Sections

വിഴിഞ്ഞം തുറമുഖം: സ്റ്റാർട്ടപ്പുകൾക്ക് ഒരുങ്ങുന്നത് അവസരങ്ങളുടെ മഹാസാഗരം ഹഡിൽ ഗ്ലോബലിൽ വിദഗ്ധർ

Saturday, Nov 14, 2026
Reported By Admin
Vizhinjam Port to Unlock New Startup and Business Opportunities

  • ലോജിസ്റ്റിക്സ് മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ വികസനത്തോടെ കേരളത്തിൻറെ ലോജിസ്റ്റിക്സ്, സമുദ്ര അനുബന്ധ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്കും വാണിജ്യമേഖലയ്ക്കും അവസരങ്ങളുടെ മഹാസാഗരമാണ് തുറക്കപ്പെടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ 'ഫോളോ ദി കണ്ടെയ്നർ: വിഴിഞ്ഞത്തിൻറെ ലോജിസ്റ്റിക്സ് സമ്പദ് വ്യവസ്ഥയിൽ എവിടെയാണ് ധനസമ്പാദനം (വേർ ദി മണി വിൽ ബി മേഡ് ഇൻ വിഴിഞ്ഞംസ് ലോജിസ്റ്റിക്സ് ഇക്കോണമി) എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് വ്യവസായ, തുറമുഖ, ഭരണ, അക്കാദമിക് മേഖലകളിലെ പ്രമുഖർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.

വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടൻറ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്റ് ചെയ്ത ചർച്ചയിൽ വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ് ഐ.എ.എസ്, അദാനി പോർട്ട് & സെസ് സി.ഇ.ഒ പ്രദീപ് ജയരാമൻ, ഹൗസ് ഓഫ് നിലമേൽ സി.ഇ.ഒ സുരേഷ് മാത്യു, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി (കുഫോസ്) വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജു കുമാർ എന്നിവരാണ് പങ്കെടുത്തത്.

വിഴിഞ്ഞത്തെ സമ്പൂർണ്ണ ഗേറ്റ് വേ തുറമുഖമാക്കി മാറ്റുന്നതിനായി 2028-29 കാലയളവിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മൂന്ന് പ്രധാന ഗതാഗത പദ്ധതികൾക്ക് വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് മുൻഗണന നൽകുന്നതായി എംഡി ജെറോമിക് ജോർജ് ഐ.എ.എസ് അറിയിച്ചു. ബാലരാമപുരത്ത് നിന്ന് തുറമുഖത്തേക്ക് നേരിട്ടുള്ള ഭൂഗർഭ റെയിൽ തുരങ്കം, ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ക്ലോവർലീഫ് ഇൻറർചേഞ്ച്, തിരുവനന്തപുരം നഗരത്തിന് ചുറ്റുമുള്ള ഔട്ടർ റിംഗ് റോഡ് എന്നിവ യാഥാർത്ഥ്യമാകുന്നതോടെ തുറമുഖത്തിന് ചുറ്റും വലിയൊരു വ്യാവസായിക വളർച്ചാ ഇടനാഴി രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് സമീപമുള്ള വിഴിഞ്ഞത്തിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പ്രയോജനപ്പെടുത്തി കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന ബങ്കറിംഗ് ഹബ്ബായും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമായും വിഴിഞ്ഞത്തെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുറമുഖത്തിൻറെ പ്രധാന ടെർമിനൽ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റഡ് ആയതിനാൽ, സ്റ്റാർട്ടപ്പുകളും സംരംഭകരും തുറമുഖത്തിന് പുറത്തുള്ള അനുബന്ധ ആവാസവ്യവസ്ഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പ്രദീപ് ജയരാമൻ അഭിപ്രായപ്പെട്ടു. എക്സിം കാർഗോ ആരംഭിച്ചതോടെ എംറ്റി കണ്ടെയ്നർ പാർക്കുകൾ, ഷിപ്പ് ചാൻഡ്ലിംഗ്, ക്രൂ ചേഞ്ച് എന്നിവയ്ക്ക് ഉടനടി ആവശ്യകത വർദ്ധിക്കുമെന്നും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ വെയർഹൗസ് ഓട്ടോമേഷൻ, എ.ഐ അധിഷ്ഠിത കാർഗോ ഹാൻഡ്ലിംഗ്, ഹെവി എൻജിനീയറിങ് അസംബ്ലി യൂണിറ്റുകൾ എന്നിവയിൽ വലിയ നിക്ഷേപ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മുതൽ ഏഴ് വർഷത്തിനുള്ളിൽ കയറ്റുമതി അധിഷ്ഠിത നിർമ്മാണ മേഖലകളും, ഹൗസിംഗ്, ഹോസ്പിറ്റാലിറ്റി, ധനകാര്യ സേവനങ്ങളും വികസിക്കുമെന്നും, സംരംഭകർ വിപണിയിലെ പോരായ്മകൾ സ്വയം പഠിച്ച് പരിഹാരങ്ങളുമായി മുന്നോട്ട് വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിലവിൽ വിഴിഞ്ഞത്ത് കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്കുള്ള ട്രാൻസ്ഷിപ്പ്മെൻറ് പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും, കയറ്റുമതി-ഇറക്കുമതി (എക്സിം) കാർഗോ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെയാണ് കേരളത്തിലെ ജനങ്ങൾക്ക് തുറമുഖത്തിൻറെ യഥാർത്ഥ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും സുരേഷ് മാത്യു പറഞ്ഞു. കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുത്തേക്കാമെന്നും, അത് പൂർത്തിയാകുന്നതോടെ അനുബന്ധ മേഖലകളിൽ വൻ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുറമുഖ മേഖലയ്ക്ക് ആവശ്യമായ പ്രത്യേക നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുന്നതിനായി സർവ്വകലാശാലകളുടെ കൂട്ടായ്മയോടെ മാരിടൈം സ്കിൽ അക്കാദമിയും സ്കിൽ പാർക്കും സ്ഥാപിക്കണമെന്ന് പ്രൊഫ. എ. ബിജു കുമാർ നിർദ്ദേശിച്ചു. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സമുദ്ര ഗവേഷണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് 'ബ്ലൂ ഇക്കോണമി നോളജ് ക്ലസ്റ്റർ' രൂപീകരിക്കണമെന്നും, ഇൻകുബേഷൻ സെൻററുകളിലൂടെ ഗവേഷണങ്ങളെ വാണിജ്യ സ്റ്റാർട്ടപ്പുകളാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.