Sections

ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Saturday, Oct 01, 2022
Reported By MANU KILIMANOOR

രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലെന്ന് ഇഡി

ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണ് ഇതെന്നാണ് ഇഡി പത്ര കുറിപ്പില്‍ അറിയിക്കുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അഥവാ ഫെമ നിയമ പ്രകാരമാണ് ഈ നടപടി.ഏപ്രിലില്‍ ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551 കോടി രൂപ പിടിച്ചെടുത്തതിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് അതോറിറ്റിയുടെ അംഗീകാരംകിട്ടിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ചൈനീസ് സ്ഥാപനം നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്ന് പണം വിദേശത്തേക്ക് കടത്തുന്നു എന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്.ഷവോമി ഇന്ത്യ രാജ്യത്തിന് പുറത്ത് ഫണ്ട് കൈവശം വെച്ചത് ഫെമയുടെ ലംഘനമാണെന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് അതോറിറ്റി കണ്ടെത്തിയതായും. ഇത് ഫണ്ട് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചതായും ഇഡി പ്രസ്താവനയില്‍ അറിയിച്ചു. റോയല്‍റ്റിയുടെ പേരില്‍ ഷവോമി ഇന്ത്യ വിദേശത്തേക്ക് ഫണ്ട് അയച്ചുവെന്ന് ഇഡി ഏപ്രില്‍ തന്നെ കണ്ടെത്തിയിരുന്നു.

ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു വിഭാഗമാണ് ഷവോമി ഇന്ത്യ. 2014ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവര്‍. ഒരു വര്‍ഷത്തിന് ശേഷം വിദേശത്തേക്ക് പണം അയക്കാന്‍ തുടങ്ങിയെന്നാണ് ഇഡി പറയുന്നത്. റോയല്‍റ്റി എന്ന പേരില്‍ വിദേശത്തേക്ക് പണം അയത്ത് വിദേശ പണ വിനിമയ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് അതോറിറ്റി നിരീക്ഷിച്ചതായി ഇഡി പറയുന്നു.പണം അയച്ച് നല്‍കിയ മൂന്ന് വിദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരു സേവനവും ഷവോമി ഇന്ത്യ സ്വീകരിക്കുന്നില്ലെന്നും. വിദേശത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഫോണ്‍ നിര്‍മ്മാതാവ് ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതായും ഇഡി പറയുന്നു. ഫണ്ട് പിടിച്ചെടുത്തതിനെതിരെ ഷവോമി ഇന്ത്യ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജൂലൈയില്‍ കോടതി ഈ ഹര്‍ജി തള്ളിയിരുന്നു.അനധികൃത പണമടയ്ക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയും ബലപ്രയോഗവും നേരിടേണ്ടി വന്നതായി ഷവോമി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് നിഷേധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപണങ്ങള്‍ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് അറിയിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.