Sections

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ത്രിപുരയിലെ വനിതാ സ്വയംസഹായ സംഘങ്ങളുമായി ഉപരാഷ്ട്രപതി സംവദിച്ചു

Monday, Mar 09, 2026
Reported By Admin
Vice President Praises SHG Women at Tripura Event

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ത്രിപുരയിലെ ഹപ്പാനിയയിലുള്ള ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഫെയർ സെന്ററിൽ വനിതാ സ്വയംസഹായ സംഘങ്ങളിലെ (SHGs) അംഗങ്ങളുമായി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് സംവദിക്കുകയും, താഴെത്തട്ടിലുള്ള വികസനത്തിനും വനിതാ ശാക്തീകരണത്തിനും അവർ നല്കുന്ന സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുവെന്നും, സ്ത്രീകളുടെ വികസനം എന്ന ആശയത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്നതിലേക്ക് രാജ്യം മാറിയെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, ഉപരാഷ്ട്രപതി പറഞ്ഞു. സ്വയംസഹായ സംഘങ്ങൾ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന്റെ ശക്തമായ ഉപകരണമായി മാറിയെന്നും, ഇത് സ്ത്രീകളെ ആത്മവിശ്വാസമുള്ള നേതാക്കളായും രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളായും ഉയരാൻ പ്രാപ്തരാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഖ്പതി ദീദി സംരംഭത്തെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട് , രാജ്യത്തുടനീളമുള്ള ഏകദേശം 10 കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, രണ്ട് കോടിയിലധികം സ്ത്രീകൾ ഇതിനകം ലഖ്പതി ദീദികളായി മാറിയിട്ടുണ്ടെന്നും ശ്രീ രാധാകൃഷ്ണൻ പറഞ്ഞു. ത്രിപുര സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട്, സ്ത്രീ ശാക്തീകരണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള പുരോഗതി പ്രതിഫലിപ്പിക്കുന്ന, 1.35 ലക്ഷം ലഖ്പതി ദീദികളെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യം സംസ്ഥാനം നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമോ ഡ്രോൺ ദീദി പോലുള്ള പദ്ധതികളെയും പ്രധാൻ മന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളിൽ വനിതാ ഗുണഭോക്താക്കൾക്ക് നൽകുന്ന മുൻഗണനയേയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഈ പദ്ധതികൾ സ്ത്രീകളുടെ ജീവിതത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തും സംരംഭകത്വത്തിലും സ്ത്രീകൾ കൈവരിക്കുന്ന വർദ്ധിച്ചുവരുന്ന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ, പല ലഖ്പതി ദീദിമാരും ഉടൻ തന്നെ കോടിപതി ദീദിമാരായി മാറുമെന്നും അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ശ്രീ രാധാകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഫെയർ സെന്ററിലെ സ്വയംസഹായ സംഘങ്ങളുടെ സ്റ്റാളുകളും ഉപരാഷ്ട്രപതി സന്ദർശിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള സ്വയംസഹായ സംഘങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള പ്രാദേശിക ഉൽപ്പന്നങ്ങളെക്കുറിച്ച് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ത്രിപുര ഗവർണ്ണർ ശ്രീ ഇന്ദ്രസേന റെഡ്ഡി നല്ലു, ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ, നിയമസഭാ അംഗങ്ങൾ, സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.