Sections

എംഎസ്എംഇകൾക്ക് വസ്തു ഈടിന്മേലുള്ള  വായ്പ വർദ്ധിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിൻകോർപ്പ് -  ഗോദ്‌റെജ് ഫിനാൻസ് സഹകരണം

Friday, Sep 19, 2025
Reported By Admin
Godrej Finance, Muthoot Fincorp Partner for MSME Loans

കൊച്ചി: ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ ഫിനാൻഷ്യൽ സർവീസസ് വിഭാഗമായ ഗോദ്റെജ് ക്യാപിറ്റലിൻറെ അനുബന്ധസ്ഥാപനമായ ഗോദ്റെജ് ഫിനാൻസ് രണ്ട്, മൂന്ന് നിര നഗരങ്ങളിലെ എംഎസ്എംഇകൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിൻകോർപ്പുമായി സഹകരിക്കുന്നു. ഈ മേഖലകളിലെ മുത്തൂറ്റ് ഫിൻകോർപ്പിൻറെ ശക്തമായ സാന്നിധ്യവും വിപണിയിലെ സ്വാധീനവും ഈ പങ്കാളിത്തത്തിന് കരുത്തേകും.

ഈ വായ്പാ പങ്കാളിത്തത്തിൻറെ ഭാഗമായി 10 മുതൽ 75 ലക്ഷം രൂപ വരെയുള്ള വസ്തു ഈടിന്മേൽ പണം വായ്പയായി ലഭിക്കും. ശരാശരി 15 ലക്ഷം രൂപയുടെ വായ്പകളാണ് ഇതിലൂടെ നൽകുന്നത്. രാജ്യത്തുടനീളം ഈ സേവനം ലഭ്യമാകുന്നതിനാൽ സമയബന്ധിതമായി വായ്പ ആവശ്യമുള്ള മേഖലകളിൽ വായ്പ ലഭ്യമാക്കാൻ കഴിയും. ഉടൻ തന്നെ ഈ പങ്കാളിത്തം സ്വർണ്ണവായ്പ, ഭവനവായ്പ പോലുള്ള മറ്റ് പദ്ധതികളിലേക്കും വിപുലീകരിക്കും.

ഈ സഹകരണം ഡിജിറ്റൽ ഏകീകരണത്തിലൂടെ വേഗത്തിലുള്ള അനുമതികൾ, കൂടുതൽ സുതാര്യത എന്നിവയക്ക് പുറമെ ആർബിഐയുടെ കൂട്ടായ വായ്പ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ഈ കരാർ പ്രകാരം വായ്പ അപകടസാധ്യതയുടെ 80 ശതമാനം ഗോദ്റെജ് ഫിനാൻസും ബാക്കിയുള്ള 20 ശതമാനം മുത്തൂറ്റ് ഫിൻകോർപ്പും വഹിക്കും. അണ്ടർറൈറ്റിംഗ്, കളക്ഷൻ, കസ്റ്റമർ ജേർണി എന്നിവ മുത്തൂറ്റ് ഫിൻകോർപ്പ് മേൽനോട്ടം വഹിക്കും. അതേസമയം ഇരു കൂട്ടരും ചേർന്ന് രൂപീകരിച്ച നയങ്ങളുടെ അടിസ്ഥാനത്തിൽ റെഗുലേറ്ററി ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഗോദ്റെജ് ഫിനാൻസ് ഉറപ്പാക്കും.

സമയബന്ധിതമായ വായ്പ ലഭ്യമാകുന്നത്, പ്രത്യേകിച്ച് ഏറ്റവും ആവശ്യമുള്ള രണ്ടും മൂന്നും നിര നഗരങ്ങളിൽ വളർന്നുവരുന്ന ബിസിനസ്സിന് വലിയ മാറ്റമുണ്ടാക്കും. മുത്തൂറ്റ് ഫിൻകോർപ്പുമായിട്ടുള്ള പങ്കാളിത്തത്തിലൂടെ ലളിതവും സുതാര്യവും വേഗത്തിലുള്ള വായ്പ സേവനങ്ങൾ നൽകിക്കൊണ്ട് ഈ വിടവ് നികത്താനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക വ്യവസ്ഥിതിക്കായി നിലകൊണ്ട് ബിസിനസ്സുകളെ ആത്മവിശ്വാസത്തോടെ വളരാൻ സഹായിക്കുക എന്നതാണ് തങ്ങളുടെ ശ്രമമെന്ന് ഗോദ്റെജ് ക്യാപിറ്റലിൻറെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മനീഷ് ഷാ പറഞ്ഞു.

കാർഷിക മേഖല കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നത് എംഎസ്എംഇ മേഖലയാണ്. എന്നാൽ വായ്പ ലഭ്യതയാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. തങ്ങളുടെ 3700-ൽ അധികം ശാഖകളിലൂടെയും മുത്തൂറ്റ് ഫിൻകോർപ്പ് വൺ ആപ്പിലൂടെയും എല്ലാ പ്രദേശങ്ങളിലേക്കും എംഎസ്എംഇകൾക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്. എംഎസ്എംഇകൾക്ക് വേണ്ടിയുള്ള വസ്തു ഈടിന്മേലുള്ള വായ്പ സേവനത്തിനായി ഗോദ്റെജ് ക്യാപിറ്റലുമായുള്ള ഈ സഹകരണത്തിലൂടെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റി എംഎസ്എംഇകളുടെ വളർച്ചയ്ക്ക് കൂടുതൽ സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.

ഗോദ്റെജ് ഫിനാൻസ് മുഖേന എംഎസ്എംഇകളുടെയും വ്യക്തിഗത വായ്പക്കാരുടെയും വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന വായ്പ സേവനങ്ങൾ ലഭ്യമാക്കുന്നു. വസ്തു ഈടിന്മേലുള്ള വായ്പ, കുറഞ്ഞ തുക ആവശ്യമുള്ളവർക്കായുള്ള വസ്തു ഈടിന്മേലുള്ള ഉദ്യോഗ് വായ്പ, സുരക്ഷിതമല്ലാത്ത ബിസിനസ്സ് ലോണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ സാമ്പത്തിക വർഷം 250 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വടക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലയിലെ സാധ്യതകളുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകും. എൻബിഎഫ്സികൾ തമ്മിലുള്ള ഈ കൂട്ടായ വായ്പ സഹകരണം ഡിജിറ്റൽ-ഫസ്റ്റ് രീതിയെയാണ് കാണിക്കുന്നത്. കൂടാതെ അതിവേഗം വളരുന്ന എംഎസ്എംഇ വായ്പ മേഖലയിൽ കൂടുതൽ പങ്കാളിത്തത്തിന് ഇത് വഴിയൊരുക്കുകയും ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.