Sections

യുടിഐ ലാർജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,839 കോടി രൂപ കടന്നു

Saturday, Feb 21, 2026
Reported By Admin
UTI Large Cap Fund AUM Crosses ₹12,839 Crore

കൊച്ചി: യുടിഐ ലാർജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,839 കോടി രൂപ കടന്നു. ഫണ്ടിൻറെ തുടക്കത്തിൽ നിക്ഷേപിച്ച 10 ലക്ഷം രൂപ 26.27 കോടി രൂപയായി വളർന്നതായും 2026 ജനുവരി 31ലെ കണക്കുകൾ കാണിക്കുന്നു.

രാജ്യത്തെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാർജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ 38 വർഷത്തിലേറെയായി സമ്പത്ത് സൃഷ്ടിച്ചതിൻറെ മികച്ച ചരിത്രവും ഈ ഫണ്ടിനുണ്ട്.

യുടിഐ ലാർജ് ക്യാപ് ഫണ്ട് ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്കീമാണ്. അതത് മേഖലകളിൽ മത്സരപരമായ മുൻതൂക്കമുള്ള ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കാനാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. ഗ്രോത്ത് സ്റ്റോക്കുകളും വാല്യൂ സ്റ്റോക്കുകളും ഒരുമിച്ച് ഉൾപ്പെടുത്തി സന്തുലിതവും എല്ലാ വിപണി സാഹചര്യങ്ങളിലും നിലനിൽക്കുന്ന ഇക്വിറ്റി പോർട്ട്ഫോളിയോ സൃഷ്ടിക്കുന്ന നിക്ഷേപ ശൈലിയാണ് പിന്തുടരുന്നത്.

അടിസ്ഥാനപരമായി ശക്തമായ കമ്പനികളിൽ നിക്ഷേപിക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. നിയന്ത്രിത കടബാധ്യതകൾ, സ്ഥിരതയുള്ള വരുമാന വളർച്ച, ലാഭക്ഷമതയിലുള്ള ശ്രദ്ധ, മൂലധനച്ചെലവിനെക്കാൾ ഉയർന്ന മൂലധന ലാഭനിരക്ക്, കൂടാതെ സ്ഥിരമായ ഓപ്പറേറ്റിംഗ് ക്യാഷ്ഫ്ളോ സൃഷ്ടിക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളെയാണ് ഫണ്ട് മുൻഗണന നൽകുന്നത്.

ഈ പദ്ധതിയുടെ മൊത്തം നിക്ഷേപത്തിൻറെ 48 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ 10 മുൻനിര കമ്പനികളിലാണ്.

2026 ജനുവരി 31-ലെ കണക്കനുസരിച്ച് ഈ സ്കീം കൺസ്യൂമർ സർവീസസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഇൻഫർമേഷൻ ടെക്നോളജി, ക്യാപിറ്റൽ ഗുഡ്സ്, കൺസ്ട്രക്ഷൻ എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപവും, ഓയിൽ, ഗ്യാസ് ആൻഡ് കൺസ്യൂമബിൾ ഫ്യുവൽസ്, പവർ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ കുറഞ്ഞ നിക്ഷേപവുമാണ് നിലവിൽ നടത്തിയിരിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ മൂലധന വളർച്ചയോ, ലാഭവിഹിത വിതരണമോ ഈ ഫണ്ട് ലക്ഷ്യമിടുന്നു. ഫണ്ട് ആരംഭിച്ചത് മുതൽ എല്ലാ വർഷവും ലാഭവിഹിതം നൽകുന്ന രീതി ഇത് തുടർന്നുപോരുന്നു. ഇതുവരെ ഏകദേശം 4,500 കോടി രൂപയാണ് യുടിഐ ലാർജ് ക്യാപ് ഫണ്ട് ലാഭവിഹിതമായി വിതരണം ചെയ്തിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.