Sections

അവധിക്കാല വിദേശ യാത്രകൾക്കായി 40 ശതമാനം ഇന്ത്യക്കാരും ദക്ഷിണ കൊറിയ, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തിരഞ്ഞെടുത്തതെന്ന് ടാറ്റ എഐജി പഠനം

Saturday, Jul 11, 2026
Reported By Admin
Indian Travelers Prefer New Global Destinations: Tata AIG

കൊച്ചി: ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി, 2026 സാമ്പത്തിക വർഷത്തെ വിദേശ യാത്രാ ട്രെൻഡുകളെക്കുറിച്ചുള്ള പഠന വിവരങ്ങൾ പുറത്തുവിട്ടു. യാത്രികരുടെ പ്രായം/വിഭാഗം, യാത്രാ ലക്ഷ്യസ്ഥാനങ്ങളോടുള്ള താല്പര്യം, ഇൻഷുറൻസ് എടുക്കുന്നതിലെ രീതികൾ എന്നിവയിൽ പ്രകടമായ മാറ്റമുണ്ടായതായി പഠനം വ്യക്തമാക്കുന്നു.

40 ശതമാനത്തോളം യാത്രികർ ഇപ്പോൾ ദക്ഷിണ കൊറിയ, ശ്രീലങ്ക, ഈജിപ്ത്, ജപ്പാൻ, മാലിദ്വീപ് തുടങ്ങിയ പുതിയ ലക്ഷ്യസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇൻഷുർ ചെയ്യപ്പെട്ട യാത്രികരിൽ 26 ശതമാനവും തെക്കുകിഴക്കൻ ഏഷ്യയിലേക്കാണ് യാത്ര ചെയ്തത്. ലോകമെമ്പാടുമുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങളോടുള്ള വർദ്ധിച്ചുവരുന്ന താല്പര്യം, ഭൂരിഭാഗം യാത്രികരും 50 വയസ്സിന് താഴെയുള്ളവരാണെന്ന വസ്തുത, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഇൻഷുറൻസ് എടുക്കുന്നതിലേക്കുള്ള സുസ്ഥിരമായ മാറ്റം എന്നിവയും പഠനത്തിൽ വ്യക്തമായി.

കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര യാത്രകളുടെ ശരാശരി ദൈർഘ്യത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ യാത്രികർ ശരാശരി 24 ദിവസമാണ് വിദേശത്ത് ചിലവഴിച്ചത്. മേഖലകൾ തിരിച്ച് നോക്കുമ്പോൾ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ ശരാശരി 32 ദിവസവും തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള യാത്രകളിൽ ശരാശരി 11 ദിവസവുമാണ് യാത്രികർ ചിലവഴിച്ചത്.

യാത്രകളുടെ സീസണൽ ട്രെൻഡുകൾ മാറ്റമില്ലാതെ തുടർന്നു. വേനലവധി കാരണം മെയ്, ജൂൺ മാസങ്ങളാണ് ഏറ്റവും തിരക്കേറിയ യാത്രാ കാലയളവുകളായി മാറിയത്. വിദേശ യാത്രകളിൽ വ്യോമയാത്രയ്ക്കാണ് മുൻതൂക്കം ലഭിച്ചത്. ഇൻഷുർ ചെയ്ത യാത്രകളിൽ 98 ശതമാനവും വിമാന യാത്രകളായിരുന്നു.

ഇന്ത്യക്കാരുടെ വിദേശ യാത്രകൾ കൂടുതൽ വൈവിധ്യമാർന്നതും ഡിജിറ്റലായി നയിക്കപ്പെടുന്നതുമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കൺസ്യൂമർ അണ്ടർറൈറ്റിംഗ് വൈസ് പ്രസിഡൻറ് ചന്ദ്രകാന്ത് സെയ്ദ് പറഞ്ഞു. കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, ആദ്യമായി വിദേശ യാത്ര നടത്തുന്നവർ എന്നിവർക്കിടയിൽ, ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിൽ വലിയ വർദ്ധനവ് ഞങ്ങൾ കാണുന്നുണ്ട്. ഡിജിറ്റൽ-ഫസ്റ്റ് ഇൻഷുറൻസ് രീതികളോടുള്ള വർദ്ധിച്ചുവരുന്ന താല്പര്യം വ്യക്തമാക്കുന്നത്, ഇന്നത്തെ യാത്രികർ വിദേശ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ സൗകര്യങ്ങൾക്കും, മുൻകരുതലുകൾക്കും, സുരക്ഷയ്ക്കും എത്രത്തോളം മുൻഗണന നൽകുന്നുണ്ടെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റ എഐജി ഇൻഷുർ ചെയ്ത അന്താരാഷ്ട്ര യാത്രികരിൽ 22 ശതമാനവും 55 വയസ്സിന് മുകളിലുള്ളവരാണ്. മുതിർന്ന ഇന്ത്യക്കാർക്കിടയിൽ വിദേശ യാത്ര നടത്തുന്നതിനുള്ള ആത്മവിശ്വാസം വർദ്ധിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ് വിദേശ യാത്രകളിൽ ആധിപത്യം പുലർത്തുന്നത്, ഇൻഷുർ ചെയ്ത യാത്രികരിൽ 66 ശതമാനവും 21 മുതൽ 55 വരെ പ്രായമുള്ളവരാണ്. ഓൺലൈൻ ഇൻഷുറൻസ് പോളിസി വാങ്ങലുകൾ സ്ഥിരമായ മുന്നേറ്റം രേഖപ്പെടുത്തുന്നുണ്ടെന്നും ശരാശരി 10 ശതമാനം വാർഷിക വളർച്ച നേടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.