Sections

സംരംഭക വർഷം 2.0; ആലപ്പുഴ ജില്ലയിൽ 7252 പുതിയ സംരംഭങ്ങൾ

Saturday, Mar 16, 2024
Reported By Admin
One Year One Lakh enterprises

411.8 കോടിയുടെ നിക്ഷേപവും 13,721 പേർക്ക് തൊഴിലവസരവും


ആലപ്പുഴ: വ്യവസായ വകുപ്പിന്റെ കീഴിൽ നടപ്പാക്കിവരുന്ന സംരംഭക വർഷം; ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതി തുടർച്ചയായ രണ്ടാം വർഷവും ജില്ലയിൽ വിജയകരമായി മുന്നോട്ട്. സംരംഭക വർഷം 2.0 യുടെ ഭാഗമായി 2022-23 വർഷത്തിൽ ജില്ല 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നു.

ജില്ല കളക്ടർ അധ്യക്ഷനായും ജനറൽ മാനേജർ ജില്ല വ്യവസായകേന്ദ്രം കൺവീനറുമായുള്ള ജില്ലാതല മോണിറ്ററിങ്ങ് കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. 7000 യൂണിറ്റ് എന്നതായിരുന്നു ജില്ലയുടെ ലക്ഷ്യം. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 15 ദിവസം മാത്രം ബാക്കിനിൽക്കെ 7,252 പുതിയ സംരംഭങ്ങളുമായാണ് ജില്ല മുന്നേറുന്നത്. പുതിയ സംരംഭങ്ങൾ വഴി 411.8 കോടി രൂപയുടെ നിക്ഷേപവും 13,721 പേർക്ക് തൊഴിലവസരവും നൽകി. ഉത്പാദന മേഖലയിൽ 1061 പുതിയ സംരംഭങ്ങളും സേവന മേഖലയിൽ 3058, വാണിജ്യ മേഖലയിൽ 3133 പുതിയ സംരംഭങ്ങളും പ്രവർത്തിക്കുന്നു. ഇതിൽ 43 ശതമാനം വനിത സംരംഭകരാണ്. അരൂർ പഞ്ചായത്തിലാണ് ഏറ്റവും അധികം യൂണിറ്റുകൾ ആരംഭിച്ചത് (113 യൂണിറ്റുകൾ). ഏറ്റവുമധികം യൂണിറ്റുകൾ ആരംഭിച്ച മുനിസിപ്പാലിറ്റി ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് (372 യൂണിറ്റ്).

72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി 86 എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവുമാർ പ്രവർത്തിക്കുന്നു. പ്രദേശത്തിന്റെ പ്രത്യേകതക്കനുസരിച്ച് പുതിയ സംരംഭങ്ങൾക്കുളള ആശയങ്ങൾ നൽകൽ, സംരംഭകത്വ ബോധവൽകരണം, ഹെൽപ്പ് ഡെസ്ക്, സംരംഭം തുടങ്ങാൻ പ്രാപ്തരാക്കൽ തുടങ്ങി എല്ലാ ഘട്ടത്തിലും ഇവരുടെ സഹായം ലഭ്യമാണ്. യുവജനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ, വനിതകൾ/വനിതാ ഗ്രൂപ്പുകൾ തുടങ്ങിയവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതു ബോധവത്കരണ പരിപാടികൾ, ലോൺ/ലൈസൻസ് മേളകൾ, തദ്ദേശിയ വിപണന മേളകൾ എന്നിവയും സംഘടിപ്പിച്ചു വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.