- Trending Now:
മുംബൈ: രാജ്യത്തിന്റെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കും ഗ്രാമീണ സംരംഭകർക്കും കൂടുതൽ വിപണിസാധ്യത ഒരുക്കുന്നതിന്റെ ഭാഗമായി 28 പുതിയ ഉൽപ്പന്നങ്ങൾക്ക് കൂടി ഭൗമശാസ്ത്ര സൂചിക (ജിഐ) രജിസ്ട്രേഷൻ ലഭ്യമാക്കാൻ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ്(നബാർഡ്) പിന്തുണ നൽകി.
ഇതോടെ നബാർഡിന്റെ സഹായത്തോടെ ജിഐ അംഗീകാരം നേടിയ ഉൽപ്പന്നങ്ങളുടെ എണ്ണം 176 ആയി. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ, മുളശിൽപം, ലോഹശിൽപം, സംഗീതോപകരണങ്ങൾ തുടങ്ങിയവയാണ് പുതുതായി പട്ടികയിൽ ഇടംനേടിയത്. ബിഹാറിലെ നളന്ദ ബവൻബൂട്ടി സാരി, ഗയ പത്തർകട്ടി സ്റ്റോൺ ക്രാഫ്റ്റ്, ജാർഖണ്ഡിലെ കുചായ് സിൽക്ക് സാരി, അസമിലെ ബാ ശിൽപ് (മുളശിൽപം), ബിഹു പേപ്പ, ഹിമാചൽ പ്രദേശിലെ വുഡ് കാർവിങ് ക്രാഫ്റ്റ്, മധ്യപ്രദേശിലെ ഖജുരാഹോ മെറ്റൽ ക്രാഫ്റ്റ് എന്നിവ പുതുതായി ജിഐ രജിസ്ട്രേഷൻ നേടിയ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.
നബാർഡിന്റെ ജിഐ പദ്ധതികളിലൂടെ രാജ്യത്തെ 13,000-ത്തിലധികം കരകൗശല തൊഴിലാളികളെയും ഉൽപ്പാദകരെയും ഉയർന്ന മൂല്യമുള്ള വിപണികളുമായി ബന്ധിപ്പിച്ചതായും ഇതുവഴി 50,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അധികൃതർ അറിയിച്ചു. ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് മികച്ച വിലയും വിപണന സാധ്യതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജിഐ രജിസ്ട്രേഷൻ, ബ്രാൻഡിങ്, ഡിജിറ്റൽ വിപണനം, കയറ്റുമതി, ഉൽപ്പാദക കൂട്ടായ്മകളുടെ രൂപവത്കരണം എന്നിവയ്ക്കായി പ്രത്യേക സൗകര്യകേന്ദ്രങ്ങളും ജിഐ സ്റ്റോറുകളും സ്ഥാപിക്കാൻ നബാർഡ് പിന്തുണ നൽകുന്നുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഗ്രാമീണ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും ഈ ഇടപെടലുകൾ സഹായിക്കുമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.