Sections

കാർഷിക മേഖലയിൽ എഐ വഴി തൊഴിലവസരം വർധിക്കും -അഗ്രിനെക്സ്റ്റ് ഉച്ചകോടി

Saturday, Feb 21, 2026
Reported By Admin
AI to Boost Farm Jobs: AgriNext Summit Kerala

  • ഒപ്പിട്ടത് 50 കരാറുകൾ

കൊച്ചി: മറ്റ് തൊഴിൽ മേഖലകളിൽ നിന്നും വ്യത്യസ്തമായി നിർമ്മിത ബുദ്ധിയുടെ വരവോടെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് കൊച്ചിയിൽ സമാപിച്ച അഗ്രി നെക്സ്റ്റ് ഉച്ചകോടി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കേര പ്രോജക്ടിനു കീഴിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോക ബാങ്ക് എന്നിവർ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ കാർഷികോത്പാദക സംഘങ്ങ (എഫ് പി ഒ) ളുമായി 50സ്റ്റാർട്ടപ്പുകൾ കരാറിൽ ഏർപ്പെട്ടു.

കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപം വരുന്നതിനും വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യുന്നതിനും സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രൊജക്ട് ഡയറക്ടർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് പറഞ്ഞു. കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിലായിരുന്നു പരിപാടി.

കാർഷികനയങ്ങളിൽ കാലനുസൃതമായ മാറ്റം കൊണ്ടുവരികയും ആധുനിക സാങ്കേതികവിദ്യ പരമാവധി സമന്വയിപ്പിക്കുകയും ചെയ്താൽ ഈ തൊഴിൽ ലാഭകരമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ കർഷകർക്ക് ഉപകരിക്കുന്നതാണെന്ന് ബോധ്യപ്പെടണം. തോട്ടം മേഖലയിലും വൻകിട കാർഷിക വൃത്തിയിലും റോബോട്ടിക്സ്, ഡ്രോൺ, ഐഒടി സാങ്കേതികവിദ്യകൾ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചെറുകിട കർഷകർക്കും ഉപയോഗിക്കാനാവുന്ന സാങ്കേതികവിദ്യകൾ ഉയർന്നു വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുള്ളിനന സംവിധാനത്തിനായി 100 കോടി രൂപയാണ് കേര പ്രൊജക്ട് വഴി നടപ്പാക്കാൻ പോകുന്നത്. മറ്റ് മേഖലകളിൽ നിർമ്മിതബുദ്ധി കൊണ്ടു വന്ന മാറ്റം കാർഷികമേഖലയിലും സമീപ ഭാവിയിൽ തന്നെ നടപ്പാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ മാറ്റവുമായി പൊരുത്തപ്പെടാൻ കർഷകർ തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക സാങ്കേതികവിദ്യയിൽ കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കേര പ്രൊജക്ടിന്റെ കാർഷിക സാങ്കേതികപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഏറ്റവും പറ്റിയ മാധ്യമം സ്റ്റാർട്ടപ്പ് മിഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയുടെ കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ സ്ഥാനം എന്ന വിഷയത്തിൽ സംസ്ഥാന ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഓൺലൈനായി സംസാരിച്ചു. കാർഷികമേഖലയില പ്രശ്നങ്ങൾക്ക് ഭാവിയെ മുന്നിൽ കണ്ടുള്ള സാങ്കേതികവിദ്യയിലൂന്നിയ പ്രായോഗിക പരിഹാരം കാണാൻ ഈ ഉദ്യമം ഏറെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട-മധ്യവർഗ കർഷകർ നേരിടുന്ന വിവിധ വെല്ലുവിളികൾ പരിഹരിക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ പ്രാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിർമ്മിതബുദ്ധി മൂലം മറ്റ് മേഖലകളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ കാർഷിക മേഖലയിൽ തൊഴിലവസരം ഗണ്യമായി വർധിക്കുമെന്ന് ചടങ്ങിന്റെ പ്രമേയം അവതരിപ്പിച്ച കെഎസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. സാധാരണ കർഷകർ അനുഭവിക്കുന്ന പ്രായോഗിക പ്രശ്നം നേരിട്ട് മനസിലാക്കുന്നതിനാണ് ഇത്തരം ആശയവിനിമയ ഉച്ചകോടികൾ നടത്തുന്നത്. കാർഷികമേഖലയെ സംരക്ഷിക്കുന്നതിനും നൂതന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ഉദ്യമങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകളുടെ വിജയത്തിൽ ഇൻകുബേഷൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ആഗോളതലത്തിലുള്ള അനുഭവങ്ങൾ തെളിയിക്കുന്നുവെന്ന് ലോകബാങ്ക് പ്രതിനിധി അസെബ് ഫിസ്സ മെക്കോനൻ പറഞ്ഞു. കർഷകർക്കും സ്റ്റാർട്ടപ്പുകൾക്കുമിടയിലെ പാലമായി കേര പ്രൊജക്ട് മാറുമെന്നും അവർ കൂട്ടിച്ചേർത്തു.

'സാങ്കേതികവിദ്യ വയലിലേക്ക്, മാറ്റം വിളവിലേക്ക്' എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടന്നത്. ആയിരത്തോളം കർഷകരും 252 തെരഞ്ഞെടുത്ത അഗ്രി-സ്റ്റാർട്ടപ്പുകളും ഉച്ചകോടിയിൽ പങ്കെടുത്തു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, നിക്ഷേപകർ തുടങ്ങിയവർ പങ്കെടുത്തു. പാനൽ ചർച്ചകൾ, കർഷകരുടെയും സ്റ്റാർട്ടപ്പ് സംരംഭകരുടെയും അനുഭവസാക്ഷ്യങ്ങൾ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.