- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, ടെക്നോപാർക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആദ്യ ഐ.ടി കലോത്സവത്തിന് തുടക്കമായി. നവംബർ 19 മുതൽ 24 വരെ നടക്കുന്ന ആറുദിവസത്തെ കലാമേള ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ടെക്നോപാർക്ക് സി.ഇ.ഒ ഹരിശങ്കർ രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു.
ടെക്നോപാർക്കിലെ വിവിധ വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 50 ഓളം മത്സര ഇനങ്ങളിലായി 1,500 ലധികം ഐ.ടി പ്രൊഫഷണലുകൾ പങ്കെടുക്കും. ഐ.ടി ജീവനക്കാരുടെ 700 ഓളം കുട്ടികൾ പങ്കെടുക്കുന്ന പ്രത്യേക കിഡ്സ് ഫെസ്റ്റും കലോത്സവത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഐ.ടി മേഖലയിലെ ജീവനക്കാരുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾക്ക് വേദിയൊരുക്കുകയാണ് കലോത്സവത്തിൻറെ ലക്ഷ്യം.
ചലച്ചിത്ര സംവിധായിക വിധു വിൻസെൻറ്, ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റൽ മീഡിയ ഹെഡ് മുരളി, പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, ഐ.ടി കലോത്സവം ജനറൽ കൺവീനർ വിനീത് ചന്ദ്രൻ, പ്രതിധ്വനി പ്രസിഡൻറ് വിഷ്ണു രാജേന്ദ്രൻ, പ്രോഗ്രാം കൺവീനർ രോഹിത് കെ. തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിൻറെ തത്സമയ സംഗീത പരിപാടിയോടെയാണ് ആദ്യദിനത്തിലെ കലാപരിപാടികൾക്ക് തുടക്കമായത്.
മിമിക്രി, മോണോ ആക്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയ നൃത്തം, വാദ്യസംഗീതം, പ്രസംഗം, കവിതാപാരായണം, ഫോട്ടോഗ്രഫി, സ്റ്റാൻഡ് അപ് കോമഡി, ഒപ്പന, തിരുവാതിര, സംഘനൃത്തം, മൈം, നാടൻപാട്ട്, സ്കിറ്റ് തുടങ്ങി വ്യക്തിഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടക്കും. ഫാഷൻ ഷോ, ഡാൻസ് വാർ, ബാൻഡ് വാർ എന്നിവയും കലോത്സവത്തിലെ പ്രധാന ആകർഷണങ്ങളാണ്.
കിൻഡർഗാർട്ടൻ (കെ.ജി), ലോവർ പ്രൈമറി (എൽ.പി), അപ്പർ പ്രൈമറി (യു.പി), ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗങ്ങളിലായാണ് കിഡ്സ് ഫെസ്റ്റിലെ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പിന്നണിഗായകൻ സൂരജ് സന്തോഷിൻറെ സംഗീത പരിപാടിയോടെയാണ് കലോത്സവത്തിന് സമാപനമാകുക.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മെഡലുകളും ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന കമ്പനിക്ക് എവർ റോളിങ് ട്രോഫി നൽകും.
കൂടുതൽ വിവരങ്ങൾക്ക്: https://itkalolsavam.prathidhwani.org സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.