Sections

ദേശീയ സരസ് മേള: ഭക്ഷണ പ്രേമികളുടെ  മനം കവർന്ന് രാജസ്ഥാനി വെജ് കൗണ്ടർ

Thursday, Dec 28, 2023
Reported By Admin
Saras Mela Rajasthan Food Counter

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്നുവരുന്ന ദേശീയ സരസ് മേളയിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് രാജസ്ഥാനി വെജ് കൗണ്ടർ. വിവിധതരം ചാട്ടുകൾ, ചെന മസാല, പാവ് ബാജി, തുടങ്ങിയ തനതായ ഉത്തരേന്ത്യൻ വിഭവങ്ങളാണ് പ്രധാനമായും ഈ കൗണ്ടറിൽ ഉള്ളത്.

രാജസ്ഥാനിൽ നിന്നുള്ള പത്തു പേരടങ്ങുന്ന സംഘമാണ് ഫുഡ് കൗണ്ടർ നടത്തുന്നത്. ബട്ടർ പാവ് ബാജി, ആലു പനീർ ടിക്കി, പാപ്പടി ചാട്ട്, മിക്സ് ചാട്ട്, വട പാവ്, സ്പെഷ്യൽ പ്യാസ് കച്ചോരി, സ്പെഷ്യൽ മുഗൾ കച്ചോരി, പനീർ ചോലെ ബട്ടൂര, സ്പെഷ്യൽ സ്വീറ്റായ റബ്ടി ഗേവർ എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. 50 രൂപ മുതൽ വിഭവങ്ങൾ ലഭ്യമാണ്.

ഇന്ത്യയിൽ ഉടനീളം നടക്കുന്ന വിവിധ മേളകളിൽ ഇവർ സ്ഥിരമായി പങ്കെടുത്തു വരുന്നു. കേരളത്തിൽ ഇതുവരെ നടന്ന എല്ലാ സരസ്മേളകളിലും സ്വാദിഷ്ടമായ വിഭവങ്ങളുമായി ഇവർ ഉണ്ടായിരുന്നു. കൊച്ചിയിൽ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും കേരളത്തിലെ മേളകളിൽ പങ്കെടുക്കാൻ ഏറെ താല്പര്യമാണെന്നും സംഘത്തിലെ അംഗമായ ജയ്പൂർ സ്വദേശി പിങ്കു ജാട്ട് പറഞ്ഞു.

ഉത്തരേന്ത്യൻ വിഭവങ്ങൾ ആദ്യമായി പരീക്ഷിക്കാൻ എത്തിയവരും സ്ഥിരമായി ഇത്തരം രുചികൾ തേടുന്ന ഭക്ഷണപ്രിയരും കൗണ്ടറിൽ എപ്പോഴും ഉണ്ട്. രാജസ്ഥാന് പുറമെ സിക്കീം, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങി 11 സംസ്ഥാനങ്ങളിൽ നിന്നുള്ള വിഭവങ്ങൾ മേളയിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.