- Trending Now:
തിരുവനന്തപുരം: ടൈപ്പ് 2 പ്രമേഹരോഗികൾക്ക് ഡെങ്കി വൈറസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് പ്രമേഹ ചികിത്സാവിദഗ്ധരുടെ കണ്ടെത്തൽ. ഇൻറർനാഷണൽ ജേണൽ ഓഫ് ഡയബറ്റിസ് ആൻറ് ടെക്നോളജിയിൽ (ഐജെഡിറ്റി) ഉടൻ പ്രസിദ്ധീകരിക്കുന്ന പ്രമേഹരോഗികളിൽ ഡെങ്കി പ്രതിരോധ കുത്തിവെപ്പിൻറെ മാർഗരേഖയിലാണ് ഇക്കാര്യമുള്ളത്. പ്രമേഹ ചികിത്സയിൽ ഡെങ്കി വാക്സിനേഷൻ സംയോജിപ്പിക്കുന്നതിൻറെ ആവശ്യകതയെക്കുറിച്ച് മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു.
കോവളത്തെ ഉദയ് സമുദ്രയിൽ അടുത്തിടെ നടന്ന ജെപിഇഎഫിൻറെ (ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറം) 14-ാമത് വാർഷിക ഗ്ലോബൽ ഡയബറ്റിസ് കൺവെൻഷനിൽ സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ ഈ മാർഗരേഖയുടെ കവർ പ്രകാശനം ചെയ്തു.
ഡോ. ജ്യോതിദേവ് കേശവദേവിൻറെ നേതൃത്വത്തിൽ ഇന്ത്യയിലെ മുൻനിര പ്രമേഹ ചികിത്സാ വിദഗ്ധരായ ഡോ: സഞ്ജയ് കൽറ, ഡോ. അനൂപ് മിശ്ര, ഡോ. ബൻഷി സാബു, ഡോ. ശശാങ്ക് ആർ. ജോഷി, ഡോ. അനുജ് മഹേശ്വരി, ഡോ. അമിത് ഗുപ്ത, ഡോ. രാകേഷ് പരീഖ്, ഡോ. മനോജ് ചൗള, ഡോ. സുനിൽ ഗുപ്ത, ഡോ. അഞ്ജന രഞ്ജിത്ത് മോഹൻ, ഡോ. സഞ്ജയ് അഗർവാൾ എന്നിവരും ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐഡിഎഫ് ) യൂറോപ്പിൻറെ നിയുക്ത പ്രസിഡൻറ് ഡോ. നിതി പാലുമാണ് മാർഗരേഖ തയ്യാറാക്കിയത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാനുഗതമായി വർദ്ധിക്കുന്നത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തി രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ കാരണമാകും. പ്രമേഹമുള്ളവരിൽ ഡെങ്കി അണുബാധ ഗുരുതരമാകാൻ ഇത് വഴിയൊരുക്കുമെന്ന് മാർഗരേഖ മുന്നറിയിപ്പ് നൽകുന്നു.
പ്രമേഹ രോഗികളിലെ 'സൈറ്റോകൈൻ സ്റ്റോം' എന്നറിയപ്പെടുന്ന അനിയന്ത്രിതമായ ഹൈപ്പർ-ഇൻഫ്ളമേറ്ററി രോഗപ്രതിരോധ പ്രതികരണത്തിന് ഇത്തരം അണുബാധ കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയർന്നു നിൽക്കുന്നതിലൂടെ രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളിൽ കേടുപാടുണ്ടാക്കുകയും ചെയ്യും. ഒരിക്കൽ ഡെങ്കി വൈറസ് ബാധിച്ചവർ 'സൈറ്റോകൈൻ സ്റ്റോം' എന്ന അവസ്ഥയിലൂടെ കടന്നുപോകും. ഇത് ഡെങ്കി ഹെമറാജിക് പനിയ്ക്കും ആന്തരിക രക്തസ്രാവത്തിനും ഡെങ്കി ഷോക്ക് സിൻഡ്രോം എന്നറിയപ്പെടുന്ന പെട്ടെന്ന് താഴ്ന്നു പോകുന്ന രക്തസമ്മർദ്ദത്തിൽ ജീവൻ നഷ്ടമാകുന്നതിന് കാരണമാകുമെന്നും പ്രബന്ധത്തിൽ പറയുന്നു.
നിലവിലെ ക്ലിനിക്കൽ ചികിത്സാരീതിയിലെ വിടവ് നികത്തുന്നതിനായി പ്രമേഹ ചികിത്സയിൽ ആധുനിക ഡെങ്കി വാക്സിനേഷൻ ഉൾപ്പെടുത്തേണ്ടതിൻറെ ആവശ്യകത മാർഗരേഖ ഉയർത്തിക്കാട്ടുന്നു.
ടകേഡ വികസിപ്പിച്ചെടുത്ത ടിഎകെ- 003 വാക്സിൻ (ആഗോളതലത്തിൽ ക്യുഡെൻങ്ക എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്നു) പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രബന്ധത്തിൽ പരാമർശിക്കുന്നു. വർഷങ്ങളോളം നീണ്ടുനിന്ന ക്ലിനിക്കൽ പഠനങ്ങളിലെ വിവരങ്ങൾ പ്രകാരം ടിഎകെ- 003 വാക്സിൻ ഉപയോഗിക്കുന്നതിലൂടെ 84 ശതമാനം മുതൽ 90 ശതമാനം വരെ രോഗബാധയിൽ കുറവ് വരുത്തുമെന്നും രോഗികൾക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുമെന്നും മാർഗരേഖയിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ടകേഡ വികസിപ്പിച്ച വാക്സിൻ ഡെങ്കി വൈറസിൻറെ നാല് പ്രധാന സെറോടൈപ്പുകൾക്കെതിരെയും വളരെ ഫലപ്രദമാണ്. പഴയ വാക്സിൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഒരു രോഗിക്ക് മുമ്പ് ഡെങ്കി ബാധിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഈ നൂതന പ്ലാറ്റ്ഫോം ഫലപ്രദമായി പ്രവർത്തിക്കുന്നു. രക്തപരിശോധനയുടെ സങ്കീർണ്ണമായ മൾട്ടി-സ്റ്റെപ്പ് സ്ക്രീനിംഗ് പ്രക്രിയ, വലിയ ചെലവുകൾ, പരിശോധനയിലെ കാലതാമസം എന്നിവ പൂർണ്ണമായും ഇല്ലാതാക്കുന്നു.
നിലവിൽ 42 രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുള്ള ഈ വാക്സിൻ അടുത്ത വർഷം ഇന്ത്യയിൽ പുറത്തിറക്കും.
ഡെങ്കിപ്പനി പടരുന്ന സമയത്ത് ഏറ്റവും ദുർബലരാകുന്നവരാണ് പ്രമേഹരോഗികളെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഡെങ്കിപ്പനി പ്രതിരോധ കുത്തിവയ്പ്പ് പ്രമേഹ പരിചരണത്തിൽ സംയോജിപ്പിക്കുന്നത് ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെ ഗുരുതര രോഗാവസ്ഥയും ആശുപത്രിവാസവും കുറയ്ക്കുന്നതിന് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കൽ ഗവേഷണങ്ങൾ വർധിപ്പിക്കുന്നതിലൂടെ വാക്സിനേഷൻ കാര്യക്ഷമമായി നടത്താനാകും.
പതിവ് പ്രമേഹ പരിശോധനയ്ക്കിടെ നൽകുന്ന ലളിതവും സമ്മർദ്ദരഹിതവുമായ ഒരു കുത്തിവയ്പ്പ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികളായ വ്യക്തികളെ മാരകമായ ഡെങ്കി ഭീഷണിയിൽ നിന്ന് സംരക്ഷിക്കും. അടിസ്ഥാനപരമായി ആരോഗ്യ പ്രതിരോധ സാധ്യതകളെ ഇതിലൂടെ പുനർനിർവചിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഡെങ്കിപ്പനി തുടരുന്ന പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് പ്രമേഹരോഗികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വാക്സിനേഷൻ സഹായകമാകുമെന്നും മാർഗരേഖ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.