Sections

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ 

Thursday, Apr 25, 2024
Reported By Admin
Jain University

  • പങ്കെടുത്തത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 ഓളം കലാകാരന്മാർ

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒറീസ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ഗോവ എന്നിവടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സർഗാത്മക സൃഷ്ടികൾ വേറിട്ട അനുഭവമായിരുന്നു കാഴ്ച്ചക്കാർക്ക് സമ്മാനിച്ചത്. വിവിധ സംസ്കാരത്തിൽ ജീവിക്കുന്നവരുടെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും ആശയങ്ങളുമായിരുന്നു ഓരോ ചിത്രങ്ങളിലും പ്രതിഫലിച്ചത്.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയ യുവ ചിത്രകലാകാരൻ അതുൽ പാണ്ഡ്യ,അശോക് ഖാന്റ്, കമലേഷ് സോണിജി, ഫാലു പട്ടേൽ, നിഷ നിർമ്മൽ, ശ്രദ്ധ ജാഥവ്, ലളിത സൂര്യനാരായണ തുടങ്ങിയവരുടെ വ്യത്യസ്ത പെയിന്റിങ്ങും പ്രദർശനത്തെ ശ്രദ്ധേയമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് സൃഷ്ടികൾ പ്രദർശിപ്പിക്കാനും ആശയവിനിമയം നടത്തുവാനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുദിവസത്തെ ശിൽപ്പശാലയും പ്രദർശനവും സംഘടിപ്പിച്ചത്.

ഇന്നവേഷൻ, ക്രിട്ടിക്കൽ തിങ്കിങ്, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കലയുടെ പ്രാധാന്യം വലുതാണെന്ന് ജയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ആർട്ട് ആൻഡ് ഡിസൈൻ ഡീൻ ഡോ. അവിനാഷ് കേറ്റ് ഉദ്ഘാടന യോഗത്തിൽ പറഞ്ഞു. ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യ പുരോഗതിക്കായി പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിൽ വ്യക്തികളെ സ്വയംപര്യാപ്തമാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ ജയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ. ജെ.ലത,ജയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ ഡോ. കെ. മധുകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബാംഗ്ലൂൾ ആസ്ഥാനമായി കഴിഞ്ഞ 30 വർഷങ്ങളായി പ്രവർത്തിക്കുന്ന ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ കീഴിലുള്ള 85-ലേറെ സ്ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിൾ പ്ലസ് (NAAC A ++) അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. തുടർച്ചയായി നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫ്രെയിം വർക്കിൽ ആദ്യ നൂറിൽ ജയിൻ ഇടം നേടിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.