- Trending Now:
തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ പെലോഡ്-ഹോസ്റ്റിങ് ഉപഗ്രഹം നിർമ്മിച്ച ടെക്നോപാർക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ഹെക്സ്20 നിള പരമ്പരയിലെ മൂന്നാമത്തെ ബഹിരാകാശ പേടകമായ 'നിള-3' അടുത്ത വർഷം വിക്ഷേപിക്കും. സ്കൈറൂട്ട് എയ്റോസ്പേസിൻറെ 'വിക്രം-1' വിക്ഷേപണ ട്രാൻസ്പോർട്ടറിലായിരിക്കും ഇത് വിക്ഷേപിക്കുക.
ഈ ബഹിരാകാശ ദൗത്യത്തിനായി ഹെക്സ്20 ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ്, ജർമ്മനിയിലെ എക്സോലോഞ്ച്, യുകെ ആസ്ഥാനമായ ഓംസ്പേസ് എന്നിവയുമായി സഹകരിക്കും. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ-ക്ലാസ് റോക്കറ്റായ 'വിക്രം-1' ഈ വർഷം ജൂലൈയിൽ സ്കൈറൂട്ട് എയ്റോസ്പേസ് വിജയകരമായി വിക്ഷേപിച്ചിരുന്നു.
ഹെക്സ്20യുടെ നിള-3 4യു ബഹിരാകാശ പേടകം ഭ്രമണപഥത്തിലെ പരീക്ഷണ-പ്രകടനത്തിനായി ഓംസ്പേസിൻറെ ഉയർന്ന താപനിലയിലുള്ള റെസിസ്റ്റോജെറ്റ് വഹിക്കും. എക്സോലോഞ്ചിൻറെ 8യു ഡിസ്പെൻസറിൽ നിന്നായിരിക്കും ഇത് വിന്യസിക്കുക. സ്കൈറൂട്ട് എയ്റോസ്പേസിൻറെ തന്നെ 4യു 'സ്കോപ്' ഉപഗ്രഹവും ഇതേ ഡിസ്പെൻസറിലായിരിക്കും ഉണ്ടാവുക.
ഹെക്സ്20 നിർമ്മിച്ച ബഹിരാകാശ പേടകം സ്കൈറൂട്ട് എയ്റോസ്പേസിൻറെ വിക്ഷേപണ ട്രാൻസ്പോർട്ടറിൽ ഒരു അന്താരാഷ്ട്ര ഉപഭോക്താവിനായി വിക്ഷേപിക്കുന്നത് ബഹിരാകാശ മേഖലയിലെ മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തോട് ചേരുന്നതാണ്.
നിള-3 എക്സോലോഞ്ച് വഴി സ്പേസ് എക്സ് ട്രാൻസ്പോർട്ടറിൽ വിക്ഷേപിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെന്ന് ഹെക്സ്20 സഹസ്ഥാപകനും സിഇഒയുമായ അമൽ ചന്ദ്രൻ പറഞ്ഞു. അത് സ്കൈറൂട്ട് എയ്റോസ്പേസിൻറെ വിക്ഷേപണ ട്രാൻസ്പോർട്ടറിലേക്ക് മാറ്റുന്നത് ഇന്ത്യൻ ബഹിരാകാശ ആവാസവ്യവസ്ഥയുടെ വളർച്ചയെ അടയാളപ്പെടുത്തുന്ന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ മേഖലയെ കൂടുതൽ പ്രാപ്യമാക്കാൻ ശക്തമായ പങ്കാളിത്തം ആവശ്യമാണെന്ന് സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിഇഒയുമായ പവൻ കുമാർ ചന്ദന പറഞ്ഞു. വിക്ഷേപണം, ഉപഗ്രഹ നിർമ്മാണം, വിന്യാസം, പ്രൊപ്പൽഷൻ എന്നീ കഴിവുകളുള്ള നാല് കമ്പനികളെ ഈ ദൗത്യം ഒന്നിപ്പിക്കുന്നു. അന്താരാഷ്ട്ര ഉപഭോക്തൃ-പങ്കാളി ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ഈ സാങ്കേതികവിദ്യകളെ വിക്രം-1 ൽ ഒരുമിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാരംഭ ചർച്ചകളിൽ നിന്ന് രണ്ട് മാസത്തിനുള്ളിൽ ഉണ്ടായ പുരോഗതി വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന വിക്ഷേപണ സാഹചര്യങ്ങളിൽ കമ്പനികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയുള്ള നേട്ടത്തെ അടയാളപ്പെടുത്തുവെന്ന് എക്സോലോഞ്ച് ചീഫ് റവന്യൂ ഓഫീസർ മിസ്റ്റർ കിയർ ഫോർട്ടിയർ പറഞ്ഞു. ഹെക്സ്20, എക്സോലോഞ്ച്, സ്കൈറൂട്ട്, ഓംസ്പേസ് എന്നിവ തമ്മിലുള്ള സഹകരണം സ്കൈറൂട്ടിൻറെ വിക്രം ലോഞ്ച് വെഹിക്കിളിലെ ആദ്യ വിക്ഷേപണമാണെന്നും ഇത് ഭാവിയിലെ നിരവധി ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈയിൽ സ്കൈറൂട്ടിൻറെ വിജയകരമായ ആദ്യ ഭ്രമണപഥ യാത്ര ബഹിരാകാശത്തിലേക്കുള്ള സ്വതന്ത്ര പ്രവേശനത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് ഓംസ്പേസ് സ്ഥാപകനും സിഇഒയുമായ ഡോ. ഫെഡറിക്കോ റോമെയ് പറഞ്ഞു. ഹെക്സ്20, എക്സോലോഞ്ച് എന്നിവയുമായി ചേർന്നുള്ള വിക്രമിലെ ആദ്യ ദൗത്യം ബഹിരാകാശ യാത്രാ പാരമ്പര്യത്തിന് ഏറെ പ്രാധാന്യമുള്ള ഈ ഘട്ടത്തിൽ ഓംസ്പേസിനെ സംബന്ധിച്ച് പുതിയ പാത തുറക്കാൻ പോന്നതാണ്. ലോകമെമ്പാടുമുള്ള വിദഗ്ധ കമ്പനികൾ കഴിവുകൾ പരസ്പരം സംഭാവന ചെയ്ത് നേട്ടങ്ങൾ ഒരുമിച്ച് കൈവരിക്കുന്ന രീതിയാണ് ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ ഇപ്പോൾ നിലനിൽക്കുന്നത്. ഈ യൂറോപ്യൻ-ഇന്ത്യൻ പങ്കാളിത്തത്തിൻറെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജർമ്മനിയിലെ ബ്രെമെനിൽ നടന്ന സ്പേസ് ടെക് എക്സ്പോയിലാണ് യൂറോപ്പ് 2026 ൽ നാല് കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.