Sections

സ്വർണ വായ്പ ഇനി യുപിഐയിലൂടെയും: നൂതന സംവിധാനമൊരുക്കി ആക്സിസ് ബാങ്ക്

Wednesday, Oct 01, 2025
Reported By Admin
Axis Bank Launches UPI Gold Loan Scheme

കൊച്ചി: യുപിഐയിലൂടെ സ്വർണ്ണത്തിന്മേൽ വായ്പകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് ആക്സിസ് ബാങ്ക് തുടക്കമിട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കച്ചവടക്കാർക്കും സ്വർണ ആസ്തികളുടെ മൂല്യം പ്രയോജനപ്പെടുത്താൻ വഴിയൊരുക്കുന്നതാണ് ഈ പദ്ധതി. ഫ്രീചാർജുമായുള്ള സഹകരണത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.

സൗകര്യപ്രദമായി ഇടപാടുകൾ നടത്താൻ അവസരമൊരുക്കുന്ന ഓവർഡ്രാഫ്റ്റിൻറെ രീതിയിലാവും ഇത്. യുപിഐ വഴിയുള്ള പേയ്മെൻറുകൾക്കായി ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രമായിരിക്കും പലിശ. ഇതിൽ ഫ്രീചാർജ് ആപ്പ് വഴി തൽക്ഷണം തിരിച്ചടവുകളും നടത്താം. ബാങ്ക് ശാഖകൾ സന്ദർശിക്കാതെ പണ ലഭ്യത ഉറപ്പാക്കാം എന്നതാണ് മറ്റൊരു സവിശേഷത.

ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായ വായ്പകളുടെ കാര്യത്തിൽ പുതിയൊരു രീതി കൊണ്ടു വരുന്നതാണ് സ്വർണ്ണത്തിന്മേൽ യുപിഐയിലൂടെ വായ്പകൾ ലഭ്യമാക്കുന്ന ആക്സിസ് ബാങ്കിൻറെ ഈ നീക്കമെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീഷ് ഷർദ പറഞ്ഞു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം ലഭിക്കാനും യുപിഐ ബന്ധിത വായ്പാ പദ്ധതികളിലെ തങ്ങളുടെ നേതൃസ്ഥാനം കൂടുതൽ ഉറപ്പിക്കാനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സ്വർണ്ണ വായ്പകൾ നൽകുന്ന ആക്സിസ് ബാങ്കിൻറെ എല്ലാ ശാഖകളിലെയും ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ഇതിൻറെ ഭാഗമായതിന് ശേഷം പണം ഉപയോഗിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും പൂർണ്ണമായും ഡിജിറ്റൽ സംവിധാനം ലഭ്യമാക്കുന്നതിനാൽ ബാങ്കിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല.

വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വിപുലീകരിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങൾക്ക് യുപിഐ ക്രെഡിറ്റ് ഒരു ശക്തമായ അടിത്തറ നൽകുന്നു. ആക്സിസ് ബാങ്കിൻറെ സ്വർണ്ണം ഈടുവെച്ചുള്ള വായ്പ പരിധി ഈ സംവിധാനം വഴി എങ്ങനെയാണ് വായ്പയെടുക്കൽ കൂടുതൽ തടസ്സമില്ലാത്തതും, സുരക്ഷിതവും, ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻറ് ശൃംഖലയിൽ വ്യാപകമായി ലഭ്യമാക്കാനുമാകുമെന്ന് വ്യക്തമാക്കുന്നുവെന്ന് എൻപിസിഐയുടെ ഗ്രോത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ സോഹിനി രാജോല പറഞ്ഞു.

ഈ സഹകരണത്തിലൂടെ ലളിതവും, വിശ്വസനീയവും കൂടുതൽ ആളുകൾക്ക് ലഭ്യമാകുന്ന സ്വർണ്ണം ഈടുവെച്ചുള്ള വായ്പ സേവനം അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റൽ വായ്പാ രംഗത്തെ നിലവാരം മെച്ചപ്പെടുത്തുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.