Sections

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

Wednesday, Sep 30, 2026
Reported By Admin
Meditrina Hospital and St. Johns School Set Two World Records

  • 310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയാകൃതിയിൽ ലൈവ് കാർഡിയോ എക്സർസൈസ്
  • 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിന് ഡോ. എൻ. പ്രതാപ് കുമാറിന് ലോക റെക്കോർഡ്

തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മെഡിട്രീന ആശുപത്രിയും നാലഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. 310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല രൂപീകരിക്കുകയും തുടർന്ന് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിക്കുകയും ചെയ്തതാണ് ഒരു റെക്കോർഡ്. മെഡിട്രീന ആശുപത്രിയുടെ ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാർ 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിനുള്ളതാണ് രണ്ടാമത്തെ ലോക റെക്കോർഡ്.

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും ഹൃദ്രോഗ പ്രതിരോധത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങലയും കാർഡിയോ എക്സർസൈസും സംഘടിപ്പിച്ചത്. മെഡിട്രീന ആശുപത്രിയും സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

രണ്ടാമത്തെ റെക്കോർഡ് ഡോ. എൻ. പ്രതാപ് കുമാറിന്റെ അന്താരാഷ്ട്ര ഇന്റർവെൻഷണൽ കാർഡിയോളജി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. വിവിധ രാജ്യങ്ങളിൽ സങ്കീർണമായ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തുന്നതിനൊപ്പം അതത് രാജ്യങ്ങളിലെ കാർഡിയോളജിസ്റ്റുകൾക്ക് പരിശീലനവും വൈദഗ്ധ്യ കൈമാറ്റവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ്, ഫിലിപ്പീൻസ്, ടാൻസാനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരിശീലനത്തിനും സങ്കീർണമായ ഇന്റർവെൻഷണൽ നടപടിക്രമങ്ങൾക്കുമായി അദ്ദേഹം നിരവധി തവണ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

നാലഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് നടന്ന ലോക ഹൃദയദിന പരിപാടി മെഡിട്രീന ആശുപത്രിയുടെ ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാർ ഉദ്ഘാടനവും ആമുഖ പ്രഭാഷണവും നടത്തി. സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. മെഡിട്രീന ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. മനു ലോക ഹൃദയദിന സന്ദേശം നൽകി.

സെന്റ് ജോൺസ് എം.എച്ച്.എസ്.എസ്. ബർസർ ഫാ. നിധീഷ് വള്ളിയത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിജു ജോൺ, വേൾഡ് റെക്കോർഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രണ്ട് റെക്കോർഡ് നേട്ടങ്ങളും വേൾഡ് റെക്കോർഡ്സ് യൂണിയൻ റെക്കോർഡ്സ് മാനേജർ ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റും വേൾഡ് റെക്കോർഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയയും പരിശോധിച്ച് അംഗീകരിച്ചു. തുടർന്ന് ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റ് ലോക റെക്കോർഡ് പ്രഖ്യാപനവും സൈറ്റേഷൻ അവതരണവും നടത്തി.

മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഞ്ജു പ്രതാപ് നന്ദി രേഖപ്പെടുത്തി. സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ആർ.സി. സ്വാഗതം പറഞ്ഞു.

ഹൃദയാരോഗ്യ ബോധവൽക്കരണവും അന്താരാഷ്ട്ര തലത്തിലെ ഇന്റർവെൻഷണൽ കാർഡിയോളജി പ്രവർത്തനവും ഒരേ വേദിയിൽ ലോക റെക്കോർഡ് നേട്ടങ്ങളായി മാറിയത് മെഡിട്രീന ആശുപത്രിക്കും സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനും അഭിമാനകരമായ നേട്ടമാണെന്ന് അധികൃതർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.