Sections

സ്‌കൂൾ വിദ്യാർഥികളിൽ കാർഷിക സംസ്‌കാരം വളർത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Monday, Jul 10, 2023
Reported By admin
minister

കൃഷിയുടെ പ്രാധാന്യം വിവരിക്കുന്ന പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചത് ഏറെ നേട്ടങ്ങളുണ്ടാക്കും


അക്കാദമിക പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ വിദ്യാർഥികളിൽ കാർഷിക സംസ്‌കാരം വളർത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളിൽ കാർഷിക താത്പര്യവും പരിസ്ഥിതി സ്നേഹവും വളർത്തുന്നതിന് ജില്ലാ ശിശുക്ഷേമ സമിതിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന 'എന്റെ വിദ്യാലയം എന്റെ കൃഷി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടി കെ ഡി എം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

പുതിയ പാഠ്യപദ്ധതിയിൽ കൃഷിയുടെ പ്രാധാന്യം വിവരിക്കുന്ന പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചത് ഏറെ നേട്ടങ്ങളുണ്ടാക്കും. വ്യത്യസ്ത കാർഷിക രീതികൾ, അതിന്റെ പിന്നിലെ ശാസ്ത്രം എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ലഭിക്കുന്നു. കൃഷിയോടുള്ള താത്പര്യം വളർത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ മുതൽകൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 30 സ്‌കൂളുകൾക്ക് 125 ചെടിച്ചട്ടികൾ വീതമാണ് നൽകുന്നത്. കാർഷിക സർവകലാശാല വികസിപ്പിച്ച പുതിയ വളം ഉൾപ്പെടെയാണ് വിതരണം ചെയ്യുക. 45 ദിവസത്തിൽ ഇവ കായ്ക്കും. തുടർന്ന് വിളവെടുപ്പ് നടത്തും. ഓരോ ദിവസവും ഓരോ ക്ലാസിലെ കുട്ടികളാണ് ചെടിച്ചട്ടികളുടെ പരിപാലനം നടത്തുക. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങൾ, വിവിധ ബാങ്കുകൾ ഉൾപ്പെടെയുള്ളവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളിൽ വിപുലമായ കാർഷിക സംസ്‌കാരം രൂപീകരിക്കാൻ ആവിഷ്‌കരിച്ച മാതൃക പദ്ധതിയാണിത്. കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പെരുമ്പുഴയിൽ ബൃഹദ് രീതിയിലുള്ള കൃഷി ആരംഭിക്കാനും ശിശുക്ഷേമ സമിതി ലക്ഷ്യമിടുന്നു.

സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ ഗീത അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ഓയിൽ ഫാം ഡയറക്ടർ ബോർഡ് അംഗം ജോർജ് മാത്യു നിർവഹിച്ചു. യൂണിയൻ ബാങ്കുമായിട്ടുള്ള ധാരണാ പത്ര പ്രകാശനവും ലോഗോ പ്രകാശവും മന്ത്രി നിർവഹിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.