Sections

കേന്ദ്ര ബജറ്റ് ബാഗിൽ എന്തൊക്കെ? പ്രതീക്ഷയർപ്പിച്ച് രാജ്യം

Tuesday, Jan 31, 2023
Reported By admin
budget

പ്രവർത്തന മൂലധന സഹായമാണ് എംഎസ്എംഇ മേഖലയുടെ പ്രധാന പ്രതീക്ഷ


ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷകളോടെ രാജ്യം. ഈ വർഷം ധനമന്ത്രി നിർമലാ സീതാരാമൻ തുടർച്ചയായ അഞ്ചാമത്തെ ബജറ്റ് പ്രസംഗം നടത്താൻ പോകുന്നു എന്ന പ്രത്യേകതയുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായ ബജറ്റ് എന്ന നിലയിൽ യൂണിയൻ ബജറ്റ് പൊതുജനങ്ങൾക്ക് കൂടുതൽ അനുകൂലമായേക്കാം.

ഈ വർഷം ബിജെപി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതും ബജറ്റിൽ സ്വാധീനം ചെലുത്തും കഴിഞ്ഞ കേന്ദ്ര ബജറ്റിൽ രാജ്യത്തിന്റെ വികസനം മുന്നിൽക്കണ്ട് പിഎം ഗതിശക്തിക്ക് കീഴിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രലോഭനങ്ങേേളക്കാൾ രാജ്യത്തിന്റെ വികസനത്തിനായിരുന്നു ഊന്നൽ. എന്നാൽ 2023-ലെ കേന്ദ്ര ബജറ്റ് പൊതുജനങ്ങൾക്ക് കൂടുതൽ അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉയർന്ന പണപ്പെരുപ്പവും വിലക്കയറ്റവും ഒക്കെ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ആണ് ബജറ്റ് എത്തുന്നത്. 2023-24ൽ ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയേക്കുമെന്ന സൂചനകളുമുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ബജറ്റിൽ കൈക്കൊണ്ടേക്കാം. ഈ ബജറ്റിൽ സാധാരണക്കാർക്ക് നേട്ടമുണ്ടാകുന്ന പ്രഖ്യാപനങ്ങൾക്കൊപ്പം വലിയ വോട്ടുബാങ്കായ കർഷകർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

സംരംഭകരും സ്റ്റാർട്ടപ്പുകളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായക സംഭാവനകൾ നൽകുന്നതിനാൽ പുതിയ പദ്ധതികളും ഇളവുകളും പ്രതീക്ഷിക്കാം. സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ പ്രോത്സാഹനം നൽകിയേക്കും. പ്രവർത്തന മൂലധന സഹായമാണ് എംഎസ്എംഇ മേഖലയുടെ പ്രധാന പ്രതീക്ഷ. എംഎസ്എംഇ മേഖലയിലെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങൾക്ക് മുൻഗണന നൽകണം. കൂടുതൽ നിക്ഷേപം അനുവദിക്കുന്ന സ്റ്റാർട്ടപ്പ്-സൗഹൃദ രീതികളും നികുതി ഇളവുകളും നടപ്പിലാക്കണം എന്നതാണ് പരക്കെയുള്ള ആവശ്യം..

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും നഷ്ടം തടയുന്നതിനുമുള്ള സാങ്കേതിക വിദ്യാ വികസനത്തിന് നടപടികൾ സ്വീകരിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. റബർ വില ഇടിയുന്നതിനാൽ റബർ കർഷകർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന മുറവിളിയും ഉയരുന്നുണ്ട്.

കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഈ വർഷം മുതൽ ആരംഭിച്ചേക്കുമെന്ന സൂചനയുണ്ട്. റെയിൽവേക്കുള്ള ബജറ്റ് വിഹിതം ഉയർന്നേക്കും. കുറഞ്ഞ നിരക്കിൽ വിമാന യാത്ര സാധ്യമാക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും എന്ന് ഒരു വിഭാഗം പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി. ആദായനികുതി സ്ലാബുകളിൽ സാധാരണക്കാർക്കും ഇടത്തരക്കാർക്കും നികുതി ആനുകൂല്യങ്ങളും ഇളവുകളും നൽകുമെന്ന് ശമ്പളവരുമാനക്കാർ പ്രതീക്ഷിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.