Sections

അതിർത്തികൾ, മുള്ളുവേലികൾ, നിസ്സഹായ മുഖങ്ങൾ- കാഴ്ചക്കാരെ ഈറനണിയിച്ച് ബംഗ്ലാദേശി ആർട്ടിസ്റ്റ് യാസ്മിൻ ജഹാൻ നൂപുർ

Tuesday, Feb 17, 2026
Reported By Admin
Borders as Barbed Cages: Yasmin Nupur’s Moving Biennale Act

കൊച്ചി: നാല് മുളങ്കാലുകളിൽ തീർത്ത പട്ടിക്കൂടിനേക്കാൾ ചെറുതായ മുള്ളുവേലി ചുറ്റിയ ഇടത്തിൽ നിന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു സ്ത്രീ സഹായത്തിന് കൈനീട്ടുകയാണ്. കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിൽ ഇതു കണ്ട് നിൽക്കുന്നവരിൽ ഒരാൾ പോലും സഹായത്തിനെത്തുന്നില്ല. ഒടുവിൽ ഒരാൾ പോയി ആ കൈകളിൽ പിടിച്ചപ്പോൾ സമാധാനത്തിന്റെ ആലസ്യത്തോടെ ആ സ്ത്രീ മുള്ളുവേലിയിൽ ചാരിക്കിടന്നു.

ബംഗ്ലാദേശി കലാകാരിയും കൊച്ചി മുസിരിസ് ബിനാലെയിലെ പാർട്ടിസിപ്പേറ്റിംഗ് ആർട്ടിസ്റ്റുമായ യാസ്മിൻ ജഹാൻ നൂപുറിന്റെ ദി ടച്ച് എന്ന കലാപ്രകടനം കാണികളെ അക്ഷരാർഥത്തിൽ ഈറനണിയിച്ചു. അതിർത്തികൾ, അവിടെയുള്ള മുള്ളുവേലികൾ, നിരീക്ഷണ ക്യാമറകൾ എന്നിവയിലൂടെ മനുഷ്യർ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുകയാണെന്നാണ് അവർ ഇതിലൂടെ പറയാനാഗ്രഹിക്കുന്നത്.

ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് മുള്ളുവേലി നൂണ്ട് എത്തിയാലും അകപ്പെടുന്നത് മറ്റൊരു മുള്ളുവേലിക്കൂട്ടിലാണെന്ന് യാസ്മിൻ പറഞ്ഞു. അതിർത്തികൾ എത്ര വിശാലമാണെങ്കിലും അതൊരു മുള്ളുകൂടാണ്. ഒരു മണിക്കൂർ നീണ്ടു നിന്ന പ്രകടനത്തിൽ യാസ്മിന്റെ ശരീരം മുഴുവൻ മുള്ളുവേലി കൊണ്ട് വരഞ്ഞു മുറിഞ്ഞിരുന്നു. ആദ്യമായാണ് ഈ കലാപ്രകടനം അവതരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ചെരുപ്പിടാതെ, വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് അവർ ഈ പ്രകടനം നടത്തിയത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ പോലെ തന്നെയാണ് അതിർത്തികൾക്കുള്ളിൽ കഴിയുന്ന മനുഷ്യന്റെ മനസുമെന്ന് അവർ ചൂണ്ടിക്കാട്ടി.

കാണികളിൽ നിന്ന് കൂടൂതൽ പേർ തന്നെ രക്ഷിക്കാനായി എത്തുമെന്നായിരുന്നു പ്രതീക്ഷയെന്ന് അവർ പറഞ്ഞു. നിരവധി പേരുടെ മുഖത്ത് രക്ഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതേ മാനസികാവസ്ഥ തന്നെയാണ് നിസ്സഹായരായ മനുഷ്യരുടെ കാര്യം വരുമ്പോൾ പൊതുജനത്തിന്റേതെന്നും അവർ ചൂണ്ടിക്കാട്ടി.

അതിർത്തികൾക്കെതിരായാണ് യാസ്മീന്റെ കലാപ്രകടനങ്ങളെല്ലാം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ആറ് മണിക്കൂർ സമാധാനപതാകയുമേന്തി ശാന്തമായി നിന്നതാണ് അവരുടെ ഇതിനു മുമ്പുള്ള പ്രകടനകല. ആറ് മണിക്കൂറിന് ശേഷം അതിർത്തിയുടെ വാതിലുകൾ തനിക്ക് മുന്നിൽ തുറന്നത് സമകാലീന കലയുടെ ശക്തിയായാണ് അവർ കണക്കാക്കുന്നത്.

യാസ്മിന്റെ പ്രകടനം ആഴത്തിൽ ചിന്തിപ്പിക്കുന്നതും വൈകാരികവുമായിരുന്നുവെന്ന് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര പറഞ്ഞു. എന്തിനാണ് ഇത്രയുമധികം വേദന അനുഭവിച്ച് ഇത് ചെയ്യുന്നതെന്ന ചോദ്യമാണ് കാണികൾക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേദനയിലൂടെ കടന്നു പോകാത്ത ആരുമില്ലെന്നത് യാഥാർത്ഥ്യമാണ്. നാടകവും പ്രകടനകലയും തമ്മിലുള്ള വ്യത്യാസമാണിതെന്ന് നിഖിൽ ചൂണ്ടിക്കാട്ടുന്നു. പ്രകടനകലയിലെ വിയർപ്പ്, രക്തം, വേദന എന്നിവയെല്ലാം യഥാർഥമാണ്. അഭിനയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം പൂമെത്തയ്ക്ക് മുകളിലൂടെയുള്ള യാത്രയല്ലെന്ന് സമൂഹം തിരിച്ചറിയണമെന്നും നിഖിൽ ചോപ്ര ചൂണ്ടിക്കാട്ടി.

ബിനാലെയിൽ 111 മർക്കസ് കഫെയിലാണ് യാസ്മിൻ ജഹാന്റെ ബ്ലാക്ക് ഗോൾഡ് എന്ന കലാസൃഷ്ടി പ്രദർശിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ നീണ്ട കുരുമുളകിന്റെ സാമ്പത്തിക രാഷ്ട്രീയ വിലയിരുത്തലുകൾ ആണ് അനാവരണം ചെയ്തിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.