- Trending Now:
തിരുവനന്തപുരം: ആഗോള തലത്തിൽ പ്രശംസ നേടിയ കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം മാതൃക അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ-ട്രേഡ് എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം ഏറെയാണെന്നും ഇത് ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര, ഉത്തരവാദിത്ത മാതൃകയിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ഉദ്ദേശിക്കുന്നു. ടൂറിസത്തെ വ്യവസായമായി ഉയർത്തുന്നത് പരിഗണനയിലുണ്ട്. വരുന്ന ബജറ്റിൽ ടൂറിസം മേഖലയ്ക്ക് മികച്ച പരിഗണനയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്. 1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും ജിടിഎം-2026 ൽ പങ്കെടുക്കുന്നുണ്ട്.
ജിടിഎം മെട്രോ എക്സെഡിഷൻ അവാർഡുകളുടെ വിതരണവും മന്ത്രി നിർവ്വഹിച്ചു. മികച്ച ടൂറിസം പ്രൊമോഷൻ സംസ്ഥാനത്തിനുള്ള അവാർഡ് ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ് ഏറ്റുവാങ്ങി.
ചടങ്ങിൽ മേയർ വി.വി രാജേഷ് അധ്യക്ഷത വഹിച്ചു. ജിടിഎം ഡയറക്ടറിയുടെ പ്രകാശനം വി.മുരളീധരൻ എംഎൽഎ ആന്ധ്രാപ്രദേശ് സ്പെഷ്യൽ ചീഫ് സെക്രട്ടറി അജയ് ജെയിനിന് നൽകി നിർവ്വഹിച്ചു. മെട്രോ എക്സ്പെഡിഷൻറെ പുതിയ പതിപ്പിൻറെ പ്രകാശനം ടൂറിസം മന്ത്രി ആന്ധ്രാ ടൂറിസം മന്ത്രിക്ക് നൽകി നിർവ്വഹിച്ചു.
ടിസിസിഐ പ്രസിഡൻറ് എസ്എൻ രഘുചന്ദ്രൻ നായർ, എസ്കെഎച്ച്എഫ് പ്രസിഡൻറ് എംആർ നാരായണൻ, സികെടിഐ പ്രസിഡൻറ് ഇഎം നജീബ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡൻറ് ശിശുപാലൻ, ബേബി മാത്യു എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ജിടിഎം സിഇഒ സിജി നായർ സ്വാഗതവും എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി നന്ദിയും പറഞ്ഞു.
ടൂറിസം പ്രൊമോഷൻ, ഡെസ്റ്റിനേഷൻ ബ്രാൻഡിംഗ്, സാംസ്കാരിക പൈതൃക സംരക്ഷണം, ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിലെ മികവ് എന്നിവയിലെ മികച്ച നേട്ടങ്ങൾ പരിഗണിച്ചാണ് ആന്ധ്രയ്ക്ക് ബഹുമതി.
ലക്ഷ്വറി ഹോസ്പിറ്റാലിറ്റി മികവിനുള്ള അംഗീകാരം കോവളം ലീല റാവിസിന് ലഭിച്ചു. കേരളത്തിൻറെ ടൂറിസം വ്യവസായത്തിന് മികച്ച സംഭാവനകൾ, ലോകോത്തര ആതിഥ്യമര്യാദ എന്നിവ പരിഗണിച്ചാണ് അവാർഡ്.
യുഡിഎസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജശേഖരൻ നായർക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സമ്മാനിച്ചു. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായത്തിനായുള്ള സംഭാവനകൾക്കും ദീർഘവീക്ഷണമുള്ള നേതൃത്വത്തിനുമുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം.
ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വികസനത്തിനായുള്ള സാമ്പത്തിക സേവനങ്ങളിലെ മികവ് പരിഗണിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് (കെഎഫ്സി) അവാർഡ് സമ്മാനിച്ചു. സാമ്പത്തിക സഹായത്തിലൂടെയും വികസന സംരംഭങ്ങളിലൂടെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, എംഎസ്എംഇകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയതിനാണ് ബഹുമതി.
സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.
ജിടിഎം-2026 ൻറെ ഭാഗമായുള്ള ബിടുബി മീറ്റ് ബുധനാഴ്ച ഗതാഗത മന്ത്രി സിപി ജോണും എക്സ്പോ ഇന്നലെ (ജൂൺ 4) ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷും ഉദ്ഘാടനം ചെയ്തു. 200-ലധികം സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിൽ ഉണ്ടായിരിക്കും.
എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവൽ-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കുന്ന ജിടിഎം ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകൾ അവതരിപ്പിക്കും. ആയുർവേദത്തെ ആഗോള ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്പോയിലേക്ക് ഇന്ന് (ജൂൺ 5) പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇന്ന് (ജൂൺ 5) വൈകുന്നേരം 6 ന് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ജിടിഎം 2026 ൻറെ സമാപന സമ്മേളനം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.