Sections

വിഴിഞ്ഞം തുറമുഖ വികസനം: ടെക്നോളജിയും കണക്ടിവിറ്റിയും നിർണായകമെന്ന് ഹഡിൽ ഗ്ലോബലിൽ പോർട്ട് സിഇഒ

Sunday, Dec 14, 2025
Reported By Admin
Vizhinjam Port Offers Major Investment Opportunities: CEO

തിരുവനന്തപുരം: കടലിലും കരയിലും ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ളതിനാൽ വരുന്ന അഞ്ച് വർഷക്കാലം നിക്ഷേപകർക്കും സംരംഭകർക്കും വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം മുന്നോട്ടു വയ്ക്കുന്നതെന്ന് വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് സിഇഒ ശ്രീകുമാർ കെ നായർ പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ഏഴാം പതിപ്പിൽ 'മാരിടൈം നവീകരണ മേഖലയിൽ കേരളത്തിൻറെ സാധ്യതകൾ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻറെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം അത്യാധുനിക സൗകര്യങ്ങളാൽ സജ്ജമാണ്, പ്രവർത്തനം തുടങ്ങി വെറും 13 മാസത്തിനകം 160 രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകൾ എത്തിയതായും അദ്ദേഹം വ്യക്തമാക്കി. എങ്കിലും തുറമുഖത്തിൻറെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണാ സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

റോഡുകൾ, റെയിൽവേ, കണ്ടെയ്നർ യാർഡുകൾ, കപ്പലുകൾക്ക് സർവീസ് നൽകുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഇനിയും ആവശ്യമാണ്. രാജ്യത്തെ ഏക ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖമായതിനാൽ തന്നെ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന് സഹായിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ചരക്കുകൾ മുംബൈ, ചെന്നൈ തുടങ്ങിയ പഴയ തുറമുഖങ്ങളെ അപേക്ഷിച്ച് യൂറോപ്പ്, യുഎസ് പോലുള്ള പ്രധാന വിപണികളിൽ അതിവേഗത്തിൽ എത്തുമെന്ന് അദ്ദേഹം വിശദമാക്കി.

ഇന്ത്യയിലെ സ്വകാര്യ കപ്പൽ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ 70,000 കോടി വകയിരുത്തിയിരിക്കുന്നതിനാൽ രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കപ്പൽ നിർമ്മാണ രംഗത്ത് വിപുലമായ സാധ്യതകളുണ്ടെന്ന് സ്മാർട്ട് എഞ്ചിനീയറിംഗ് ആൻഡ് ഡിസൈൻ സൊല്യൂഷൻസ് ലിമിറ്റഡ് പ്രസിഡൻറും സിഇഒയുമായ ആൻറണി പ്രിൻസ് പറഞ്ഞു.

പാരമ്പര്യ വ്യവസായമെങ്കിലും ഷിപ്പിംഗ് എന്നത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. എമിഷൻ, ഷിപ്പിംഗ് ഡാറ്റ, നാവിഗേഷൻ തുടങ്ങിയ രംഗങ്ങളിൽ സ്ഥിരമായി നവീകരണം നടക്കുന്നുണ്ട്. ഷിപ്പിംഗിൻറെ എല്ലാ ഘട്ടങ്ങളിലും പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന പരിഹാരങ്ങൾ കൊണ്ടുവരാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിൽ യുവസംരംഭകർ കാണിക്കുന്ന ആവേശം ഏറെ ശ്രദ്ധേയമാണെന്ന് ഷിപ്പ്റോക്കറ്റ് ചീഫ് പ്രോഡക്ട് ഓഫീസർ പ്രഫുൽ പോഡാർ. മുംബൈയിലും ഡൽഹിയിലും നടന്ന പരിപാടിയിലും സമാനമായ ഊർജ്ജമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സപ്ലൈ ചെയിൻ കൺസൾട്ട് ബോർഡ് അഡൈ്വസറും ആമസോൺ പിവുട്ട് മുൻ വൈസ് പ്രസിഡൻറുമായ അഖിൽ സക്സേന മോഡറ്ററായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.