Sections

അഗ്രിനെക്സ്റ്റ് ഉച്ചകോടിയിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി സ്റ്റാർട്ടപ്പുകൾ

Saturday, Feb 21, 2026
Reported By Admin
AgriNext Summit 2026 Showcases 150 Agri Startups

  • തെങ്ങ്കയറ്റ റോബോട്ട് മുതൽ വന്യജീവി പ്രതിരോധ സാങ്കേതികവിദ്യ വരെ

കൊച്ചി: കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ അത്യാധുനിക ഉത്പന്നങ്ങളും പുത്തൻ സേവനങ്ങളും പ്രദർശിപ്പിച്ച 'അഗ്രിനെക്സ്റ്റ് ഉച്ചകോടി 2026' ശ്രദ്ധേയം. കർഷകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം), കൃഷി വകുപ്പ്, ലോക ബാങ്ക് എന്നിവ സംയുക്തമായി കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷൻ കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്.

'സാങ്കേതികവിദ്യ വയലിലേക്ക്, മാറ്റം വിളവിലേക്ക്' പ്രമേയത്തിൽ നടന്ന പരിപാടിയിൽ 150 ലധികം തിരഞ്ഞെടുത്ത അഗ്രി-സ്റ്റാർട്ടപ്പുകളുടെ സേവനങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിച്ചു. പരീക്ഷണശാലകളിലും സ്റ്റാർട്ടപ്പുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന നൂതന സാങ്കേതികവിദ്യകൾ കൃഷിയിടത്തിലേക്ക് നേരിട്ട് എത്തിക്കാനും സ്റ്റാർട്ടപ്പുകൾക്ക ബിസിനസ് വ്യാപിപ്പിക്കാനും പരിപാടി സഹായകമാകും.

വയനാട്ടിലെ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത വാക്വം-ഫ്രൈഡ് ചക്ക ചിപ്സ്, നഴ്സറികൾക്കായുള്ള റോബോട്ടിക് ഗ്രാഫ്റ്റിംഗ് മെഷീൻ പ്രോട്ടോടൈപ്പ്, എഐ നിയന്ത്രിത റോബോട്ടിക് വിള നിരീക്ഷണ സംവിധാനങ്ങൾ, തുകലിനു ബദലായി വികസിപ്പിച്ച വാഴനാരിൽ നിർമ്മിച്ച ബാഗും ഷൂസും വരെ പുത്തൻ സാങ്കേതികവിദ്യാധിഷ്ഠിത ഉത്പന്നങ്ങളാണ്.

'ആൾട്ടർസേജ്' സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത 'കൊക്കോബോട്ട്' എന്ന തെങ്ങ്കയറ്റ റോബോട്ട് പ്രദർശനത്തിലെ ആകർഷണമായി. വൈദഗ്ധ്യമുള്ള തെങ്ങ് കയറ്റക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന റോബോട്ട് ആറ് മാസത്തിനുള്ളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാണിജ്യപരമായി ലാഭകരമായ ലോകത്തിലെ ആദ്യത്തെ തെങ്ങ്കയറ്റ റോബോട്ടാണിതെന്ന് ആൾട്ടർസേജ് സിടിഒ ഗോകുൽ കൃഷ്ണൻ പറഞ്ഞു.

കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെ കൃഷിയിടങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നൂതന വന്യജീവി പ്രതിരോധ സാങ്കേതികവിദ്യകൾ, കർഷകരുടെ ദൈനംദിന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, കാലാവസ്ഥാ പ്രവചനത്തിനുള്ള ഉപകരണങ്ങൾ, എഐ നിയന്ത്രിത വിള നിരീക്ഷണ സംവിധാനങ്ങൾ, കീടബാധിത സസ്യങ്ങളെ മാത്രം ലക്ഷ്യമിടുന്ന കീടനാശിനി സ്പ്രേയിംഗ് സംവിധാനങ്ങൾ തുടങ്ങിയവയും പ്രദർശിപ്പിച്ചു.

ഡിജിറ്റൽ സർവകലാശാലയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കേരള ഫാർമർ കോൺഫിഡൻസ് കോപൈലറ്റ് എന്ന ഡിജിറ്റൽ സംരംഭവും പ്രദർശനത്തിനുണ്ടായിരുന്നു. കർഷകർക്കുള്ള നിർദേശങ്ങൾ നല്കുന്ന ഏകജാലക പ്ലാറ്റ്ഫോമാണിത്.

വിളവ് നിരീക്ഷിക്കാനും രോഗങ്ങൾ കണ്ടെത്താനും സഹായകമാകുന്ന തോട്ടം മേഖലയെ മുന്നിൽ കണ്ടുള്ള എഐ അധിഷ്ഠിത സംവിധാനങ്ങൾ, വൈനുകൾ, തുണിത്തരങ്ങൾ, മത്സ്യമാലിന്യത്തിൽ നിന്നുള്ള ജൈവ വളങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ജൈവ ചായ കപ്പുകൾ, ഉത്പാദകർക്ക് അവരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാൻ സഹായിക്കുന്ന നിരവധി കർഷക കേന്ദ്രീകൃത ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെ മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങളും ഉച്ചകോടിയുണ്ടായിരുന്നു.

നൂതനാശയക്കാർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, കർഷകർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ആയിരത്തോളം പേർ പങ്കെടുത്ത ഉച്ചകോടി ലക്ഷ്യമിട്ടു. രാജ്യത്തിന്റെ കാർഷിക മേഖലയിൽ സാങ്കേതികവിദ്യാധിഷ്ഠിതമായ വിപ്ലവകരമായ പുത്തൻ തരംഗം സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.