനും മികവ് പുലര്‍ത്താനും പ്രതീക്ഷിച്ചിരുന്ന ആകാസ എയറിന് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം ഞെട്ടലായത് അതിനാലാണ്.

46 ശതമാനം ഓഹരികള്‍ക്കായിരുന്നു എയര്‍ലൈനിലെ ജുന്‍ജുന്‍വാലയുടെ നിക്ഷേപം. ജുന്‍ജുന്‍വാല കുടുംബത്തിനുളള ഭൂരിഭാഗം ഓഹരികളും അദ്ദേഹത്തിന്റെ മക്കളുടെ പേരിലുള്ള മൂന്ന് ട്രസ്റ്റുകളിലൂടെയാണ്. വിപുലമായ നിക്ഷേപത്തിനുപുറമെ, ജുന്‍ജുന്‍വാല ആകാശയ്ക്കായി ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ പ്ലാന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ കമ്പനിക്ക് വലിയ ആത്മവിശ്വാസവും അജയ്യമായ പിന്തുണയുമായിരുന്നു.

സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഡിജിസിഎയുടെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമായിരിക്കുന്ന സമയത്താണ് ആകാസഎയറിന്റെ ആഭ്യന്തര വ്യോമയാന മേഖലയിലേക്കുള്ള രംഗ പ്രവേശനം. വ്യോമയാന വ്യവസായത്തിലെ യുദ്ധത്തെ അതിജീവിക്കുന്നതിനായി, ജീവനക്കാരെ നിലനിര്‍ത്താനും ആകര്‍ഷിക്കാനും സ്റ്റോക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ ആകാസ പദ്ധതിയിടുന്നുണ്ട്. 

ബുദ്ധികൂര്‍മതയിലും ബിസിനസ്സ് മിടുക്കിനും പേരുകേട്ട ജുന്‍ജുന്‍വാല ആകാസയ്ക്ക് ധാരാളം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോര്‍പ്പറേറ്റ് സംവിധാനങ്ങളില്‍ ഒരു വ്യക്തി പ്രസക്തമല്ലെങ്കിലും വെല്ലുവിളി നിറഞ്ഞ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വെല്ലുവിളി കണക്കാക്കുമ്പോള്‍, രാകേഷ് ജുന്‍ജുന്‍വാലയുടെ അസാന്നിധ്യം ആകാസയുടെ മാനേജ്മെന്റ് തലത്തില്‍ നികത്താനാവാത്ത നഷ്ടമായിരിക്കും.

അതേസമയം കോ-പ്രൊമോട്ടറും സിഇഒയുമായ വിനയ് ദുബെ, ഇന്‍ഡിഗോയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ആദിത്യ ഘോഷ് എന്നിവരടങ്ങുന്ന ശക്തമായ ടീമാണ് നിലവില്‍ ആകാസയെ നയിക്കുന്നത്. വിമാനക്കമ്പനിയില്‍ 31 ശതമാനം ഓഹരിയാണ് വിനയ് ദുബെയ്ക്കുളളത്. ആദിത്യ ഘോഷിന് 10 ശതമാനം ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.