Sections

ദേശീയ സരസ് മേള: നവ സംരംഭകരുടെ തുണി ബാഗുകളെ ഏറ്റെടുത്ത് സരസ്

Thursday, Dec 28, 2023
Reported By Admin
Cloth Bags in Saras Mela

അങ്കമാലി പാറക്കടവ് പഞ്ചായത്തിൽ ഇളവൂരിൽ നിന്നുള്ള കുടുംബശ്രീ വനിതകളുടെ നവ സംരംഭമാണ് ഗ്രീൻ പ്ലാനറ്റ് എന്റർപ്രൈസസ്. പ്രകൃതി സൗഹൃദമായ വിവിധതരം ബാഗുകളും അനുബന്ധ വസ്തുക്കളുമാണ് ഇവർ ഉത്പാദിപ്പിക്കുന്നത്. വ്യത്യസ്തമായ ഈ ഉത്പന്നങ്ങൾക്ക് സരസ് മേളയിൽ പ്രിയമേറുകയാണ്.

ഷോൾഡർ ബാഗുകൾ, ടോട്ട് ബാഗുകൾ, ഹാൻഡ് ബാഗുകൾ, വാലറ്റുകൾ, ലഞ്ച് ബാഗുകൾ, സഞ്ചികൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉത്പന്നങ്ങൾ. ജൂട്ട്, തുണി, പേപ്പർ തുടങ്ങിയ പ്രകൃതി സൗഹൃദമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ബാഗുകൾ നിർമ്മിക്കുന്നത്. ആകർഷകമായ ഡിസൈനുകൾ ബാഗുകളിൽ പ്രിന്റ് ചെയ്തു നൽകുന്നുമുണ്ട്. 150 രൂപ മുതൽ 250 രൂപ വരെയാണ് ഇവരുടെ ഉത്പന്നങ്ങളുടെ വില. നിലവിൽ പ്രധാനമായും മേളകൾ വഴിയാണ് വിൽപ്പന നടക്കുന്നത്.

കുടുംബശ്രീയിലൂടെ ലഭിച്ച പരിശീലനത്തിൽ നിന്നാണ് എബി മോൾ, സുനിത പ്രദീപ്, ഷെമീറ ഷബീർ, സവിത രജീഷ്, എം.ആർ രേഖ, സെലീന പാപ്പച്ചൻ, അർച്ചന, ബീന രവി എന്നീ വനിതകൾ ചേർന്ന് പുതിയ സംരംഭം തുടങ്ങിയത്. സംരംഭത്തിലേക്ക് ഇറങ്ങിയിട്ട് ആറുമാസം കഴിയുന്നതേ ഉള്ളൂ എങ്കിലും തികഞ്ഞ ആത്മവിശ്വാസമാണ് ഇവർക്കുള്ളത്.

ഇതിനകം വിവിധ മേളകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എന്നാൽ സരസ് ഒരു പുതിയ അനുഭവമാണെന്നും മികച്ച പ്രതികരണമാണ് സന്ദർശകരിൽ നിന്ന് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.