Sections

നിലവാരമില്ലാത്ത ഉല്‍പന്നം വിറ്റു: ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ടിന് പിഴ

Thursday, Aug 18, 2022
Reported By admin
fine for Flipkart

ഉത്തരവിലെ നടപടികള്‍ സ്വീകരിച്ച് 45 ദിവസത്തിനുള്ളില്‍ വിവരം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്


നിലവാരമില്ലാത്ത ഉല്‍പന്നം വിറ്റതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിന് പിഴ. നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റതിനാണ് ഇന്ത്യയിലെ പ്രധാന ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ലിപ് കാര്‍ട്ടിന് പിഴ ചുമത്തിയത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് (സിസിപിഎ) നടപടി. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. 

ഒരു ലക്ഷം രൂപയാണ് ഫ്‌ലിപ് കാര്‍ട്ട് പിഴയായി അടയ്‌ക്കേണ്ടത്. ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ വിറ്റ 598 കുക്കറുകള്‍ തിരിച്ചെടുത്ത് പണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിലെ നടപടികള്‍ സ്വീകരിച്ച് 45 ദിവസത്തിനുള്ളില്‍ വിവരം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

598 കുക്കറുകള്‍ വിറ്റതുവഴി 1.84 ലക്ഷം രൂപയാണ് കമ്മിഷനായി ഫ്‌ലിപ്കാര്‍ട്ടിനു ലഭിച്ചത്. കമ്മിഷന്‍ ലഭിക്കുന്നതിനാല്‍ ഫ്‌ലിപ്കാര്‍ട്ടിനു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു. ഉല്‍പന്നത്തിന്റെ ഇന്‍വോയ്‌സില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ ഉത്പന്നങ്ങളെ വേര്‍തിരിക്കണമെന്നും സിസിപിഎ നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പ്രഷര്‍ കുക്കര്‍ സംബന്ധിച്ച ഉത്തരവ് പ്രകാരം, എല്ലാ ഗാര്‍ഹിക പ്രഷര്‍ കുക്കറുകള്‍ക്കും IS 2347:2017 മാര്‍ക്ക് ഉണ്ടായിരിക്കണം. പ്രഷര്‍ കുക്കറുകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ വില്‍പനയ്ക്ക് വെയ്ക്കുന്നതിനു മുന്‍പ് സൂക്ഷ്മപരിശോധന ആവശ്യമാണ്. ഈ മാസം ആദ്യം ആമസോണിനും ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിറ്റ 2,265 കുക്കറുകള്‍ തിരിച്ചെടുത്ത് പണം തിരികെ നല്‍കാനായിരുന്നു നിര്‍ദേശം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.