Sections

സംരംഭകരെ ലോണിന് 60000 രൂപ സബ്‌സിഡി പ്രഖ്യാപിച്ച് വ്യവസായ വകുപ്പ്‌

Tuesday, Aug 24, 2021
Reported By admin
Bhadratha Package

വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ പലിശ സബ്‌സിഡി

 

നമ്മുടെ രാജ്യത്ത് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ലോണ്‍ വായ്പ രാജ്യത്തെ 99 ശതമാനത്തോളം ബിസിനസുകള്‍ക്ക് അടിത്തറ പാകിയിട്ടുണ്ടെന്നാണ് കണക്കുകള്‍.കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ പലിശ സബ്‌സിഡി . കേരള വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായ ഭദ്രത പദ്ധതി പ്രകാരമാണ് അധിക സബ്‌സിഡി നല്‍കുന്നത്. 60,000 രൂപ വരെയാണ് പലിശ സബ്‌സിഡി നല്‍കുന്നത്. നേരത്തെ ഇത് 30,000 രൂപയായിരുന്നു. പുതിയ ലോണുകള്‍ക്കും സഹായം ലഭ്യമാണ്.കോവിഡ് പ്രതിസന്ധിക്കാലത്തും പല സാധാരണക്കാരുടെയും ജീവിതം പിടിച്ചു നിര്‍ത്താനും സ്വയം സംരംഭങ്ങള്‍ ആരംഭിക്കാനും അവരെ സഹായിച്ചത് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കിയ വായ്പകളില്‍ നിന്നാണ്.

പദ്ധതി പ്രകാരം 2020 ഏപ്രില്‍ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ ബാങ്കില്‍നിന്ന് എടുത്തിട്ടുള്ള അധിക പ്രവര്‍ത്തന മൂലധന വായ്പയ്‌ക്കോ അധിക ടേം ലോണിനോ ആണ് പലിശ സബ്‌സിഡി ലഭിക്കുക. ഇത്തരം വായ്പകള്‍ ലഭിച്ചിട്ടുള്ള ഉല്‍പാദന മേഖലയിലെ അല്ലെങ്കില്‍ സേവന മേഖലയിലെ എംഎസ്എംഇ യൂണിറ്റുകള്‍ക്ക് സഹായം ലഭിക്കും.

ആറുമാസത്തെ പലിശയുടെ 50 ശതമാനം പലിശ സബ്‌സിഡിയായി ലഭിക്കും. ഒരു വായ്പയ്ക്ക് പരമാവധി 30,000രൂപയാണ് സബ്‌സിഡി. ടേം ലോണ്‍ ആന്റ് വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ എന്നിവ എടുത്തിട്ടുള്ള യൂണിറ്റിന് പരമാവധി 60,000 രൂപ വരെ ഈ പദ്ധതി പ്രകാരം ലഭിക്കും.

വ്യവസായ വകുപ്പിന്റെ വെബ് സൈറ്റ് ആയ www.industry.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക്, മുന്‍സിപ്പാലിറ്റി വ്യവസായ വികസന ഓഫീസുമായോ ജില്ലാ വ്യവസായകേന്ദ്രത്തിലോ ബന്ധപ്പെട്ടും അപേക്ഷ നല്‍കാം.എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീം പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉത്പാദന സേവന മേഖലയിലെ എംഎസ്എംഇ യൂണിറ്റുകള്‍ക്കും ഈ പലിശ സബ്‌സിഡിയ്ക്ക് അപേക്ഷിക്കാനാകും എന്നതാണ് മറ്റൊരു ആകര്‍ഷണം.

നമ്മുടെ രാജ്യത്ത് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണ് സൂക്ഷമ ചെറുകിട ഇടത്തര സംരംഭങ്ങള്‍.നിലവില്‍ 6.5 കോടി വരുന്ന ചെറുകിട ഇടത്തരം സംരംഭകര്‍ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നു.


സൂക്ഷ്മ സംരംഭങ്ങള്‍ എന്ന പരിധിയില്‍ വരുന്നത് ഒരു കോടി രൂപയില്‍ കൂടാത്ത നിക്ഷേപവും അഞ്ചു കോടി രൂപയുടെ വിറ്റുവരവുമുള്ള ബിസിനസ്സുകളാണ്.

ചെറുകിട സംരംഭ യൂണിറ്റുകളുടെ നിക്ഷേപം 10 കോടി രൂപയില്‍ കവിയരുത്. പരമാവധി വിറ്റുവരവ് 50 കോടി രൂപ വരെ ആയിരിക്കണം. എന്നാല്‍ വിറ്റുവരവ് 250 കോടി രൂപ വരെയും നിക്ഷേപം 50 കോടി രൂപവരെയുമാണെങ്കില്‍ അത് ഇടത്തരം വ്യവസായ സംരംഭമാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.