Sections

പ്രമേഹം പഞ്ചസാരയുടെ മാത്രമല്ല; കോശങ്ങളുടെ ഊർജ്ജ ഉത്പാദനവുമായി ബന്ധപ്പെട്ടത്: ആഗോള പ്രമേഹ വിദഗ്ധൻ

Saturday, Jul 11, 2026
Reported By Admin
Diabetes Is More Than Blood Sugar, Says IDF Expert

  • ആഗോള ഡയബറ്റിസ് കൺവെൻഷന് കോവളത്ത് തുടക്കം

തിരുവനന്തപുരം: പ്രമേഹമെന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാത്രമല്ലെന്നും ശരീരത്തിലെ കോശങ്ങളുടെ ഊർജ്ജ ഉത്പാദന ശേഷിയുമായി ബന്ധപ്പെട്ട രോഗമാണെന്നും പ്രമേഹ ചികിത്സാ വിദഗ്ധൻ. കോവളത്ത് നടക്കുന്ന പതിനാലാമത് ഗ്ലോബൽ ഡയബറ്റീസ് കൺവെൻഷനിലാണ് ഇൻറർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻറെ (ഐഡിഎഫ്) ഡയബറ്റീസ് ടെക്നോളജി കമ്മിറ്റിയുടെ മിഡിൽ-ഈസ്റ്റ് നോർത്ത് ആഫ്രിക്ക കോ-ചെയറായ ഡോ. ഹൊസം അറഫ ഗാസി ഈ അഭിപ്രായമുയർത്തിയത്.

കഴിഞ്ഞ അമ്പത് വർഷമായി പ്രമേഹ ചികിത്സ പ്രധാനമായും രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് നിയന്ത്രിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നിട്ടും പ്രമേഹത്തിൻറെ സങ്കീർണതകൾ നിലനിൽക്കുകയാണ്. ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണമാണ് ഇന്നും ഏറ്റവുമധികമെന്നും അദ്ദേഹം പറഞ്ഞു.

കോവളത്തെ ഉദയ സമുദ്രയിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൻറെ ഭാഗമായി 'ദി ഫൊർഗോട്ടൺ ഓർഗനെൽ ഇൻ ടൈപ്പ് 2 ഡയബറ്റിസ്' എന്ന സെഷനിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനൊപ്പം ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ സംരക്ഷിക്കുന്ന എസ് ജിഎൽ2 ഇൻഹിബിറ്ററുകളും ജിഎൽപി 1 റിസപ്റ്റർ അഗോണിസ്റ്റുകളും ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ടൈപ്പ് 2 പ്രമേഹത്തിൽ കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്ന മെറ്റോകോൺഡ്രിയയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കണമെന്നും കോശങ്ങളുടെ ഊർജ്ജശേഷി വീണ്ടെടുക്കുന്നതിന് വ്യായാമമാണ് ഏറ്റവും ഫലപ്രദമായ ചികിത്സയെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുടെ ലക്ഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ലെന്നും കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കലാണെന്നും ഈജിപ്തിലെ മൻസൂറ സർവകലാശാലയിലെ ഇൻറേണൽ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമെഗ്ലിമിൻ എന്ന മരുന്ന് കരളിലെയും ബീറ്റാ കോശങ്ങളിലെയും മെറ്റാകോൺഡ്രിയയെ ഒരേ സമയം സംരക്ഷിക്കുന്ന ചികിത്സാ മാർഗമാണെന്ന് പുതിയ ചികിത്സാരീതികളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ശരീരത്തിലെ ഊർജ്ജ ഉത്പാദനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൺവെൻഷൻ ഓർഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്, ഓർഗനൈസിങ് ചെയർമാൻ ഡോ. അരുൺ ശങ്കർ, കോൺഫറൻസ് ചീഫ് ഓർഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കൺവീനർ ഹരിപ്രസാദ്, സയൻറിഫിക് കോ ഓർഡിനേറ്റർ അഞ്ജന ബസന്ത് എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറം (ജെപിഇഎഫ്) സംഘടിപ്പിക്കുന്ന ത്രിദിന ഡയബറ്റിസ് കൺവെൻഷൻറെ പ്രമേയം 'പരിചരണത്തിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കൽ' എന്നതാണ്. പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, ഹെൽത്ത് കെയർ ഇന്നൊവേറ്റർമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കൺവെൻഷൻറെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ജൂലൈ 11 ശനിയാഴ്ച) വൈകിട്ട് 4 ന് കോവളം ഉദയസമുദ്രയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ദേശീയ, അന്തർദേശീയ തലത്തിലെ ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും പങ്കെടുക്കുന്ന കൺവെൻഷൻ പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.