Sections

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Saturday, Feb 21, 2026
Reported By Admin
West Coast Canal Phase 1 Inaugurated in Kerala

  • ചിലക്കൂർ ടൂറിസം പദ്ധതി, ഇൻലാൻഡ് നാവിഗേഷൻ വികസന പദ്ധതി ഉദ്ഘാടനവും നടക്കും

തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനത്തിൽ പുതിയ തുടക്കം കുറിച്ച് സംസ്ഥാന സർക്കാരിൻറെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം - ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ട നവീകരണം പൂർത്തിയാകുന്നു.

തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ കനാൽ പാത ഫെബ്രുവരി 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.

വർക്കലയിലെ ചിലക്കൂർ ബീച്ച് പാർക്കിൽ നടക്കുന്ന ചടങ്ങിൽ വി ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരിക്കും.

സംസ്ഥാന സർക്കാരിൻറെയും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

പുഴകൾ, കായലുകൾ, കനാലുകൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കൽ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ആക്കുളം മുതൽ ചേറ്റുവ വരെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.

വർക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിൻറെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവൽക്കരണവും സിയാൽ നടപ്പാക്കുകയാണ്. ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിൻറെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാൽ പുറത്തിറക്കും.

616 കിലോമീറ്റർ ദൈർഘ്യമുള്ള കോവളം-ബേക്കൽ ജലപാത പദ്ധതി രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണെന്ന് ക്വിൽ ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. മനുഷ്യനിർമ്മിത കനാലുകൾ, കായലുകൾ, നദികൾ എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണെന്നതാണ് ഈ പാതയുടെ സവിശേഷത. പാർവതി പുത്തനാർ, കൊല്ലം തോട്, പൊന്നാനി- ചേറ്റുവ കനാൽ, കനോലി കനാൽ, പൂരപ്പുഴ കനാൽ, പയ്യോളി കനാൽ, വടകര-മാഹി കനാൽ എന്നീ മനുഷ്യ നിർമ്മിത കനാലുകളിലൂടെയാണ് ജലപാത കടന്നുപോകുന്നത്. 39 പുഴകളും വിവിധ കായലുകളും പാതയുടെ ഭാഗമാണ്. 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ കനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാലങ്ങളുടെയും ബോട്ട് ജെട്ടികളുടെയും നിർമ്മാണം, കനാൽ ഡ്രെഡ്ജിംഗ്, കനാൽ തീര സൗന്ദര്യവത്കരണം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ ക്വിൽ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാന ജലപാത മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി തൃശൂർ-കാട്ടൂർ ഭാഗത്തെ മധുരംപള്ളിയിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ ജലപാതയുടെ വീതിയും ആഴവും കൂട്ടി. തൃപ്രയാർ, കണ്ടശ്ശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളിൽ മൂന്ന് ബോട്ട് ജെട്ടികളുടെ നിർമ്മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയിൽ നാല് ബോട്ട് ജെട്ടികൾ സ്ഥാപിച്ചു.

കോഴിക്കോട്, കുറ്റ്യാടി, നാദാപുരം, വടകര എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിനു കുറുകെയുള്ള വെങ്ങോലി പാലം പൂർത്തിയായി. പാർവതി പുത്തനാർ കനാലിനു കുറുകെ നിർമ്മിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് പാലം കമ്മീഷൻ ചെയ്തു.

ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് പൂർത്തിയാക്കിയ വിവിധ പദ്ധതികളായ കോഴിക്കോടുള്ള മൂഴിക്കൽ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരത്തെ സെൻറ് ആൻഡ്രൂസ് പാലം, ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിക്കുന്ന വടകര-മാഹി കനാലിൻറെ 14 കിലോമീറ്റർ ഭാഗം എന്നിവയും പ്രവർത്തനക്ഷമമാണ്. കോഴിക്കോട് കോട്ടപ്പള്ളി പാലത്തിൻറെ നിർമ്മാണം ഉടൻ ആരംഭിക്കും.

കനാൽ വികസന പരിപാടിയുടെ ഭാഗമായി 95.6 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. വർക്കല വെസ്റ്റ് കോസ്റ്റ് കനാൽ - റീച്ച് 1, റീച്ച് 2, കഠിനംകുളം വെസ്റ്റ് കോസ്റ്റ് കനാൽ റീച്ച്, വടകര-മാഹി കനാൽ - ഫസ്റ്റ് റീച്ച്, ചിറയിൻകീഴ് കടകം പാലം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രവൃത്തികളും ശിവഗിരി തുരങ്കത്തിൻറെ വടക്കുവശത്തെ ആഴം കൂട്ടൽ ജോലികളും പുരോഗമിക്കുന്നു.

വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 325 കോടി രൂപയുടെ മൊത്തം വികസന വിഹിതത്തിൽ ഏകദേശം 280 കോടി രൂപ കനാലിൻറെ ഇരു കരകളിലുമുള്ള താമസക്കാർക്ക് സുരക്ഷിതവും, മെച്ചപ്പെട്ടതുമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായി വിനിയോഗിച്ചു. കൂടാതെ പുനർഗേഹം പദ്ധതിയിലൂടെ പുനരധിവാസ പ്രവർത്തനങ്ങളും നടപ്പിലാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.