Sections

1.02 ലക്ഷം കോടി രൂപ മൂല്യമുള്ള നിക്ഷേപ പ്രതിബദ്ധത ഉറപ്പാക്കി 'വേൾഡ് ഫുഡ് ഇന്ത്യ 2025'

Monday, Sep 29, 2025
Reported By Admin
World Food India 2025: ₹1.02 Lakh Cr Investment

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച 'വേൾഡ് ഫുഡ് ഇന്ത്യ 2025' അഭൂതപൂർവമായ തോതിലുള്ള നിക്ഷേപ പ്രതിബദ്ധതകൾ കൈവരിച്ച് ചരിത്രപരമായ രീതിയിൽ സമാപിച്ചു. നാല് ദിനങ്ങൾ നീണ്ട പരിപാടിയിൽ, 26 പ്രമുഖ ആഭ്യന്തര, ആഗോള കമ്പനികൾ 1,02,046.89 കോടി രൂപ മൂല്യമുള്ള ധാരണാപത്രത്തിൽ ഒപ്പുവക്കുകയും ഇത് ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനങ്ങളിലൊന്നായി അടയാളപ്പെടുത്തുകയും ചെയ്തു.

ഈ ധാരണാപത്രങ്ങൾ മുഖേന 64,000-ത്തിലധികം ആളുകൾക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും 10 ലക്ഷത്തിലധികം വ്യക്തികൾക്ക് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യയെ ഭക്ഷ്യസംസ്കരണത്തിനുള്ള ഒരു ആഗോളകേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാരിൻറെ കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്, ഇന്ത്യയിലെ കോക്കകോള സംവിധാനം, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (അമുൽ), ഫെയർ എക്സ്പോർട്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ലുലു ഗ്രൂപ്പ്, നെസ്ലെ ഇന്ത്യ ലിമിറ്റഡ്, ടാറ്റാ കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് തുടങ്ങിയ ഈ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പാൽ ഉൽപ്പന്നങ്ങൾ, മാംസവും കോഴിയിറച്ചിയും, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, മദ്യവും ആൽക്കഹോൾ ഇല്ലാത്തതുമായ പാനീയങ്ങളും, മസാലകളും കറിക്കൂട്ടുകളും, മധുരപലഹാരങ്ങൾ, ഭക്ഷ്യ എണ്ണകൾ, പഴങ്ങളും പച്ചക്കറികളും, കഴിക്കാൻ പാകമായ ഭക്ഷ്യോത്പന്നങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന മേഖലകളിലായി ഈ പ്രതിബദ്ധതകൾ വ്യാപിച്ചിരിക്കുന്നു.

ഈ പങ്കാളിത്തങ്ങളുടെ ഒരു പ്രധാന സവിശേഷതയെന്നത് രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്ന അവരുടെ സാന്നിദ്ധ്യമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, അസം, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലുമായി ഈ നിക്ഷേപങ്ങൾ വ്യാപിച്ചുകിടക്കുന്നു. ഈ വിശാലമായ ഭൂമിശാസ്ത്രപരമായ വിതരണം ഈ നിക്ഷേപങ്ങളുടെ നേട്ടങ്ങൾ തുല്യമായി പങ്കിടുന്നുവെന്ന് ഉറപ്പാക്കുകയും ഇത് രാജ്യത്തിൻറെ വൈവിധ്യമാർന്ന മേഖലകളിലുള്ള കർഷകർക്കും, സംരംഭകർക്കും, പ്രാദേശിക സമൂഹങ്ങൾക്കും അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

ദേശീയ നിക്ഷേപ പ്രോത്സാഹന, സൗകര്യമൊരുക്കൽ പങ്കാളിയായ 'ഇൻവെസ്റ്റ് ഇന്ത്യ', ഈ ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുന്നതിൽ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തെ സഹായിച്ചു.

'വേൾഡ് ഫുഡ് ഇന്ത്യ 2025' നിക്ഷേപ പ്രതിബദ്ധതകളെ ആകർഷിക്കുന്നതിൽ റെക്കോർഡ് നേട്ടം കൈവരിച്ചെന്ന് മാത്രമല്ല, ഭക്ഷ്യ സംസ്കരണത്തിനുള്ള വിശ്വസനീയമായ ആഗോള ലക്ഷ്യകേന്ദ്രമെന്ന ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്തു. സുസ്ഥിര വളർച്ചയ്ക്കും, നൂതനാശയങ്ങൾക്കും, അന്താരാഷ്ട്ര സഹകരണത്തിനും ശക്തമായ അടിത്തറ പാകിയ ഈ പരിപാടി, ആഗോള ഭക്ഷ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിലുള്ള ഇന്ത്യയുടെ നേതൃത്വത്തെ കൂടുതൽ ഉറപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.