Sections

ടൂറിസം പങ്കാളികൾ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാർ

Saturday, Jun 06, 2026
Reported By Admin
Tourism Stakeholders Must Embrace Sustainable and Responsible Tourism Model: GTM 2026 Seminar

തിരുവനന്തപുരം: ടൂറിസം പങ്കാളികൾ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ഗ്ലോബൽ ട്രാവൽ മാർക്കറ്റ് (ജിടിഎം-2026) സെമിനാർ. സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ മാതൃകയിലൂടെ ടൂറിസം വ്യവസായവും പ്രവർത്തനങ്ങളും നടപ്പാക്കാൻ പങ്കാളികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. ജിടിഎമ്മിൻറെ സമാപന ദിവസം 'സമൂഹ ക്ഷേമത്തിനും സമഗ്ര വളർച്ചയ്ക്കും വേണ്ടി ഉത്തരവാദിത്ത ടൂറിസം' എന്ന വിഷയത്തിൽ അമരവിള ഗോൾഡൻ പാലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടന്ന സെമിനാറിലാണ് ഈ അഭിപ്രായമുയർന്നത്.

പരിസ്ഥിതിയെ പരിഗണിക്കുന്നതും സുസ്ഥിരവും ശുചിത്വമുള്ളതുമായ ടൂറിസം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമാണ് കേരളം പ്രാധാന്യം നൽകുന്നതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു. പ്രകൃതിയെ പരിപാലിക്കുകയും വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് സുസ്ഥിര വികസനത്തിൻറെ കാതൽ. പരിസ്ഥിതിയെ ബാധിക്കുന്ന മാതൃകകൾ ഒഴിവാക്കി ആവാസവ്യവസ്ഥ, ജലാശയങ്ങൾ, ഭൂപ്രകൃതി എന്നിവ ഭാവി തലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇനി ടൂറിസം മേഖല മുൻഗണന നൽകേണ്ടത്.

പ്രാദേശിക സമൂഹങ്ങൾ ടൂറിസത്തിൻറെ സജീവ പങ്കാളികളും അംബാസഡർമാരുമായി മാറണം. പ്രാദേശിക ഉൽപാദകരെ ശാക്തീകരിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, ടൂറിസം പ്രവർത്തനങ്ങളിൽ നിന്ന് സമൂഹങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഇതിൻറെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവാദിത്ത, അനുഭവവേദ്യ ടൂറിസത്തിൽ സംസ്ഥാനത്തിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഉൽപന്നങ്ങളും പദ്ധതികളും നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം ഡയറക്ടർ അഞ്ജന എം പറഞ്ഞു. പരിസ്ഥിതി സൗഹൃദ പദ്ധതികളിലൂടെ കേരളത്തിൻറെ പച്ചപ്പും നിലനിർത്തുന്നതിലും ശുചിത്വമുള്ള ചുറ്റുപാട് വിനോദസഞ്ചാരികൾക്ക് നൽകാനും ടൂറിസം പങ്കാളികൾ ഊന്നൽ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ഉത്തരവാദിത്ത ടൂറിസം എന്നത് ടൂറിസം ഉൽപന്നം മാത്രമല്ല, ഒരു സംസ്കാരം കൂടിയാണെന്ന് വിഷയാവതരണം നടത്തി സംസാരിച്ച കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാർ പറഞ്ഞു. ടൂറിസം മേഖലയിലെ ബദൽ മാതൃക എന്ന നിലയിൽ കാണാവുന്ന ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതൽ തലങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമുള്ള വലിയ വളർച്ചാ സാധ്യതയാണുള്ളത്. പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ അത്ഭുതകരമായ മാറ്റം കൊണ്ടുവരാനും ടൂറിസത്തിൻറെ വളർച്ചയ്ക്കും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർടി മിഷൻ ജെൻഡർ ഓഡിറ്റ് ആൻഡ് സേഫ്റ്റി ഓഡിറ്റ് ടീം അംഗവും എസ്കേപ്പ് നൗ സ്ഥാപകയുമായ ഇന്ദു കൃഷ്ണ, ആർടി ക്ലബ് ലീഡർ ഇന്ദിര എന്നിവരും സംസാരിച്ചു. ജിടിഎം സിഇഒ സിജി നായർ സ്വാഗതവും എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി നന്ദിയും പറഞ്ഞു.

'സുസ്ഥിര മാതൃകയിലുള്ള കേരളത്തിൻറെ വികസനം' എന്ന വിഷയത്തിൽ കേരള ഡെവലപ്മെൻറ് മീഡിയ ചെയർമാൻ നസീർ സലാം സംസാരിച്ചു.

ഹോസ്പിറ്റാലിറ്റി എജ്യുക്കേഷൻ, മെഡിക്കൽ ടൂറിസം, ആയുർവേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളിൽ വ്യാഴാഴ്ച സെമിനാർ നടന്നു.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിച്ചത്.

1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും ജിടിഎമ്മിൽ പങ്കെടുത്തു. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ 200 ലധികം സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിൽ ഉണ്ടായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.