- Trending Now:
രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ അരങ്ങേറുന്ന മെഗാ എക്സിബിഷൻ വ്യവസായ സാധ്യതകൾക്കുള്ള വാതിലുകൾ തുറക്കാനൊരുങ്ങുകയാണ്. ഉദ്ഘാടന ദിനമായ മെയ് എട്ടിന് രാവിലെ 10 മണിക്ക് എന്റെ കേരളം: സ്റ്റാർട്ടപ്പുകളുടെ നാട്' എന്ന വിഷയത്തിൽ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ, പ്രതീക്ഷകളും സാധ്യതകളും നിറക്കുന്ന പ്രധാന ആകർഷണമായി മാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സെമിനാർ ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുള്ള സെമിനാർ മൂന്ന് സെഷനുകളിലായാണ് നടക്കുക. ആദ്യ സെഷനിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ജി. അരുൺ സെമിനാർ അവതരിപ്പിക്കും. വിജയകരമായി സംരംഭം നടത്തിയ സോഫ്റ്റ് ഫ്രൂട്ട് സ്റ്റാർട്ടപ്പ് സംരംഭകൻ അംജാദ് അലി തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കും. തളിപ്പറമ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം. സുനിൽ വ്യവസായ വകുപ്പിന്റെ പദ്ധതികളും വിവിധ സേവനങ്ങളും വിശദമാക്കും.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സംരംഭം ആരംഭിച്ചിട്ടുള്ളവർക്കും പുതിയ അവസരങ്ങളെയും സർക്കാർ സഹായങ്ങളെയും കുറിച്ച് സമഗ്രമായ ബോധവൽക്കരണം നൽകുക എന്നതാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം. ലൈസൻസ് ലഭ്യമാക്കൽ, പ്രോത്സാഹന പദ്ധതികൾ, സഹായങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി അവതരിപ്പിക്കപ്പെടും. വ്യവസായ ലോകത്തേക്ക് അതിജീവനശേഷിയോടെ കടന്നുവരാൻ ആഗ്രഹിക്കുന്ന ചെറുസംരംഭകർക്കും പുതിയ ചിന്തധാരകൾക്കും പുതിയ സംരംഭങ്ങളുടെ തുടക്കം കുറിക്കാനുള്ള മികച്ച മാർഗനിർദ്ദേശങ്ങൾക്കും സെമിനാർ ഉറച്ച പിന്തുണയായി മാറും. പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സി അജിമോൻ അധ്യക്ഷനാകും. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഇ ആർ നിധിൻ, ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ ശരത് ശശിധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. എം സുർജിത് എന്നിവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.