Sections

ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനവും കേരള ചിക്കനിലൂടെയാകാനുള്ള പരിശ്രമം വിജയത്തിലേക്ക് ?

Monday, Dec 05, 2022
Reported By admin
kerala government

വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതകള്‍ക്ക് സാമ്പത്തിക സഹായമടക്കം നിരവധി പിന്തുണകളാണ് കുടുംബശ്രീ നല്‍കുന്നത്

 


സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ മിഷന്റെ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃത്താല നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴി വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കുടുംബശ്രീയെ ഉപയോഗിച്ച് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആറ് ജില്ലകളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കേരള ചിക്കന്‍ പദ്ധതി ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ കേരള ചിക്കന്‍ ഒരു ബദലാണ്. കുടുംബശ്രീയുടെ ഇപ്പോഴത്തെ ലക്ഷ്യം വരുമാന വര്‍ദ്ധനവാണെന്നും അതിനുള്ള മാതൃകയാണ് കേരള ചിക്കനെന്നും മന്ത്രി പറഞ്ഞു.


ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019 ല്‍ രൂപീകരിച്ച ബ്രോയിലേഴ്സ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതി വഴി കോഴി കര്‍ഷകര്‍ക്കും ഔട്ട്ലെറ്റ് നടത്തുന്നവര്‍ക്കും വരുമാനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കന്‍ ഔട്ട്ലെറ്റുകള്‍ വഴി വിപണനം നടത്തും. ഫാം ഇന്റഗ്രേഷന്‍ മുഖേന വളര്‍ത്തുകൂലിയിനത്തില്‍ കര്‍ഷകര്‍ക്ക് പദ്ധതി മുഖേന സ്ഥിരവരുമാനം ലഭ്യമാകും.


അരക്കൊടിയോളം സ്ത്രീകള്‍ അണിനിരക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായ കുടുംബശ്രീ 25 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ വനിതകള്‍ കുടുംബശ്രീയുടെ ഭാഗമായി മാറി. ലോകം ശ്രദ്ധിച്ച മാതൃകയായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


ഉപയോക്താക്കള്‍ക്ക് ന്യയ വിലയ്ക്ക് ഗുണമേന്‍മയുള്ള ചിക്കന്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള ചിക്കന്‍. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്‌കോയുമായി ചേര്‍ന്നുകൊണ്ട് കുടുംബശ്രീ മുഖേന ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കന്റെ അമ്പത് ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതകള്‍ക്ക് സാമ്പത്തിക സഹായമടക്കം നിരവധി പിന്തുണകളാണ് കുടുംബശ്രീ നല്‍കുന്നത്. ഗുണഭോക്താവിന് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, പ്രതിരോധ വാക്‌സിന്‍ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നല്‍കും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോള്‍ ഇവയെ ഔട്ട്‌ലെറ്റുകളിലെത്തിക്കും. ഇപ്രകാരം ഓരോ 45 ദിവസം കഴിയുമ്പോഴും വളര്‍ത്തുകൂലി ഇനത്തില്‍ ഓരോ സംരംഭകര്‍ക്കും ശരാശരി അമ്പതിനായിരം രൂപ വരുമാനം ലഭിക്കുന്നു. ഔട്ട്‌ലെറ്റ് നടത്തുന്നവര്‍ക്ക് ശരാശരി 87,000/- രൂപ വീതവും ലഭിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.