Sections

2022 പഠന വർഷം, കൂടുതൽ വളർച്ചയ്ക്കുള്ള ചവിട്ടുപടിയെന്ന് ബൈജു രവീന്ദ്രൻ

Saturday, Dec 31, 2022
Reported By admin
byjus

ആത്മപരിശോധനയുടെയും പ്രവർത്തനത്തിന്റെയും വർഷമായിരുന്നു ഇത്


വിജയത്തിന്റെയും നേട്ടത്തിന്റെയും നിരവധി വർഷങ്ങൾക്ക് ശേഷം വെല്ലുവിളി നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയതെന്ന് എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രൻ. വർഷാവസാനത്തിൽ ജീവനക്കാർക്ക് നൽകിയ കത്തിലാണ്, 2022 കമ്പനിയുടെ ചരിത്രത്തിൽ തന്നെ പ്രധാന വർഷമാണെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞത്. ഈ വർഷം നേരിട്ട വെല്ലുവിളികൾ വരും വർഷങ്ങളിലേക്കുള്ള പാഠമാണെന്നും പുതിയ വെല്ലുവിളികൾ നേരിടാനും പ്രതിരോധിക്കാനും സജ്ജരാക്കുകയും വരും ദശാബ്ദങ്ങളിൽ അഭിവൃദ്ധി നേടാനുള്ള ചവിട്ടുപടിയാണെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.

എല്ലാ സാങ്കേതിക ബിസിനസുകൾക്കും എല്ലാ തരത്തിലുമുള്ള പഠന വർഷമാണ് 2022. ആത്മപരിശോധനയുടെയും പ്രവർത്തനത്തിന്റെയും വർഷമായിരുന്നു ഇത്. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കിടയിലും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു.

കമ്പനി സമീപ വർഷങ്ങളിൽ നേരിട്ട വിമർശനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. 'വിദ്വേഷം പൊതുവും സ്നേഹം സ്വകാര്യവുമാണ്.' വിമർശനം സാധാരണമാണ്. എന്നാൽ വെറുപ്പ് മറ്റൊന്നാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ആഴ്ചയും, ഞങ്ങളുടെ വിദ്യാർത്ഥികളിൽ നിന്ന് ഞങ്ങൾക്ക് ആയിരക്കണക്കിന് സന്ദേശങ്ങൾ ലഭിക്കുന്നു, അവർ ഞങ്ങൾക്ക് നേരിട്ട് അയയ്ക്കുകയും അവരുടെ സ്നേഹവും നന്ദിയും പങ്കിടുകയും ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ബൈജുവിന്റെ ആദ്യ ആറ് വർഷം സ്ഥിരതയുള്ള വളർച്ചയുടേതായിരുന്നുവെന്നും അടുത്ത നാല് വർഷം അതായത് 2017 മുതൽ 2021 വരെ കമ്പനിയുടെ വൻ ഉയർച്ചയാണ് കണ്ടതെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കി. 'ഞങ്ങൾ ഉൽപ്പന്നത്തിന്റെ അടിസ്ഥാനത്തിൽ, സേവനത്തിന്റെ അടിസ്ഥാനത്തിൽ വളർന്നു. ജൈവികമായും അജൈവമായും വളർന്നു. ഇന്ത്യയിൽ വളർന്നു, ലോകമെമ്പാടും വളർന്നു. ബൈജുവിന്റെ മൂന്നാമത്തെയും അവസാനത്തെയും എക്കാലത്തെയും ഘട്ടം സുസ്ഥിരമായ വളർച്ചയുടേതായിരിക്കും. മൂന്നാം ഘട്ടം 2024-ൽ ആരംഭിക്കുമെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു.

കാര്യക്ഷമതയോടെയുള്ള വളർച്ചയാണ് ഈ വർഷത്തെ ഞങ്ങളുടെ പ്രമേയം. ഇതിനർത്ഥം കുറച്ച് നിക്ഷേപിക്കുക എന്നല്ല, മറിച്ച് മികച്ച നിക്ഷേപം നടത്തുകയും കൂടുതൽ കർശനമായി മുൻഗണന നൽകുകയും ചെയ്യുക എന്നതാണ്.

ജീവനക്കാരെ പിരിച്ചുവിട്ടതിനെ കുറിച്ചും ബൈജു രവീന്ദ്രൻ കത്തിൽ പറഞ്ഞു. 'നിർഭാഗ്യവശാൽ, ഞങ്ങളുടെ കുടുംബാംഗങ്ങളിൽ ചിലരെ വിട്ടയച്ചുകൊണ്ട് എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനം എനിക്ക് എടുക്കേണ്ടിവന്നു. നിലവിലുള്ള മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും ഞങ്ങളുടെ ഏറ്റെടുത്ത കമ്പനികളുടെ സംയോജനവും ഇത് അനിവാര്യമാക്കി.'

ജാപ്പനീസ് എഴുത്തുകാരനായ ഹരുകി മുറകാമിയുടെ വാക്കുകൾ 2022 നെ നിർവചിച്ചുകൊണ്ട് ബൈജു രവീന്ദ്രൻ പങ്കുവെച്ചു. 'ഒരിക്കൽ കൊടുങ്കാറ്റ് അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങൾ അതിനെ എങ്ങനെ അതിജീവിച്ചുവെന്നും എങ്ങനെ പുറത്തുവന്നുവെന്നും നിങ്ങൾ ഓർക്കുന്നില്ല. കൊടുങ്കാറ്റ് ശരിക്കും അവസാനിച്ചോ എന്ന് പോലും നിങ്ങൾക്ക് ഉറപ്പില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. നിങ്ങൾ കൊടുങ്കാറ്റിൽ നിന്ന് പുറത്തുവരുമ്പോൾ, അകത്തേക്ക് കടന്ന അതേ വ്യക്തി ആയിരിക്കില്ല നിങ്ങൾ. ഹരുകി മുറകാമിയുടെ ഈ വാക്കുകൾ ഈ വർഷത്തെ ഏറ്റവും നന്നായി സംഗ്രഹിക്കുന്നതായി തോന്നുന്നതായി അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.