Sections

അശാസ്ത്രീയ നികുതി പരിഷ്‌ക്കാരങ്ങൾ ഹോട്ടൽ മേഖലയെ പ്രതികൂലമായി ബാധിച്ചു: മുഖ്യമന്ത്രി

Monday, Feb 13, 2023
Reported By Admin
KHRA

അശാസ്ത്രീയമായ നികുതി പരിഷ്‌ക്കാരങ്ങൾ രാജ്യത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാർക്കൊപ്പം ഹോട്ടൽ, റസ്റ്ററന്റ് മേഖലയെയാണെന്ന് മുഖ്യമന്ത്രി


ഭക്ഷ്യധാന്യങ്ങൾക്ക് ഉൾപ്പെടെ ജി.എസ്.ടി ഏർപ്പെടുത്തിയ അശാസ്ത്രീയമായ നികുതി പരിഷ്‌ക്കാരങ്ങൾ രാജ്യത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാർക്കൊപ്പം ഹോട്ടൽ, റസ്റ്ററന്റ് മേഖലയെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എന്തിനെല്ലാം നികുതി ചുമത്തണം, എത്ര ചുമത്തണം എന്നിവയിലെല്ലാം വലിയ ആശയക്കുഴപ്പങ്ങളാണ് ഉണ്ടായത്. വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ ഹോട്ടലുകൾക്ക് ഉയർന്ന സ്ലാബിൽ ജി.എസ്.ടി ഏർപ്പെടുത്തി. ഭക്ഷ്യപദാർത്ഥങ്ങളെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തി. നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പാചകവാതക വിലയും ക്രമാതീതമായി വർധിപ്പിച്ചു. ഇത്തരത്തിലുള്ള നടപടികളിലൂടെ സാധാരണക്കാരെ പോലെ ഹോട്ടലുകളേയും റസ്റ്ററന്റുകളേയും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടൽ ഭക്ഷണത്തിൽ പുതിയ രീതികൾ അംഗീകരിക്കപ്പെട്ടതോടെ അപൂർവം ചിലർ നടത്തുന്ന പരീക്ഷണങ്ങൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചത് സംഘടന ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായി ഹോട്ടൽ ഭക്ഷണം മാത്രം കഴിക്കുന്നവരുണ്ട്. ഹോട്ടലുകളിലെ നമ്മുടെ ഭക്ഷണം പൊതുവിൽ പരാതികളില്ലാത്തതായിരുന്നു. എന്നാൽ പുതിയ രീതിയിലെ അപൂർവ പരീക്ഷണങ്ങൾ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ എന്താണെന്ന് എല്ലാവർക്കും അറിയാം.

സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിൽ ചില കാര്യങ്ങളിൽ കൃത്യത പാലിക്കുവാൻ സംഘടനയുടെ ഭാഗമായ എല്ലാവരെയും നിർബന്ധിക്കണമെന്ന് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളോട് മുഖ്യമന്ത്രി നിർദേശിച്ചു. ഹോട്ടലിന് അമ്മയുടെ സ്ഥാനമാണെന്നും അമ്മയുടെ അടുത്തെത്തി ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് ഹോട്ടലുകളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
   
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എംപി, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എംഎൽഎ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.