Sections

മറുനാടന്‍ പൂക്കളോട് കിടപിടിക്കുന്ന പൂക്കള്‍, പൂവിപണിയില്‍ കസറി കുടുംബശ്രീ 

Wednesday, Sep 14, 2022
Reported By admin
flower

ഏറ്റവും മികച്ച ചന്തകള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ സമ്മാനം നല്‍കും


മറുനാടന്‍ പൂക്കളോട് കിടപിടിക്കുന്ന പൂവിപണിയൊരുക്കിയപ്പോള്‍ കുടുംബശ്രീക്ക് നേട്ടം. ഒന്നരലക്ഷം രൂപയാണ് പൂവിപണിയിലൂടെ മാത്രം ലഭിച്ചത്. ഓണച്ചന്തകള്‍ വഴി നാടന്‍ പച്ചക്കറികള്‍ക്കും വിവിധ ഉത്പന്നങ്ങള്‍ക്കുമൊപ്പമാണ് പൂക്കളും ഓണവിപണിയിലെത്തിച്ചത്. കുടുംബശ്രീക്ക് ഓണച്ചന്തകള്‍ വഴിയുണ്ടായ ആകെ വിറ്റുവരവ് 48.36ലക്ഷം രൂപ. ഒരു പിടി വിപണിയിലേക്ക് എന്ന ആശയത്തോടെ സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെയാണ് കുടുംബശ്രീയുടെ ഓണചന്തകള്‍ വില്‍പന നടത്തിയത്. ജില്ലയിലെ സിഡിഎസുകള്‍ കേന്ദ്രീകരിച്ച് 42 ഓണചന്തകളും നാല് ജില്ലാതല ചന്തകളും പ്രവര്‍ത്തിച്ചു.

കുടുംബശ്രീയുടെ ബ്രാന്‍ഡഡ് അരി, കുടുംബശ്രീ അപ്പങ്ങള്‍, കുടുംബശ്രീ സംഘങ്ങള്‍ കൃഷി ചെയ്തെടുത്ത വിഷരഹിതമായ പച്ചക്കറികള്‍, അച്ചാറുകള്‍, പലതരം ചിപ്സുകള്‍, സ്‌ക്വാഷ്, ജാം, ശര്‍ക്കര വരട്ടി, കൊണ്ടാട്ടം എന്നിവയുടെ വിപണനവും ഓണചന്തകളില്‍ ഉണ്ടായിരുന്നു. കൂടാതെ പട്ടിക വര്‍ഗ മേഖലയിലെ ഉത്പന്നങ്ങളും ഓണം വിപണിയില്‍ ഇടംപിടിച്ചു.

ജില്ലയിലെ 18 സിഡിഎസുകളുടെ കീഴില്‍ 12 ഏക്കര്‍ സ്ഥലത്ത് നടത്തിയ പൂകൃഷിയിലും മികച്ച വരുമാനമുണ്ടായി.  കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, അജാനൂര്‍, മടിക്കൈ, നീലേശ്വരം, മംഗല്‍പ്പാടി, കരിന്തളം രണ്ട് , പീലിക്കോട്, ചെറുവത്തൂര്‍, കോടോം-ബേളൂര്‍, മുളിയാര്‍ തുടങ്ങിയ സിഡിഎസുകള്‍ക്ക് കീഴിലാണ് വിവിധ ഇടങ്ങളില്‍ ചെണ്ടുമല്ലികള്‍ കൃഷി ചെയ്ത് വിപണിയിലെത്തിച്ചത്. ചെറുവത്തൂര്‍, പടന്ന, പുല്ലൂര്‍-പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നാണ് മികച്ച വിളവ് ലഭിച്ചത്. പൊതുവിപണിയില്‍ 300 രൂപ മുതല്‍ 400 രൂപ വരെയുള്ള പൂക്കള്‍ കുടുംബശ്രീ 150 രൂപ മുതല്‍ 250 രൂപ വരെയുള്ള നിരക്കില്‍ ലഭ്യമാക്കിയപ്പോള്‍ ഡിമാന്റ് ഏറെയായിരുന്നു. ഏറ്റവും മികച്ച ചന്തകള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ സമ്മാനം നല്‍കും.

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യം വെച്ച് കുടുംബശ്രീ മികച്ച ഇടപെടലുകള്‍ നടത്തി വരുന്നുണ്ട്. കോവിഡിനു ശേഷം വന്ന ഓണം എല്ലാവരും നന്നായി ആഘോഷിച്ചു. കുടുംബശ്രീയുടെ വിശ്വാസയോഗ്യവും ഗുണനിലവാരവുമുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടിസുരേന്ദ്രന്‍ പറഞ്ഞു
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.