Sections

കുട്ടിയുടെ വികൃതികൾ അതിരു കടക്കുന്നുണ്ടോ? എഡിഎച്ച്ഡി ആണോ എന്ന് നിർണയിക്കുക

Thursday, May 30, 2024
Reported By Soumya
Attention Deficit Hyperactivity Disorder

നിങ്ങളുടെ കുട്ടിയുടെ വികൃതികൾ അതിരു കടക്കുന്നുണ്ടോ? ശാസിച്ചിട്ടും ശിക്ഷിച്ചിട്ടും പ്രയോജനമില്ലേ? എ.ഡി.എച്ച്.ഡി. അഥവാ ഹൈപ്പർകൈനറ്റിക് തകരാറാകാം വില്ലൻ. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന അവസ്ഥയാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ജനിതകപരമായും പാരിസ്ഥിതികപരമായും ഒന്നിലധികം കാരണങ്ങൾക്കൊണ്ട് എഡിഎച്ച്ഡി ഉണ്ടാകാം. എങ്കിലും എഡിഎച്ച്ഡിക്കുള്ള യഥാർഥ കാരണം ഇപ്പോഴും അവ്യക്തമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ജനിതകപരമായി മാതാപിതാക്കളിൽ ആർക്കെങ്കിലും എഡിഎച്ച്ഡി ഉണ്ടെങ്കിൽ കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതോടൊപ്പം ഗർഭാവസ്ഥയിൽ അമ്മയുടെ തെറ്റായ ഭക്ഷണശീലവും എഡിഎച്ച്ഡിക്ക് കാരണമാകാം. കുട്ടികളിലെ എഡിഎച്ച്ഡി പഠനവൈകല്യങ്ങളെ ബാധിക്കുമ്പോൾ മുതിർന്നവരിൽ എഡിഎച്ച്ഡി ദൈനംദിന ജീവിതത്തെയാണ് ബാധിക്കുക. എഡിഎച്ച്ഡി ഉള്ളവരിൽ ശ്രദ്ധ കുറവായതിനാൽ ജോലിയിൽ കൂടുതൽ സമയം ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരും. ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാൻ ഇവർക്ക് സാധിക്കില്ല.വളരെ സങ്കീർണമായ ജോലികൾ പിന്തുടരാൻ കഴിയാതെ വരും. ചെയ്യുന്ന ജോലി സമയ ക്ലിപ്തമായി ചെയ്തു തീർക്കാൻ സാധിക്കാതെ വരുമ്പോൾ പ്രവർത്തനമേഖലയെ ഇതു പ്രതികൂലമായി ബാധിക്കും. ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളിൽ ചിലതു മാത്രമേ എഡിഎച്ച്ഡി ഉള്ളവർക്ക് ചെയ്തു തീർക്കാൻ
സാധിക്കൂ.

രോഗനിർണയം

  • കുടുംബാംഗങ്ങളുമായുള്ള വിശദമായ ചർച്ചകളും കുട്ടിക്കു നടത്തുന്ന മാനസികവും ശാരീരികവുമായ പരിശോധനകളുമാണ് രോഗനിർണയത്തിനുള്ള പ്രധാന ഉപകരണങ്ങൾ.
  • കുട്ടി പ്രകടമാക്കുന്ന ലക്ഷണങ്ങൾ രോഗത്തിന്റെ പരിധിയിൽ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ചില ചോദ്യാവലികൾ സഹായകമാവാറുണ്ട്.
  • ചില കുട്ടികൾക്ക് ബുദ്ധിമാന്ദ്യമോ പഠനവൈകല്യങ്ങളോ തിരിച്ചറിയാനുള്ള സൈക്കോളജിക്കൽ ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.
  • കുട്ടിയുടെ ബുദ്ധിമുട്ടുകൾക്കു പിന്നിൽ അപസ്മാരം, കാഴ്ചയുടെയോ കേൾവിയുടെയോ പ്രശ്നങ്ങൾ, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ ശാരീരിക അസുഖങ്ങൾക്കു പങ്കുണ്ട് എന്നു സംശയം തോന്നിയാൽ ഡോക്ടർമാർ അനുയോജ്യമായ ടെസ്റ്റുകൾ നിർദ്ദേശിച്ചേക്കാം.
  • മുതിർന്നു കഴിഞ്ഞ് എ.ഡി.എച്ച്.ഡി. ബാധിതരിൽ എത്രത്തോളം പ്രശ്നങ്ങൾ അവശേഷിക്കുമെന്നു നിശ്ചയിക്കുന്ന പ്രധാനഘടകങ്ങൾ അവരുടെ പഠനനിലവാരം, സമപ്രായക്കാരുമായി ഇടപഴകാനുള്ള അവരുടെ മിടുക്ക്, അവരുടെ മാതാപിതാക്കൾ എ.ഡി.എച്ച്.ഡി. ലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നിവയാണ്.
  • ഈ മൂന്നു ഘടകങ്ങളിലും പോസിറ്റീവായ മാറ്റങ്ങൾ ലഭിക്കാൻ ബിഹേവിയർ തെറാപ്പി ഏറെ സഹായിക്കാറുണ്ട്. ഈ കുട്ടികളോട് എങ്ങിനെ ഇടപെടണമെന്ന പരിശീലനം മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും നൽകാനും, തങ്ങളുടെ ന്യൂനതകളെ ലഘൂകരിക്കുന്നതെങ്ങനെയെന്ന പരിശീലനം കുട്ടികൾക്ക് കൊടുക്കാനും ബിഹേവിയർ തെറാപ്പിക്ക് സാധിക്കാറുണ്ട്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.