Sections

കാർഷികരംഗത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വേണം - ഹൈബി ഈഡൻ

Monday, Jan 30, 2023
Reported By Admin

നഗര കേന്ദ്രീകൃത സംരംഭങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ നിന്നുള്ള ആശയങ്ങളെയും സ്റ്റാർട്ടപ്പ് സംരംഭകർ പരിഗണിക്കണം


ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്കായി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഉണ്ടാകണമെന്ന് ഹൈബി ഈഡൻ എം.പി. നഗര കേന്ദ്രീകൃത സംരംഭങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ നിന്നുള്ള ആശയങ്ങളെയും സ്റ്റാർട്ടപ്പ് സംരംഭകർ പരിഗണിക്കണം. ഈ ദിശയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്നും എം.പി പറഞ്ഞു.

ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച ജില്ലാ തല വ്യവസായ സംഗമവും സ്റ്റാർട്ട്അപ്പ് ഹാക്കത്തോണും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹിക ഇടപെടൽ സാധ്യമാക്കുന്ന സംരംഭങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തിലാണ് സ്റ്റാർട്ടപ്പുകൾക്ക് സഹായമെന്ന പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്. പ്രാദേശിക ആശയങ്ങളെ ബിസിനസ് ആശയങ്ങളായി രൂപപ്പെടുത്തുക, തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാദേശിക തലത്തിൽ മികച്ച സ്റ്റാർട്ടപ്പിനെ കണ്ടെത്താനാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. ആരോഗ്യം, കാർഷിക വികസനം, മാലിന്യ സംസ്കരണം, അടിസ്ഥാന വികസനം, മത്സ്യ ബന്ധനം, എന്നീ വിഭാഗങ്ങളിലുള്ള ആശയങ്ങൾ ഹാക്കത്തോണിൽ അവതരിപ്പിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ പ്രായോഗികതലത്തിലെത്തിക്കാൻ 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും.

മോഡൽ എഞ്ചിനീയറിംഗ് കോളേജ്, രാജഗിരി കോളേജ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കളമശ്ശേരി കീഡ് ക്യാമ്പസ്, ഐ. എച്ച്. ആർ. ഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഹാക്കത്തോൺ വിധികർത്താക്കളായി. സംരംഭക വർഷത്തിൻറെ ഭാഗമായി വിവിധ പദ്ധതികൾക്ക് ഏറ്റവുമധികം പിന്തുണ നൽകിയ യൂണിയൻ ബാങ്ക്, കാനറാ ബാങ്ക് പ്രതിനിധികളെ യോഗത്തിൽ ആദരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.