Sections

ജീവനക്കാര്‍ വിട്ടു പോകുന്നുവോ ? കാരണം നിങ്ങളും ആകാം !!!

Sunday, Sep 25, 2022
Reported By Jeena S Jayan
business , Business Guide

പലപ്പോഴും ചില കമ്പനികളില്‍ നിന്ന് വലിയ തോതില്‍ ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.എന്തുകൊണ്ടാണ് ഇതെന്ന് ആലോചിച്ചിട്ടുണ്ടോ ?


ഒരു സംരംഭത്തിന്റെ അവിഭാജ്യ ഘടകം അവിടുത്തെ ജീവനക്കാര്‍ തന്നെയാണ്. ചെയ്യുന്ന ജോലിയ്‌ക്കൊപ്പം അവരോടുള്ള സംരംഭകന്റെ അല്ലെങ്കില്‍ മുതലാളിയുടെ പെരുമാറ്റം കൂടി കണക്കിലെടുത്താണ് സംരംഭത്തിന്റെ വിജയം. പലപ്പോഴും ചില കമ്പനികളില്‍ നിന്ന് വലിയ തോതില്‍ ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.എന്തുകൊണ്ടാണ് ഇതെന്ന് ആലോചിച്ചിട്ടുണ്ടോ ?. ജീവനക്കാരുടെ അനിയന്ത്രിതമായ കൊഴിഞ്ഞ് പോക്ക് സ്ഥാപനത്തെ വലിയ തോതില്‍ ബാധിക്കും.ഇതൊരിക്കലും അവരുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് നിങ്ങളുടേതാണ്.ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ ഈ കൊഴിഞ്ഞു പോക്കിന് വലിയ ഒരളവോളം നിയന്ത്രണം വരുത്താന്‍ സാധിക്കും.


മാന്യമായ ശമ്പളം നല്‍കുക

ഓരോ ജീവനക്കാരനും അവര്‍ നിങ്ങളുടെ കമ്പനിയുടെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കിനനുസരിച്ചും അവര്‍ എടുക്കുന്ന കഠിനാധ്വാനത്തിന് അനുസരിച്ചുള്ള മാന്യമായ ശമ്പളം നല്‍കുക.
ശമ്പളത്തിന്റെ കാര്യത്തില്‍ അനാവശ്യമായ പിശുക്കോ കടുംപിടിത്തമോ കാണിക്കാതിരിക്കുക.മാന്യമായ ശമ്പളം നല്കുന്നത് ജീവനക്കാരുടെയുള്ളില്‍ ജോലിയോടുള്ള ആത്മാര്‍ത്ഥതയും കാര്യശേഷിയും സ്ഥാപനത്തോടുള്ള കൂറും വര്‍ദ്ധിക്കാനിടയാക്കും.ശമ്പളത്തിന്റെ കാര്യത്തില്‍അനാവശ്യമായ പക്ഷഭേദവും കാണിക്കാതിരിക്കുക. എല്ലാവരെയും ഒരു പോലെ പരിഗണിക്കുക.നിങ്ങള്‍ അവര്‍ക്ക് എത്ര നല്കുന്നുവോ അത് ഇരട്ടിയായി നിങ്ങളിലേക്ക് തന്നെ തിരികെയെത്തും.

മെന്ററിംഗ് ചെയ്യുക

ഒരു ജീവനക്കാരനും എല്ലാം തികഞ്ഞ ആളായിക്കൊണ്ടല്ല ജോലിക്ക് ചേരുന്നത്.അനുഭവങ്ങളിലൂടെയും തെറ്റുകളിലൂടെയുമാണ് അവര്‍ പഠിക്കുന്നത്. അവരെക്കാള്‍ അനുഭവശാലി എന്ന നിലയില്‍ അവരെ മെന്ററിംഗ് ചെയ്യുകയാണ് ഒരു സംരംഭകന്‍ ചെയ്യേണ്ടത്.എങ്ങനെയാണോ ഒരു ശില്പി ഒന്നിനും കൊള്ളാത്ത ഒരു കല്ലില്‍ നിന്ന് തികവൊത്ത ഒരു ശില്പം വാര്‍ത്തെടുക്കുന്നത് അതുപോലെ അവരെ ആ ജോലിക്കായി പാകപ്പെടുത്തിയെടുക്കേണ്ടത് നിങ്ങളുടെ കടമയാണ്.ആ ജോലി ഒരു പഠനപ്രക്രിയ കൂടിയാണെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കുകയും അവരെ കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക.അവരില്‍ ആത്മവിശ്വാസവും കാര്യബോധവും വളര്‍ത്തിയെടുക്കുക. നിങ്ങളില്‍ നിന്ന് അവര്‍ക്ക് ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അതവര്‍ക്ക് ഭാവിയില്‍ ഒരു പാട് ഗുണം ചെയ്യുമെന്നും ബോധ്യമായാല്‍ അവര്‍ പിന്നെ ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല.

ജോലി ചലഞ്ചിങ്ങാക്കുക

ഒരിക്കലും ഒരാള്‍ക്ക് ഒരേ വാര്‍പ്പ് മാതൃകയിലുള്ള ജോലി തുടരെ തുടരെ നല്കിക്കൊണ്ടിരിക്കരുത്.
അവര്‍ ചെയ്യുന്ന ജോലിയില്‍ പുതുമ കണ്ടെത്തുവാനും പുതിയ പരീക്ഷണങ്ങള്‍ നടത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുക.അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതും അവരുടെ കാര്യശേഷി മുഴുവന്‍ പുറത്തെടുക്കാന്‍ ഉതകുന്നതുമായ വ്യത്യസ്തവും പുതുമയുള്ളതുമായ ഉത്തരവാദിത്തങ്ങള്‍ നല്‍കുക.ഇത് അവര്‍ക്ക് സ്വന്തം ജോലിയോടുള്ള ഇഷ്ടവും, താല്പര്യവും, ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിക്കും.അവര്‍ക്ക് പിന്നീടൊരിക്കലും ജോലിക്ക് വരുന്നത് ഒരു ശിക്ഷയായിട്ടോ മുഷിച്ചിലായോ തോന്നുകയില്ല.


ഇടപഴകല്‍ അനിവാര്യം

ഒരു പ്രസ്ഥാനവും ഒരു വണ്‍മാന്‍ ഷോ അല്ല. കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഏതൊരു സംരംഭത്തെയും വളര്‍ത്തിക്കൊണ്ടുവരുന്നത്.നിങ്ങള്‍ നിങ്ങളുടെ ജീവനക്കാരെ ഓരോരുത്തരുടെയും വ്യക്തിഗതമായ കഴിവുകള്‍ക്കനുസരിച്ച് സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇന്‍വോള്‍വ് ചെയ്യിക്കുക.ഒരു വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധം അവരിലുണ്ടാക്കുക.അവരെ കമ്പനിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളിലും ചര്‍ച്ചകളിലും മറ്റും ഉള്‍പ്പെടുത്തുക.അവര്‍ക്ക് ക്രിയയാത്മകമായി ചിന്തിക്കുവാനും നല്ല ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുമുള്ള സാഹചര്യമൊരുക്കി കൊടുക്കുക.അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും നല്ലത് നടപ്പില്‍ വരുത്തുകയും ചെയ്യുക.അവരെ പരമാവധി കാര്യങ്ങളില്‍ engage ചെയ്യിക്കുക.

അഭിനന്ദിക്കാന്‍ മടി വേണ്ട

ജീവനക്കാര്‍ സ്ഥാപനത്തിന് വേണ്ടി ചെയ്യുന്ന ഓരോ നല്ല കാര്യങ്ങള്‍ക്കും അവരെ അഭിനന്ദിക്കുക.
അഭിനന്ദനം എന്നത് ഒരു തരം ടോണിക്കാണ്. അത് ജീവനക്കാരില്‍ ഊര്‍ജ്ജം നിറയ്ക്കും.ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കാനും തന്റെ മുഴുവന്‍ കാര്യശേഷിയും പുറത്തെടുക്കാനുമുള്ള പ്രചോദനം അവര്‍ക്കതില്‍ നിന്ന് ലഭിക്കും.അവര്‍ നല്‍കുന്ന ഒരു ചെറിയ ആശയത്തിന് പോലും വേണ്ട വിധമുള്ള അംഗീകാരം നല്‍കിയാല്‍ അവര്‍ക്ക് നിങ്ങളോടും സ്ഥാപനത്തോടുമുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിക്കാനിടയാക്കും.

പ്രൊമോട്ട് ചെയ്യുക

കൃത്യമായ സമയത്ത് അര്‍ഹമായ രീതിയില്‍ അവരെ പ്രൊമോട്ട് ചെയ്യുക.അവരുടെ കഴിവുകള്‍ക്കനുസരിച്ച് അവരെ അടുത്ത ഘട്ടത്തിലേക്ക് കൈപിടിച്ചു കൊണ്ട് പോകുക.കഴിവതും ഉയര്‍ന്ന തസ്തികകളിലേക്ക് പുറത്തുനിന്ന് പുതിയ ആളുകളെ നിയമിക്കാതെ നിലവിലുള്ള ജീവനക്കാരില്‍ നിന്ന് തന്നെ ഏറ്റവും യോഗ്യനായ ആളെ കണ്ടെത്തി പ്രൊമോട്ട് ചെയ്യുക.കമ്പനിയുമായി ദീര്‍ഘകാല ബന്ധമുള്ള, നിങ്ങളെക്കുറിച്ചും നിങ്ങളുടെ vision, mission എന്നിവയെക്കുറിച്ചും വ്യക്തമായ ബോധമുള്ള ഒരാള്‍ ആ സ്ഥാനത്തേക്ക് വരുന്നതാവും യാതൊരു ധാരണയുമില്ലാത്ത പുതിയ ഒരാളെ കൊണ്ടുവരുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്. പ്രൊമോഷന്‍ പോലുള്ള കാര്യങ്ങളില്‍ യാതൊരു വിധ പക്ഷഭേദവും കാണിക്കാതെ അര്ഹതപ്പെട്ടവരെ വേണ്ട വിധം പരിഗണിക്കുക.കമ്പനിക്ക് വേണ്ടി കഷ്ടപ്പെട്ടാല്‍ അതിനുള്ള ഫലം അവര്‍ക്ക് ലഭിക്കും എന്ന വിശ്വാസം അവരിലുണ്ടാക്കുക.അതവര്‍ക്ക്ഏറ്റവും നന്നായി പ്രവര്‍ത്തിക്കാനുള്ള പ്രചോദനം നല്‍കും.


മൂല്യം തിരിച്ചറിഞ്ഞ് പെരുമാറുക

ഓരോ വ്യക്തിക്കും ഒരു മൂല്യമുണ്ട്. അത് മനസ്സിലാക്കി അവരോട് ഇടപഴകുക.ആരോടും അമിതമായ അടുപ്പവും അകാരണമായ അകല്‍ച്ചയും കാണിക്കാതിരിക്കുക.എല്ലാവരെയും സമഭാവനയോടെ കാണുക.എല്ലാവരും ആ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും അവരുടെയെല്ലാം സേവനം അതിന്റെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നും മനസിലാക്കി പ്രവര്‍ത്തിക്കുക.

ശാക്തീകരിച്ച് വളര്‍ത്തുക

നിര്‍ണ്ണായകമായ തീരുമാനങ്ങളും അടിയന്തര നടപടികളും സ്വയം എടുക്കാവുന്ന തലത്തിലേക്ക് അവരെ ശാക്തീകരിക്കുക.എന്തിനും ഏതിനും അവര്‍ നിങ്ങളെ തന്നെ ആശ്രയിച്ചുകൊണ്ടിരുന്നാല്‍ അവര്‍ക്കും വളര്‍ച്ചയുണ്ടാകില്ല, സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകില്ല.നിങ്ങളുടെ അഭാവത്തിലും ആ സ്ഥാപനം ഒരു മുടക്കവും കൂടാതെ തരത്തില്‍ അതുമായി ബന്ധപ്പെട്ട ഓരോ ജീവനക്കാരനെയും ശക്തിപ്പെടുത്തുക.

വിശ്വാസം അത്യാവശ്യം

അനാവശ്യമായി ജീവനക്കാരെ സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യാതിരിക്കുക.
പല സ്ഥാപനങ്ങളിലും ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണം മേലാധികാരികളുടെ ഭാഗത്ത് നിന്നുള്ള സംശയദൃഷ്ടിയോട് കൂടിയുള്ള പെരുമാറ്റമാണ്. പകരം പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുക.അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കുക.അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുക.മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള അനാവശ്യമായ സംശയങ്ങളും വിശ്വാസക്കുറവും അവരുടെ കാര്യക്ഷമതയെ കാര്യമായി ബാധിക്കും.


കൃത്യമായി ആശയവിനിമയം നടത്തുക

ഏതൊരു ബന്ധത്തിന്റെയും സുസ്ഥിരമായ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് ആശയവിനിമയം എന്നത്.ഏതൊരു കാര്യവും പരസ്പരം തുറന്ന് പറയാനും ചോദിച്ചറിയാനുമുള്ള സാഹചര്യം ഉണ്ടാക്കുക. സുതാര്യമായ ആശയവിനിമയം ജീവനക്കാര്‍ക്ക് കമ്പനിയോടുള്ള മാനസികമായ അടുപ്പവും വിശ്വാസവും വര്‍ദ്ധിക്കാനിടയാക്കും. അതവരില്‍ ആത്മവിശ്വാസവും സുരക്ഷിതബോധവും വളര്‍ത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.