- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ബോബ് ഇ പേ യുപിഐ ആപ്പിലൂടെ ഈ രംഗത്ത് ആദ്യമായി വ്യക്തികൾക്കിടയിലെ ഇ-റുപി ഡിജിറ്റൽ ഗിഫ്റ്റിങ് സേവനം ലഭ്യമാക്കി. നാഷണൽ പെയ്മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇ-റുപി പ്ലാറ്റ് ഫോം വഴിയാണ് ഉപഭോക്താക്കൾക്ക് വ്യക്തിഗതവും നിർദിഷ്ട ആവശ്യങ്ങൾക്കായുമുള്ള ഡിജിറ്റൽ ഗിഫ്റ്റുകൾ ലഭ്യമാക്കുന്നത്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, മറ്റ് ഗുണഭോക്താക്കൾ എന്നിവർക്കായുള്ള ഈ പ്രീപെയ്ഡ് ഡിജിറ്റൽ വൗച്ചറുകൾ മുഖേന യുപിഐ പെയ്മെൻറുകൾ വിപുലവും കൂടുതൽ ആകർഷകവുമാക്കുന്നു. വിവിധ യുപിഐ സംവിധാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്ന വിധത്തിലാണ് ഈ സേവനം.
വിവിധ വിഭാഗങ്ങളിലെ സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും വേണ്ടി ഉപയോഗിക്കാവുന്ന ലളിതവും സുരക്ഷിതവും ക്യാഷ്ലെസ്സ് ആയതുമായ പണമടക്കൽ സംവിധാനമാണ് ഇ-റുപി പി2പി ഡിജിറ്റൽ വൗച്ചർ. ഫൂഡ് വിഭാഗത്തിനു മാത്രമായി തുടക്കത്തിൽ അവതരിപ്പിച്ച ഇത് കൂടുതൽ വിഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഇപ്പോൾ വിപുലമാക്കി. യുപിഐ സംവിധാനമുള്ള കച്ചവടക്കാരുടെ പക്കൽ ഈ വൗച്ചറുകൾ ലളിതമായി റിഡീം ചെയ്യാം. പ്രത്യേക സന്ദർഭങ്ങളിലേക്കായുള്ള സമ്മാനങ്ങൾ നൽകുന്നതിന് വളരെ മികച്ച ഓപ്ഷൻ കൂടിയായിരിക്കും ഇത്.
ഉപഭോക്താക്കൾക്ക് ഒരു രൂപ മുതൽ 10,000 രൂപ വരെയുള്ള വൗച്ചറുകൾ നൽകാനാവും. ഈ വൗച്ചറുകൾ കൈമാറ്റം ചെയ്യാനാവാത്തതായിരിക്കും. നിശ്ചിത കാലാവധിക്കുളളിൽ ഇവ റിഡീം ചെയ്തില്ലെങ്കിൽ നൽകിയ ആൾക്കു ഓട്ടോമാറ്റിക് ആയി പണം തിരികെ പോകുകയും ചെയ്യും. എത്ര വൗച്ചറുകൾ ഒരാൾക്ക് നൽകാം എന്നതിനു പരിധിയില്ലെങ്കിലും ഇത് പ്രതിദിന യുപിഐ ഇടപാടുകളുടെ പരിധിക്കു വിധേയമായിരിക്കും.
ഈ മേഖലയിൽ ഇതാദ്യമായി ഇ-റുപി പി2പി ഡിജിറ്റൽ ഗിഫ്റ്റിങ് സംവിധാനം അവതരിപ്പിക്കുക വഴി യുപിഐയിലൂടെ പുതുമകളും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സേവനങ്ങളും അവതരിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ബാങ്ക് ഓഫ് ബറോഡ തുടരുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് മുതലിയാർ ചൂണ്ടിക്കാട്ടി. സമ്മാനങ്ങൾ നൽകുന്നതിനുള്ള സുരക്ഷിതവും സ്വകാര്യവുമായ ഒരു മാർഗമാണ് ഈ ഡിജിറ്റൽ വൗച്ചറുകൾ. യുപിഐ, ഇ-റുപി എന്നിവയുടെ ഉപയോഗം വിപുലമാക്കുന്നതോടെ ഡിജിറ്റൽ പണമടക്കലുകൾ കൂടുതൽ വിപുലമായി സ്വീകരിക്കപ്പെടുന്നതിലേക്കുള്ള പാതയാണു തങ്ങൾ തുറക്കുന്നത്. കൂടുതൽ ചടുലമായ ഡിജിറ്റൽ പെയ്മെൻറ് സംവിധാനങ്ങൾ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ സേവനങ്ങൾ നൽകാനുള്ള ബാങ്കിൻറെ ശ്രമങ്ങൾ കൂടിയാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷിതവും തടസങ്ങളില്ലാത്തതും ഉപഭോക്തൃസൗഹൃദപരവുമായ തൽക്ഷണ പെയ്മെ ൻറ് സൗകര്യങ്ങൾ, മൊബൈൽ റീചാർജുകൾ, ബില്ലടക്കലുകൾ തുടങ്ങിയവ ബാങ്ക് അക്കൗണ്ടുകളും ഏതു ബാങ്കിൻറെയും ക്രെഡിറ്റ് കാർഡുകളും ബന്ധിപ്പിക്കുന്നതു വഴി ബോബ് ഇ-റുപി യുപിഐ പെയ്മെൻറ് ആപ്പ് ലഭ്യമാക്കുന്നു. അന്താരാഷ്ട്ര യുപിഐ സേവനങ്ങൾ അവതരിപ്പിക്കുക വഴി ബോബ് ഇ-റുപി ആഗോള തലത്തിലേക്കും സേവനങ്ങളെത്തിക്കുകയാണ്. യുഎസ്എ, ഫ്രാൻസ്, സിംഗപ്പൂർ, മൗറീഷ്യസ്, യുഎഇ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ എട്ടു രാജ്യങ്ങളിലേക്ക് ഡിജിറ്റൽ പേയ്മെൻറുകൾ സുഗമമായി നടത്താൻ അവസരമൊരുക്കിയതും പ്രവാസികൾക്കായുള്ള യുപിഐ സേവനങ്ങൾ, സിംഗപൂരിലെ നിവാസികൾക്ക് വിദേശ നാണ്യം രാജ്യത്തേക്ക് അയക്കാൻ സംവിധാനം ഒരുക്കിയതും ഇതിൻറെ ഭാഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.