Sections

ബ്രിക്-ആർജിസിബി യിൽ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

Friday, Nov 20, 2026
Reported By Admin
BRIC-RGCB Marks 31st Foundation Day with Research Focus

തിരുവനന്തപുരം: ബ്രിക്-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ (ബ്രിക്-ആർജിസിബി) 31-ാമത് സ്ഥാപകദിനം സമുചിതം ആഘോഷിച്ചു. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്നതുമായ 'പർപ്പസ് ഡ്രിവൻ പ്രൊജക്റ്റുകൾക്കും' മുൻഗണന നൽകുമെന്ന് ബ്രിക് ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു. ദിനാചരണത്തിൻറെ ഉദ്ഘാടന സെഷനിൽ പ്രത്യേത പ്രഭാഷണം നടത്തുകയായിരുന്നു അവർ.

ശാസ്ത്രജ്ഞരുടെ ഭാവനയ്ക്കും മൗലിക ആശയങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന ഗവേഷണത്തോടൊപ്പം സമൂഹത്തിൻറെ സമകാലിക ആവശ്യങ്ങൾ നിറവേറ്റുന്ന ലക്ഷ്യബോധമുള്ള പ്രോജക്റ്റുകൾക്കും ആർജിസിബി ഊന്നൽ നൽകും. ജീവശാസ്ത്ര മേഖലയിലെ പുത്തൻ കണ്ടുപിടുത്തങ്ങളിൽ നിന്ന് ഡിസൈനിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഗവേഷകർ സ്വന്തം പ്രവർത്തനങ്ങളിൽ 'ബയോ -ഡിസൈൻ' ആശയം സ്വീകരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

അടിസ്ഥാന ശാസ്ത്രവും പ്രായോഗിക ശാസ്ത്രവും സംയോജിപ്പിച്ച് മികച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ആർജിസിബി പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സമൂഹത്തിന് പ്രയോജനകരമായ നിരവധി പദ്ധതികൾക്ക് തുടക്കം കുറിയ്ക്കാൻ ആർജിസിബി യ്ക്ക് സാധിച്ചതായും അവർ കൂട്ടിച്ചേർത്തു.

കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ ' ഈസ് എഐ ദി അൾട്ടിമേറ്റ് മഹാഗുരു ഓഫ് എവിരിതിങ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മനുഷ്യൻറെ വൈകാരിക സവിശേഷതകൾക്കും ഭാവനയ്ക്കും പകരം വയ്ക്കാൻ എഐ യ്ക്ക് സാധിക്കില്ലെന്ന് ഡോ. അച്യുത് ശങ്കർ എസ്. നായർ പറഞ്ഞു. സാങ്കേതികവിദ്യ എത്ര വളർന്നാലും മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എ.ഐ യ്ക്ക് എല്ലാം മേഖലകളിലും കൈകടത്താൻ സാധിക്കുമെങ്കിലും മനുഷ്യൻറെ സന്തോഷവും തലച്ചോറിൻറെ പ്രവർത്തനവും നിലനിർത്താൻ ബോധപൂർവമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി , തിരുവനന്തപുരം ഐസർ പ്രൊഫസർ ഡോ. ഹേമ സോമനാഥൻ എന്നിവരും സംസാരിച്ചു.

ഡിജിറ്റൽ ന്യൂറോ സയൻസിൻറെ ഭാവി സാധ്യതകളും മുന്നേറ്റങ്ങളും നിർമ്മിതബുദ്ധി , കമ്പ്യൂട്ടേഷണൽ ടൂളുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളും മനുഷ്യമസ്തിഷ്കത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് സഞ്ജയ് ബെഹാരി ദൃശ്യങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു. സാങ്കേതിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാനും ആരോഗ്യപരിപാലനം, രോഗനിർണയം, നാഡീരോഗ ചികിത്സ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഈ നൂതന ആശയങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു.

ഐസർ പ്രൊഫസർ ഡോ. ഹേമ സോമനാഥൻ പ്രാണികളുടെ ന്യൂറോഎത്തോളജിയെക്കുറിച്ചാണ് പ്രഭാഷണം നടത്തിയത്. പ്രാണികളും വവ്വാലുകളും ഉൾപ്പെടെയുള്ള ജിവികൾ വെളിച്ചത്തെയും നിറങ്ങളെയും എങ്ങനെ തിരിച്ചറിയുന്നുവെന്നും ഇത്തരം ദൃശ്യസൂചനകൾ അവയുടെ സ്വഭാവരീതികളെ എങ്ങനെ സ്വാധീനിക്കുവെന്നും അവരുടെ പഠനത്തിൻറെ അടിസ്ഥാനത്തിൽ വിശദീകരിച്ചു.

ആർജിസിബി സയൻറിസ്റ്റായ ഡോ. എസ്. ആശാ നായർ സ്വാഗതവും ഡോ. പ്രിയ ശ്രീനിവാസ് നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ആർജിസിബി യിലെ മികച്ച ഫാക്കൽറ്റികൾക്കും വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. 2023-2026 വർഷത്തെ മികച്ച അധ്യാപകനായി ഡോ. ദിലീപ് വാസുദേവൻ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗവേഷണ പ്രബദ്ധാവതരണത്തിനുള്ള ഡോ. എം ആർ ദാസ് സ്റ്റുഡൻറ് മെറിറ്റ് അവാർഡ് വർഷ ഷാജിയ്ക്ക് ലഭിച്ചു. മികച്ച തിസീസിനുള്ള പി കെ അയ്യങ്കാർ അവാർഡിന് വിപിൻ സി എൽ അർഹനായി.

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച '3 മിനിട്ട് തിസീസ്' അവതരണ മത്സരം പരിപാടിയെ ആകർഷകമാക്കി. മത്സരത്തിൽ തിരുവനന്തപുരം ഐഐഎസ്ടി യിലെ പ്രിയങ്ക .എം ന് ഒന്നാംസമ്മാനം ലഭിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.