Sections

സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ് നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Saturday, Jan 06, 2024
Reported By Admin
Dairy Meet

ജില്ലാ ക്ഷീരകർഷക സംഗമം ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു


വയനാട്: സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കർഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയിൽ കൂടുതൽ പാൽ ഉത്പാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാവുമന്ദം ലൂർദ് മാതാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനം പാൽ ഉത്പാദനത്തിൽ 90 ശതമാനം നേട്ടം കൈവരിച്ചതായും അധിക പാലായി 10 ശതമാനം ലഭിക്കേണ്ടതുണ്ട്. കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജില്ലകളിൽ വയനാട് രണ്ടാമതാണ്. തണുത്ത കാലാവസ്ഥയിൽ കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ക്ഷീര സംഘങ്ങളിലൂടെ ശേഖരിക്കുന്ന പാലിന്റെ കറവ സമയം മാറ്റിയ തോടെ പത്ത് ശതമാനം അധിക പാൽ ലഭ്യമാവുന്നതായും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റ, മറ്റ് തീറ്റ ഉത്പന്നങ്ങൾ കഴിച്ച് കന്നുകാലികൾ മരണപ്പെട്ടാൽ, മരണകാരണമായ ഭക്ഷണ ഉത്പന്നം ഇറക്കുമതി ചെയ്ത കമ്പനി കന്നുകാലിയെ വാങ്ങി നൽകണം.

ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പകൾ ഉറപ്പാക്കും. സംസ്ഥാനത്തെ ഏല്ലാ ജില്ലയിലും കിടാരി പാർക്ക് ആരംഭിക്കുമെന്നും കിടാരി പാർക്കിൽ വളരുന്ന കന്നുക്കുട്ടികളെ കർഷകർക്ക് നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ കുടുംബാഗംങ്ങൾക്ക് ചികിത്സക്കായുള്ള ക്ഷീര സാന്ത്വനം ഇൻഷൂറൻസ് പദ്ധതി പുന:സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. പദ്ധതിയിൽ 6000 പേരാണ് അംഗങ്ങളായിട്ടുള്ളത്. അപേക്ഷകർ ഓൺലൈനായി അപേക്ഷ നൽകണം. ക്ഷീരകർഷകങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വർദ്ധിപ്പിക്കുന്നതിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

പശുക്കളെ കൃത്യതയോടെ പരിപാലിച്ച് പുതിയ ഇനം ബീജം കുത്തിവെച്ച് മികച്ച കിടാരികളിലൂടെ കൂടുതൽ പാൽ ഉത്പാദനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കും. മൃഗസംരക്ഷണ പരിപാലനത്തിൽ കർഷകർക്ക് മികച്ച രീതിയിൽ ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീരകർഷകൻ, വനിത ക്ഷീരകർഷക, പട്ടികജാതി -പട്ടികവർഗ്ഗ ക്ഷീരകർഷകൻ, മികച്ച യുവ ക്ഷീര കർഷകൻ എന്നിവരെ ആദരിച്ചും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽപ്പെട്ട കർഷകർക്കുള്ള സഹായം കൈമാറി.

കാവുമന്ദം ലൂർദ്മാതാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ക്ഷീരവികസന വകുപ്പ് ജോയിൻ ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ.രാംഗോപാൽ, ക്ഷീരസംഗമം കമ്മിറ്റി ചെയർമാൻ എം.ടി ജോൺ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ബഷീർ, എൻ.സി പ്രസാദ്, തരിയോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി.വി.മാത്യു, കെ.എൻ ഗോപിനാഥൻ, രാധാമണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.