Sections

സാധ്യതകള്‍ മനസിലാക്കിയാല്‍ ഇത്തരം ബിസിനസിലൂടെ വലിയ വരവ് നേടാം

Monday, Jun 27, 2022
Reported By admin
pvc

ഇടത്തരം മുതല്‍മുടക്കില്‍ തുടങ്ങിയാല്‍ വലിയ വരവ് നേടാന്‍ ഇതിലൂടെ സാധിക്കും


കേരളത്തില്‍ നിരവധി ബിസിനസ് സാധ്യതകള്‍ ഉണ്ട്. അവ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ മികച്ച വിജയം നേടാന്‍ സംരംഭകര്‍ക്ക് സാധിക്കും. വയറിങ്ങിനും വാട്ടര്‍ കണക്ഷനും മറ്റുമായുള്ള പ്ലംബിങ്ങിനും വേണ്ടി ഉപയോഗിക്കുന്നവയാണ് പിവിസി പൈപ്പുകള്‍. ഇവയുടെ ഡീലര്‍മാര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായി വരുന്ന പിവിസി പൈപ്പുകള്‍ നിര്‍മിച്ച് നല്‍കുന്നത് അന്യസംസ്ഥാന കമ്പനികളാണ്. അതിനാല്‍ കേരളത്തില്‍ പിവിസി പൈപ്പിന്റെ ബിസിനസ് ആരംഭിക്കുന്നതാണ് വളരെ മികച്ച ഒരു ആശയമാണ്. ഇടത്തരം മുതല്‍മുടക്കില്‍ തുടങ്ങിയാല്‍ വലിയ വരവ് നേടാന്‍ ഇതിലൂടെ സാധിക്കും.

ഈ വ്യവസായത്തിന് ആവശ്യമായ പേപ്പര്‍ ക്ലിയറന്‍സിന് 75000 രൂപ വരെ നീക്കി വെക്കേണ്ടി വരും. പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ആണ് ലൈസന്‍സ് അനുവദിക്കേണ്ടത്. വൈദ്യുത ചെലവാണ് മറ്റൊരു ഘടകം. ചെറുകിട ഉല്‍പ്പാദന യൂണിറ്റിന് 80 എച്ച്പി പവര്‍ കണക്ഷന്‍ ആവശ്യമായി വരും. നിലവിലുള്ള ലൈനില്‍ നിന്നോ ട്രാന്‍സ്ഫോമറില്‍ നിന്നോ കണക്ഷനെടുത്താല്‍ ആ പ്രദേശത്തെ മൊത്തം ബാധിക്കും. അതുകൊണ്ട് സ്വന്തമായി ഒരു ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നതാണ് നല്ലത്. ഇതിനായി നാലര ലക്ഷം രൂപ ചെലവ് വരും. മറ്റ് അനുബന്ധ മെറ്റീരിയലുകള്‍ക്കായി ഒന്നര ലക്ഷംരൂപയും അടക്കം ആറ് ലക്ഷം രൂപ ഇതിനായി മാറ്റി വെക്കേണ്ടി വരും.

ആവശ്യമായ മെഷീനുകള്‍

പിവിസി പൈപ്പുകളുടെ നിര്‍മാണത്തിന് യന്ത്രങ്ങള്‍ ആവശ്യമാണ്. ഈ മേഖലയില്‍ പ്രധാനമായും രണ്ട് മെഷീനുകളാണ് ഉപയോഗിക്കുന്നത്. ഡബിള്‍ സ്‌ക്രൂ ബാരല്‍(ട്വിന്‍ സ്‌ക്രൂ ബാരല്‍),സിംഗിള്‍ സ്‌ക്രൂ ബാരല്‍ മെഷീനുകള്‍ എന്നിവയാണിത്.

ഈ മെഷീനുകള്‍ ഉപയോഗിച്ച് രണ്ട് കാറ്റഗറിയിലുള്ള പൈപ്പുകള്‍ നിര്‍മിക്കാം. ഐഎസ്ഐ ഗ്രേഡ് മാര്‍ക്ക് ഉള്ള പൈപ്പുകളും സാധാരണ പിവിസി പൈപ്പുകളും. സിംഗിള്‍ സ്‌ക്രൂ ബാരല്‍ മെഷീന്‍ ഉപയോഗിച്ച് സാധാരണ പൈപ്പുകള്‍ നിര്‍മിക്കാം. എന്നാല്‍ ട്വിന്‍ സ്‌ക്രൂ ബാരല്‍ മെഷീന്‍ ഉപയോഗിച്ച് വേണം ഐഎസ്ഐ ഗ്രേഡുള്ളവ നിര്‍മിക്കാന്‍.

ട്വിന്‍ സ്‌ക്രൂ എക്‌സ്ട്രൂഡര്‍ മെഷീന്‍ (പിവിസി വയറിങ് പൈപ്പ്)

മിക്സര്‍ മെഷീന്‍,എക്സ്ട്രൂഷന്‍ മെഷീന്‍ ,കൂളിങ് ടാങ്ക്, ട്രാക്ഷന്‍, കട്ടര്‍ മെഷീന്‍ എന്നിവ അടങ്ങുന്ന സമ്പൂര്‍ണ സെറ്റാണ് ട്വിന്‍ സ്‌ക്രൂ എക്സ്ട്രൂഡര്‍ മെഷീന്‍.വയറിങ് പൈപ്പുകള്‍ നിര്‍മിക്കാനാണ് സാധാരണ ഇവ ഉപയോഗിക്കുന്നത്. ഇതിന് പള്‍വറൈസ്ഡ് മെഷീന്‍ കൂടി ആവശ്യമായി വരും.

ട്വിന്‍ സ്‌ക്രൂ എക്സ്ടൂഡര്‍ മെഷീന്‍

ഐസ്ഐ നിലവാരമുള്ളവ നിര്‍മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇത് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന മെഷീനാണ്. വലിയ പ്രൊജക്ടുകള്‍ക്കും സര്‍ക്കാര്‍ ബില്‍ഡിങ്ങ് കരാറുകള്‍ക്കും ഈ മെഷീന്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍ബന്ധമാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഈ പൈപ്പുകള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര,ഇലക്ട്രിക്കല്‍ ജോലികള്‍ക്കാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ മെഷീനുകള്‍ വിപണിയില്‍ ലഭ്യമാണ്.

സിംഗിള്‍ സ്‌ക്രൂ മെഷീന്‍

സാധാരണ പൈപ്പുകളുടെ നിര്‍മാണത്തിനാണ് ഈ മെഷീന്‍ ഉപയോഗിക്കുന്നത്. അറുപത്തിയഞ്ചോ അതിന് മുകളിലോ ബാരല്‍ സൈസുള്ള പിവിസി കോണ്‍ഡ്യൂട് പൈപ്പുകളാണ് ഇവ നിര്‍മിക്കുന്നത്. സ്‌ക്രാപ്പ് ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. മിക്സര്‍,എക്സ്ട്രൂഷന്‍,ട്രാക്ഷന്‍,കട്ടര്‍ മെഷീനുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു.

യന്ത്രങ്ങള്‍ക്ക് വേണ്ടിയാണ് ഈ സംരംഭത്തില്‍ വലിയൊരു തുക നീക്കി വെക്കേണ്ടത്. സിംഗിള്‍ സ്‌ക്രൂ മെഷീനിന് 15 ലക്ഷം രൂപ വരെയാണ് വില. ട്വിന്‍ സ്‌ക്രൂ മെഷീനിന് 45 ലക്ഷം രൂപ ചെലവാകും. 365 കിലോ ഉല്‍പ്പാദനശേഷിയുള്ള സിംഗിള്‍ സ്‌ക്രൂ മെഷീന്‍ ഉപയോഗിച്ചുള്ള യൂണിറ്റ് ആരംഭിക്കാന്‍ 20 ലക്ഷം രൂപ മുതല്‍മുടക്കേണ്ടി വരും. ഉല്‍പ്പാദനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പൊടിക്കാനായി ഗ്രൈന്റര്‍ കൂടി സ്ഥാപിക്കണമെങ്കില്‍ 2.5 ലക്ഷം രൂപയാണ് ചെലവ് വരിക. കെട്ടിട നിക്ഷേപത്തിന് 9 ലക്ഷവും സിംഗിള്‍ സ്‌ക്രൂ മെഷീനിന് 20 ലക്ഷം വരെയും വൈദ്യുതീകരണത്തിന് ആറ് ലക്ഷവും പേപ്പര്‍ ക്ലിയറന്‍സിന് 75000വും ചെലവിട്ടാല്‍ ആകെ 35.75 ലക്ഷം രൂപ ഉപയോഗിച്ച് ഈ സംരംഭം ആരംഭിക്കാവുന്നതാണ്. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.