Sections

കിഡ്നി ട്യൂമർ ശസ്ത്രക്രിയയ്ക്ക് റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമി ഫലപ്രദമെന്ന് പഠനം

Sunday, May 26, 2024
Reported By Admin
Robotic Assisted Partial Nephrectomy

കൊച്ചി: വൃക്കകളിലുണ്ടാകുന്ന ട്യൂമറുകളുടെ സർജറിയെക്കുറിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊളാബറേറ്റീവ് പഠന റിപ്പോർട്ട് ഇൻറ്യൂറ്റീവ് ഇന്ത്യ പുറത്തു വിട്ടു. കിഡ്നി ട്യൂമർ സർജറിയിൽ കിഡ്നി പൂർണമായും നീക്കാതെ റോബോട്ടിക് സർജറിയിലൂടെ ട്യൂമർ ഉള്ള ഭാഗം മാത്രം നീക്കുന്ന റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമി ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പഠനം. ഇന്ത്യയിലെ വൃക്ക രോഗ ചികിത്സയിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കാം. മിനിമലി ഇൻവേസീവ് കെയറിലും റോബോട്ടിക് അസിസ്റ്റഡ് സർജറിയിലും മുൻനിരയിലുള്ള കമ്പനിയാണ് ഇൻറ്യൂറ്റീവ്.

ഇന്ത്യയിലുടനീളമുള്ള 14 സർക്കാർ-സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പഠനം നടത്തിയത്. കഴിഞ്ഞ 12 വർഷത്തിനിടെ 800 രോഗികളിൽ നിന്ന് ശേഖരിച്ച കണക്കുകളാണ് ഈ പഠനത്തിന് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. പഠനത്തിൽ ഉൾപ്പെടുത്തിയ 800 രോഗികളിൽ 130 രോഗികൾ അമൃത ആശുപത്രിയിൽ നിന്നും 120 രോഗികൾ ആസ്റ്റർ മെഡിസിറ്റിയിൽ നിന്നുമായിരുന്നു.

ഇന്ത്യയിൽ ഇത്തരത്തിൽ ആദ്യമായി നടത്തിയ ഈ പഠനത്തിൻറെ ഉദ്ദേശം, റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമിയിൽ ഡാവിഞ്ചി സർജിക്കൽ സംവിധാനം ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് വിലയിരുത്താനായിരുന്നു. ഇത്തരം സർജറികളുടെ ഫലപ്രാപ്തിയെക്കുറിച്ചും രോഗിയുടെ സുരക്ഷയെക്കുറിച്ചും പഠനം വ്യക്തമായ ഉൾക്കാഴ്ച നല്കുന്നുണ്ട്.

ഈ പഠനത്തിൻറെ ഫലപ്രാപ്തി ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഇൻറ്യൂറ്റീവ് ഇന്ത്യ മാർക്കറ്റിംഗ് ഡയറക്ടർ സ്വാതി ഗുപ്ത പറഞ്ഞു. ഇന്ത്യയിൽ റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമിക്ക് വിധേയരാകുന്ന രോഗികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഡാവിഞ്ചി സംവിധാനത്തിൻറെ പ്രാധാന്യം ഈ പഠനം വ്യക്തമാക്കുന്നു. മുൻനിരയിലുള്ള സ്ഥാപനങ്ങളുമായും സർജന്മാരുമായും സഹകരിച്ചു നടത്തിയ ഈ പഠനം ഇന്ത്യയിലെ രോഗികളുടെ ചികിത്സയിൽ വിലപ്പെട്ട ഉൾക്കാഴ്ച നല്കുന്നതാണ്. ഇത്തരമൊരു സുപ്രധാന ഗവേഷണത്തിന് സംഭാവന നല്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.

ആസ്റ്റർ മെഡിസിറ്റിയിലെ യൂറോളജി സീനിയർ കൺസൾട്ടൻറ് ഡോ. കിഷോർ ടി എ, അമൃത ഹോസ്പിറ്റൽ യൂറോ-ഓങ്കോളജി തലവനും പ്രഫസറുമായ ഡോ. ഗിനിൽ കുമാർ പി. എന്നിവരും ഈ പഠനത്തിന് നേതൃത്വം നൽകി.

Robotic-assisted Surgery

പഠനത്തെ അടിസ്ഥാനമായി ലഭിച്ച ഡേറ്റകൾ വിശകലനം ചെയ്യുമ്പോൾ വൃക്കയിലെ ട്യൂമറുകളുടെ ചികിത്സയിൽ റാഡിക്കൽ നെഫ്രക്ടമിയെക്കാൾ മികച്ച ഫലം തരുന്നത് റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമി തന്നെയാണെന്നാണ് വ്യക്തമാകുന്നതെന്ന് ആസ്റ്റർ മെഡിസിറ്റിയിലെ യൂറോളജി സീനിയർ കൺസൾട്ടൻറ് ഡോ. കിഷോർ പറഞ്ഞു. ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് നടത്തുന്ന ഈ സർജിക്കൽ ടെക്നിക്കിൽ വൃക്കയിലെ ട്യൂമർ ഉള്ള ഭാഗം മാത്രമായി നീക്കാൻ ഡോക്ടർമാർക്ക് സാധിക്കും. ട്യൂമറിനു ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും വൃക്കയുടെ പ്രവർത്തനം അതേപടി നിലനിർത്താനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലൊരു സുപ്രധാന പഠനത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇന്ത്യയിലെ യൂറോളജി സർജന്മാർക്കെല്ലാം പ്രയോജനപ്പെടുന്നതാണ് ഈ പഠനമെന്നും അമൃത ഹോസ്പിറ്റൽ പ്രഫസറും യൂറോ-ഓങ്കോളജി തലവനുമായ ഡോ.ഗിനിൽ കുമാർ പി പറഞ്ഞു.

വൃക്കകളിലുണ്ടാകുന്ന ട്യൂമറുകളുടെ ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും ഫലപ്രദമായ മാർഗം റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമിയാണെന്ന് പഠനം സ്ഥിരീകരിക്കുന്നു. കൂടാതെ വൃക്കകളുടെ പ്രവർത്തനം സംരക്ഷിക്കുന്നതിലുള്ള ഫലപ്രാപ്തിയും ഇത് ഉയർത്തിക്കാട്ടുന്നു. ഈ പഠനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഉൾക്കാഴ്ചകൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും ഉയർന്ന നിലവാരമുള്ള രോഗീപരിചരണം നല്കുന്നതിനും സർജന്മാർക്ക് ഒരു മാർഗരേഖ സമ്മാനിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.