Sections

പാണ്ടനാട് സിബിഎൽ: ത്രസിപ്പിക്കുന്ന മത്സരം അട്ടിമറി അതിജീവിച്ച് വീയപുരം വീണ്ടും ജേതാക്കൾ

Monday, Nov 17, 2025
Reported By Admin
Veeppuram Wins CBL Season 5 Pandanad Race

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ ചെങ്ങന്നൂർ പാണ്ടനാട് നടന്ന ഏഴാം മത്സരത്തിൽ വില്ലേജ് ബോട്ട് ക്ലബ് (3:38:158 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. സിബിഎല്ലിലെ കറുത്ത കുതിരകളായി മാറിയ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ഉയർത്തിയ കടുത്ത വെല്ലുവിളി 0.253 മൈക്രോ സെക്കൻറുകൾക്ക് മറികടന്നാണ് വീയപുരം ഫിനിഷ് ചെയ്തത്.

നിരണം ചുണ്ടൻ(നിരണം ബോട്ട് ക്ലബ്) രണ്ടാമതും(3:38:305 മിനിറ്റ്) പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ (3:38:575 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു.

ഓരോ മത്സരം കഴിയുമ്പോഴും നാടകീയതയും ജയപരാജയങ്ങൾ ഓരോ തുഴയ്ക്കും മാറി മറിയുകയും ചെയ്യുന്നതാണ് ഇക്കുറി സിബിഎല്ലിൽ കാണാൻ കഴിയുന്നത്. ഹീറ്റ്സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലെത്തിയ നിരണം ചുണ്ടൻ മത്സരത്തിന്റെ ആദ്യ പകുതിയിൽ ചിത്രത്തിലില്ലായിരുന്നു. തുടക്കം മുതൽ വീയപുരവും മേൽപ്പാടവും മുന്നിലും പിന്നിലുമായി കണ്ണുപൊത്തിക്കളിച്ചു. എന്നാൽ പകുതിയ്ക്ക് ശേഷം നിരണം ചാട്ടുളി പോലെ മുന്നേറി രണ്ട് പേരെയും മറികടന്ന് ലീഡ് നേടി. അവസാന പാദത്തിന് തൊട്ടുമുമ്പ് മൂന്ന് തുഴപ്പാടുകൾക്കെങ്കിലും നിരണം മുന്നിലായിരുന്നു. പക്ഷെ അവസാന പത്ത് മീറ്ററിൽ വീയപുരം നടത്തിയ ജീവൻ മരണ പോരാട്ടം ഫലം കണ്ടു. സെക്കന്റിന്റെ ആയിരത്തിലൊരംശത്തിലാണ് വീയപുരത്തിന് നിരണത്തെ മറികടക്കാനായത്.

നടുവിലെ പറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്) നാല്, നടുഭാഗം ചുണ്ടൻ(പുന്നമട ബോട്ട് ക്ലബ്)അഞ്ച്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)ഏഴ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് പാണ്ടനാട്ടെ പോയിന്റ് നില.

ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാർ എം കെ വിജയികൾക്ക് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎൽ നോഡൽ ഓഫീസറുമായ അഭിലാഷ് കുമാർ ടി ജി, സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. അൻസാർ കെഎഎസ്, ടൂറിസം വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി വി, സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.