Sections

ഗ്ലോബൽ ട്രാവൽ മാർട്ട് എക്‌സ്‌പോ-2026 ആന്ധ്രാ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

Friday, Jun 05, 2026
Reported By Admin
GTM 2026 Travel Expo Opens in Kerala

ആയിരത്തിലധികം അഭ്യന്തര-വിദേശ ടൂറിസം പങ്കാളികൾ പങ്കെടുക്കുന്നു


തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ-ട്രേഡ് എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് (ജിടിഎം) രണ്ടാം പതിപ്പിൻറെ ഭാഗമായുള്ള ഗ്ലോബൽ ട്രാവൽ മാർട്ട് എക്സ്പോ-2026 ന് തുടക്കമായി. ആയിരത്തിലധികം ടൂർ ഓപ്പറേറ്റർമാർ അതുല്യമായ ടൂറിസം ഉൽപന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു.

അമരവിള ഗോൾഡൻ പാലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന എക്സ്പോ ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ് ഉദ്ഘാടനം ചെയ്തു.

കേരള ടൂറിസം മേഖലയിലെ മികച്ച മാതൃകകൾ പകർത്താൻ ആന്ധ്രാപ്രദേശ് താത്പര്യപ്പെടുന്നതായി കന്ദുല ദുർഗേഷ് പറഞ്ഞു. കേരളത്തിലെ വെൽനസ് സെൻററുകൾ, തീരദേശ ടൂറിസം പ്രവർത്തനങ്ങൾ, ക്രൂയിസ് ടൂറിസം എന്നിവ മികച്ചതാണ്. വ്യത്യസ്ത ടൂറിസം പ്രവർത്തനങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒത്തുചേരാനാകും. ഇത് വിനോദസഞ്ചാരികൾക്ക് സവിശേഷമായ അനുഭവം നൽകും. ഇന്ത്യ ലോകത്തിനായി കരുതിവച്ചിരിക്കുന്ന വ്യത്യസ്തമായ ടൂറിസം അനുഭവം പ്രദർശിപ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം പ്രവർത്തനങ്ങൾക്കായി ഒരു പൊതുവേദി സൃഷ്ടിക്കാനും അദ്ദേഹം നിർദേശിച്ചു. ജിടിഎമ്മിൻറെ അടുത്ത പതിപ്പ് ആന്ധ്രാപ്രദേശിൽ നടക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ചടങ്ങിൽ ആന്ധ്രാപ്രദേശ് സ്പെഷ്യൽ ചീഫ് സെക്രട്ടറി അജയ് ജെയിൻ 'സ്വർണ ആന്ധ്ര വിഷൻ 2047' എന്ന വിഷയത്തിൽ അവതരണം നടത്തി.

ആന്ധ്രാപ്രദേശ് ടൂറിസം ചീഫ് മാർക്കറ്റിംഗ് ഓഫീസർ പത്മറാണി, ടിസിസിഐ പ്രസിഡൻറ് എസ്എൻ രഘുചന്ദ്രൻ നായർ, സികെടിഐ പ്രസിഡൻറ് ഇഎം നജീബ്, ജിടിഎം സിഇഒ സിജി നായർ, എസ്കെഎച്ച്എഫ് സെക്രട്ടറി ജനറൽ പ്രസാദ് മഞ്ഞളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനും വിപണി സാധ്യതകൾ തേടുന്നതിനും ബിസിനസ് പങ്കാളിത്തത്തിനും നെറ്റ്വർക്കിംഗിനുമായി 1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ 200 ലധികം സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിലുണ്ട്.

എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവൽ-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ജിടിഎം അവസരമൊരുക്കും. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകൾ ജിടിഎമ്മിൽ അവതരിപ്പിക്കും. ആയുർവേദത്തെ ആഗോള ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി എജ്യുക്കേഷൻ, മെഡിക്കൽ ടൂറിസം, ആയുർവേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. ഇന്ന് (ജൂൺ 5) 'ഫാം ടൂറിസം: കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിര വളർച്ച' എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.

ട്രാവൻകൂർ എക്സ്പീരിയൻസ് സോൺ ജിടിഎം-2026 ലെ പ്രധാന ആകർഷണമാണ്. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉൽപ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനായി ജിടിഎമ്മിൽ ഹൊറെക പവലിയൻ ഒരുക്കും. ബിസിനസ് നെറ്റ്വർക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയൻ പ്രവർത്തിക്കും.

എക്സ്പോയിലേക്ക് ഇന്ന് (ജൂൺ 5) പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.