Sections

സമൂഹത്തിന് ഉപകാരം ലഭിക്കുന്നതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനം; യുട്യൂബര്‍ അമീന്‍ കോയ സംസാരിക്കുന്നു

Friday, Mar 04, 2022
Reported By Aswathi Nurichan
Ameen koya

ഒരു തൊഴില്‍ ലഭിക്കുക എന്നത് പലരുടെയും സ്വപ്‌നമാണ്. അതിലേക്ക് എത്തിച്ചേരാന്‍ വഴികാട്ടിയായി എപ്പോഴും അമീനിന്റെ 'Ameen Vlogs' എന്ന യുട്യൂബ് ചാനല്‍ ഉണ്ടാകും

 

സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ സാധിക്കാത്തത് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമായിരിക്കാം. അവയെ അതിജീവിക്കാന്‍ നിങ്ങള്‍ ഏതൊക്കെ മാര്‍ഗങ്ങളായിരിക്കും തേടുക? സോഷ്യല്‍ മീഡിയ എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിവ് പകര്‍ന്നു നല്‍കി കൊണ്ട് സ്വന്തം പ്രശ്‌നങ്ങളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയിരിക്കുകയാണ് യുട്യൂബര്‍ അമീന്‍ കോയ. 

ഒരു തൊഴില്‍ ലഭിക്കുക എന്നത് പലരുടെയും സ്വപ്‌നമാണ്. അതിലേക്ക് എത്തിച്ചേരാന്‍ വഴികാട്ടിയായി എപ്പോഴും അമീനിന്റെ 'Ameen Vlogs' എന്ന യുട്യൂബ് ചാനല്‍ ഉണ്ടാകും. യുപിഎസ്‌സി, പിഎസ്‌സി, എസ്എസ്‌സി, എസ്എസ്ബി തൊഴില്‍ സാധ്യതകളെയും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളെയും കുറിച്ച് വിശദമാക്കിയാണ് ഈ കൊച്ചു മിടുക്കന്‍ യുട്യൂബില്‍ തന്റേതായ ഇടം നേടിയിരിക്കുന്നത്. യുട്യൂബര്‍ അമീന്‍ കോയയുമായി 'ദി ലോക്കല്‍ ഇക്കണോമി' സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.

യൂട്യൂബ് ചാനല്‍ ആരംഭിക്കാനുണ്ടായ കാരണം എന്തായിരുന്നു?

സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഞാന്‍ എളുപ്പത്തില്‍ പഠിക്കുമായിരുന്നു. അതുകൊണ്ട് ആളുകള്‍ ആപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങളൊക്കെ എന്നോട് ചോദിക്കാന്‍ തുടങ്ങി. അതിന് നല്ല രീതിയില്‍ മറുപടി കൊണ്ടുക്കാന്‍ സാധിച്ചപ്പോഴാണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാലോ എന്ന ചിന്ത മനസില്‍ വന്നത്.  അങ്ങനെ 2018 ലാണ് ഞാന്‍ യൂട്യൂബിംഗ് മേഖലയിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ കുറച്ച് വീഡിയോകള്‍ ചെയ്തിരുന്നെങ്കിലും അവയൊന്നും അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നെ ഞാന്‍ ആളുകളെ അഭിസംബോധന ചെയ്യാന്‍ മടിയുള്ള ആളായിരുന്നു. അതുകൊണ്ട് തന്നെ മുഖം കാണിച്ചുള്ള വീഡിയോ ചെയ്തില്ലായിരുന്നു. പിന്നീട് ഉപ്പയുടെ കൂടെ സൗദിയില്‍ പോയതിന് ശേഷം അവിടെ നിന്ന്് എനിക്ക് നല്ലൊരു ഫോണ്‍ ഉപ്പ വാങ്ങി തന്നു. നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ വീഡിയോ ചെയ്താല്‍ ആളുകള്‍ കളിയാക്കുമോ എന്ന ടെന്‍ഷനായിരുന്നു എനിക്ക്. എന്നാല്‍ ഗള്‍ഫില്‍ ആയിരുന്നപ്പോള്‍ പരിചയമുള്ള ആളുകളെ നേരിട്ട് കാണിലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ മുഖം കാണിച്ചുള്ള വീഡിയോ ചെയ്യാന്‍ തുടങ്ങി. പിന്നീട് എന്റെ പരിശ്രമത്തിന്റെയും സുഹൃത്തുകളുടെ സഹായത്തിന്റെയും ഫലമായി സബ്‌സ്‌ക്രൈബേര്‍സ് കൂടി വന്നു. അങ്ങനെയാണ് യൂട്യൂബിംഗ് മേഖലയില്‍ സജീവമാകാന്‍ തീരുമാനിച്ചത്.

എന്തായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങുമ്പോഴുണ്ടായ പ്രതീക്ഷ?

സത്യസന്ധമായും വരുമാനം പ്രതീക്ഷച്ചല്ല ഞാന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. കാരണം എനിക്ക് ഇതില്‍ നിന്നും വരുമാനം ലഭിക്കുമെന്ന് അറിയില്ലായിരുന്നു. ഫോണുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ചാനല്‍ ആരംഭിച്ചത്. മറ്റുള്ള വീഡിയോകള്‍ പോലെ പെട്ടെന്ന് റീച്ച് ഉണ്ടാകുന്ന മേഖലയല്ല ഞാന്‍ തിരഞ്ഞെടുത്തത്. പരിമിതമായ പ്രേക്ഷകരെ മാത്രമേ എനിക്ക് ലഭിക്കുകയുള്ളൂ. കാരണം ജോലിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആയത് കൊണ്ട് അതുമായി ബന്ധപ്പെട്ടവര്‍ മാത്രമേ സാധാരണയായി വീഡിയോ കാണാറുള്ളൂ. പക്ഷേ വളരെയധികം ആസ്വദിച്ചാണ് ഞാന്‍ എല്ലാ വീഡിയോകളും ചെയ്യുന്നത്. പതിയെ പതിയെ ആണെങ്കിലും വളര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

Train hard and stay motivated എന്നത് മികച്ച മോട്ടോ ആണല്ലോ? അത് കണ്ടെത്തിയതിന്റെ പിന്നില്‍

ജോലി ലഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പ്രധാനമായും വേണ്ടത് മോട്ടിവേഷനാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് മോട്ടിവേഷന്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ചത് നമ്മള്‍ സ്വയം മോട്ടിവേറ്റ് ആകുന്നതാണ്. സ്വയം മോട്ടിവേഷന്‍ കിട്ടുന്നത് ആഗ്രഹിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി മനസിലാക്കുന്നതിലൂടെയാണ്. അത് തന്നെയാണ് എന്റെ മോട്ടോ. അവരുടെ ജോലി സാധ്യതയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി തന്നെ ഞാന്‍ പറഞ്ഞ് മനസിലാക്കും. അതിലൂടെ അവര്‍ വിശദാംശങ്ങള്‍ വ്യക്തമായി പഠിച്ച് സ്വയം മോട്ടിവേറ്റ് ആയി മാറണം. ആ ധൈര്യത്തില്‍ മുന്നോട്ട് പോയാല്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും കൈയ്യെത്തി പിടിക്കാന്‍ സാധിക്കും.

വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ആരംഭിച്ച് നിലവില്‍ യുപിഎസ്‌സിയിലേക്കും പിഎസ്‌സിയിലേക്കും എത്താനുണ്ടായ കാരണം?

യഥാര്‍ത്ഥത്തില്‍ ഞാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വീഡിയോയിലൂടെയാണ് തുടങ്ങിയത്. പിന്നീട് സ്‌കൂള്‍ കോളേജ് അലോട്ട്‌മെന്റുകള്‍ ചെയ്ത് തുടങ്ങിയതിന് ശേഷം എന്റെ വീഡിയോ കാണുന്നവരുടെ എണ്ണം വര്‍ധിച്ചു. പക്ഷേ ഒരു പ്രത്യേക സമയം വരെയല്ലേ യൂണിവേഴ്‌സിറ്റി സംബന്ധമായ വീഡിയോകള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇനി എന്ത് ചെയ്യും എന്ന ചിന്ത മനസില്‍ വന്നു. എന്റെ സുഹൃത്തും കസിനുമായ ആദില്‍ ഷിനാസ് ആണ് ആര്‍മിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ നിനക്ക് ചെയ്തൂടെ എന്നു എന്നോട് ചോദിക്കുന്നത്. അവന്‍ ആര്‍മി ജോലിക്ക് വേണ്ടി ശ്രമിക്കുന്ന സമയമായിരുന്നു അപ്പോള്‍. അങ്ങനെയാണ് ആര്‍മി ജോലിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഞാന്‍ ചെയ്തു തുടങ്ങിയത്. അതിന് എന്നെ വളരെയധികം സഹായിച്ചത് ആദില്‍ ഷിനാസ് തന്നെയാണ്. 30 പേജ് ഒക്കെയുള്ള നോട്ടിഫിക്കേഷന്‍ വായിച്ചാണ് ഞാന്‍ ആളുകള്‍ക്ക് ആവശ്യമായുള്ള പ്രധാന കണ്ടന്റുകള്‍ ഉണ്ടാക്കുന്നത്. കൂടെ നേവി, എയര്‍ഫോഴ്‌സ്, എന്നിവയുടെ വീഡിയോയും ചെയ്യുന്നുണ്ട്. എന്റെ വീഡിയോയിലൂടെ ജോലികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് യൂട്യൂബര്‍ എന്ന രീതിയിലുള്ള എന്റെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. 

defence sector ആണല്ലോ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്

ഞാന്‍ ഡിഫെന്‍സ് ജോലിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്യാന്‍ ആരംഭിച്ച സമയത്തില്‍ അത്തരത്തില്‍ ആര്‍മിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്യുന്ന യൂട്യൂബ് ചാനലുകള്‍ കേരളത്തില്‍ അങ്ങനെ ഇല്ലായിരുന്നു. തുടക്കത്തില്‍ ഡിഫെന്‍സ് ജോലിയുടെ നോട്ടിഫിക്കേഷന്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. പിന്നീട് വീഡിയോ ചെയ്യുന്നത് എക്‌സാം, ഫിസിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നീ മേഖലകളില്‍ കൂടി വ്യാപിപ്പിച്ചു. എനിക്ക് ടെസ്റ്റുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിരുന്നത് ഷിനാസ് തന്നെയാണ്. അവന്റെ സഹായം ഉള്ളതിനാല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോകള്‍ ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചു. അങ്ങനെയാണ് ഈ മേഖലയില്‍ എനിക്ക് നിരവധി ബന്ധങ്ങള്‍ ലഭിച്ചത്. നിലവില്‍ ഞാന്‍ ചെറിയ രീതിയില്‍ പിഎസ്‌സി ജോലികളെ കുറിച്ചുള്ള വീഡിയോയും ചെയ്യുന്നുണ്ട്. അലോട്ട്‌മെന്റ് വരുന്ന സമയങ്ങളില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വീഡിയോകളും ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

യുപിഎസ്‌സിയിലുള്ള സാധ്യതകള്‍ കേരളത്തിലുള്ളവര്‍ മനസിലാക്കുന്നില്ല എന്നു തോന്നുന്നുണ്ടോ?

കുറച്ച് കാലം മുമ്പ് വരെ അതുപോലെ തന്നെയായിരുന്നു അവസ്ഥ. മിക്ക ആളുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജോലികളെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. ഏകദേശം 5 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡിഫെന്‍സ് ജോലികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം വന്നത്. അതിനുശേഷം കുറേ കാലത്തോളം ആളുകള്‍ക്ക് എന്താണ് ഈ ജോലി ലഭിക്കാന്‍ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഞാന്‍ ചാനല്‍ ആരംഭിച്ചത്. എന്റെ വീഡിയോ കാരണം ഉപകാരമുണ്ടാകുന്നുണ്ടെന്ന് പലരും പറയാറുണ്ട്. അതിനാല്‍ ചാനലിന്റെ വളര്‍ച്ച പതിയെ ആണെങ്കിലും നിലവിലെ അച്ചീവ്‌മെന്റില്‍ ഞാന്‍ സന്തോഷവാനാണ്.

എന്താണ് പഠിക്കുന്നത്? നാടിനെ കുറിച്ചും വീടിനെ കുറിച്ചും പറയാമോ?

വയനാട് കമ്പളക്കാട് ആണ് എന്റെ സ്വദേശം. മുട്ടില്‍ ഡബ്‌ള്യൂഎംഒ കോളജിലാണ് പഠിക്കുന്നത്. ഇപ്പോള്‍ ബികോം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഉപ്പ സൗദിയില്‍ ബിസിനസ് നടത്തുന്നു. ഉമ്മയും വിദ്യാര്‍ത്ഥികളായ മൂന്നു അനുജന്‍മാരുമാണ് വീട്ടിലുള്ളത്.

വീഡിയോ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഫാമിലിയില്‍ നിന്നും ഫ്രണ്ട്‌സില്‍ നിന്നും ഉണ്ടായ പ്രോല്‍സാഹനം എങ്ങനെയാണ്? ഇപ്പോള്‍ എങ്ങനെയാണ്?

തുടക്കത്തില്‍തന്നെ വീട്ടുകാരില്‍ നിന്ന് മികച്ച രീതിയിലുള്ള പ്രോല്‍സാഹനമാണ് കിട്ടിയിരുന്നത്. എന്നാല്‍ അവര്‍ക്ക് ഞാന്‍ ചെയ്യുന്നതിനെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ക്ക് ഏകദേശം കാര്യങ്ങളൊക്കെ മനസിലായി. ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ചെയ്യുന്നതെന്ന് വീട്ടുകാരോട് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ സന്തോഷിക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതാണ് എന്റെ വലിയ ഹാപ്പിനസ്. 

വീഡിയോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കട്ടയ്ക്ക് സപ്പോര്‍ട്ട് ചെയ്ത ഫ്രണ്ട്‌സും നിരുല്‍സാഹപ്പെടുത്തിയ ഫ്രണ്ട്‌സും എനിക്കുണ്ട്. തുടക്കത്തില്‍ പ്രോല്‍സാഹനം തന്നിരുന്നവര്‍ ഇപ്പോള്‍ അങ്ങനെ തന്നെ തുടരുന്നു. നിരുല്‍സാഹപ്പെടുത്തിയിരുന്നവരും ഇപ്പോള്‍ നല്ല സപ്പോര്‍ട്ട് ആണ്. ആര്‍ക്കെങ്കിലും എന്റെ വീഡിയോ കാരണം എന്തെങ്കിലും ഉപകാരം ലഭിക്കുന്നതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോല്‍സാഹനം.

പഠനവും വീഡിയോ ക്രീയേഷനും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാറുണ്ടോ?

ഇല്ല. ഇത് ഞാന്‍ പാഷനായി ചെയ്യുന്നത് കൊണ്ടു തന്നെ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പിന്നെ കോവിഡുമായി ബന്ധപ്പെട്ട് കോളജില്‍ ക്ലാസ് ഇല്ലാതിരുന്നപ്പോള്‍ എനിക്ക് വീഡിയോയുമായി ബന്ധപ്പെട്ട് കുറച്ച് അധികം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി. ഞാന്‍ സ്വയം തന്നെ സ്മാര്‍ട്ട് ഫോണിലാണ് വീഡിയോ ഷൂട്ട് ചെയ്യാറുള്ളത്. അതുകൊണ്ട് കുറേ കാര്യങ്ങള്‍ പഠിക്കാനും മറ്റുള്ളവരുമായി നന്നായി കോണ്‍ടാക്റ്റ് ചെയ്യാനും സാധിച്ചു. എന്നാല്‍ ഇപ്പോള്‍ മൂന്നാം വര്‍ഷ പരീക്ഷകള്‍ നടന്നു കൊണ്ടിരിക്കുന്ന സമയമായത് കൊണ്ട് കുറച്ച് തിരക്ക് ഉണ്ട്. എന്നാലും ജോലി സാധ്യതകള്‍ അറിയാനായി ശ്രമിക്കുന്നവര്‍ക്ക് എന്നെ കൊണ്ട് നല്‍കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ഈ മാസം കഴിഞ്ഞാന്‍ പരീക്ഷകള്‍ കഴിയും. അതിനു ശേഷം ഞാന്‍ വീണ്ടും ഊര്‍ജ്ജസ്വലമായി യുട്യൂബിംഗ് മേഖലയില്‍ സജീവമാകും.

വേറെ ഏതെങ്കിലും യൂട്യൂബ് ചാനല്‍ മാനേജ് ചെയ്യുന്നുണ്ടോ? 

വേറെ ഒരു യൂട്യൂബ് ചാനല്‍ ഞാനും എന്റെ ഫ്രണ്ട് മുഹമ്മദ് അജ്മലുമായി ചേര്‍ന്ന് ചെയ്യുന്നുണ്ട്. ട്രാവലിംഗ് ആന്റ് ഫുഡ് ചാനലാണ് അത്.                
TE Vlogs എന്നാണ് പേര്. എനിക്ക് സുഹൃത്തുകളോടൊപ്പമുള്ള യാത്രകളും പുതിയ രുചികള്‍ മനസിലാക്കുന്നതും വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനും അവനും ഈ ചാനല്‍ ആരംഭിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ആണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത്. യൂട്യൂബ് ചാനലിലിന് വളര്‍ച്ച വന്നു കൊണ്ടിരിക്കുന്നുണ്ട്.

കരിയര്‍ എന്താകണമെന്നാണ് ആകണം ആഗ്രഹം? യൂട്യൂബര്‍ ആയി തന്നെ മുന്നോട്ട് പോകണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

യുട്യൂബ് വീഡിയോകളുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. കൂടെ പഠനവും മുന്നോട്ട് കൊണ്ടുപോകണം. പിജി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൂടാതെ എന്റെ യൂട്യൂബ് ചാനലുമായി ബന്ധപ്പെടുന്ന ജോലികള്‍ക്ക് പരിശീലനം നല്‍കുന്നത് പോലെയുള്ള എന്തെങ്കിലും ബിസിനസ് ആരംഭിക്കണമെന്നും ആഗ്രഹമുണ്ട്. എന്തൊക്കെയാണെങ്കിലും എന്റെ പ്രധാന ശ്രദ്ധ യുട്യൂബ് വീഡിയോ ചെയ്യുന്നതിലും ചാനലില്‍ കൂടുതല്‍ ജോലി സാധ്യതകള്‍ ഉള്‍പ്പെടുത്തി ആളുകള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലുമാണ്.

മുമ്പ് അമീന്‍ വലിയ രീതിയില്‍ സംസാരിക്കുന്ന ആളായിരുന്നില്ല. പക്ഷേ യുട്യൂബറായതിന് ശേഷം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചത്. ആളുകളോട് സംസാരിക്കുവാനും, സമൂഹത്തില്‍ ഇടപെടാനും, മറ്റുള്ളവര്‍ക്ക് സഹായമാകുന്ന കാര്യങ്ങള്‍ ചെയ്യാനൊന്നും അമീന്‍ ഈ മേഖലയിലൂടെ പഠിച്ച് കഴിഞ്ഞിരിക്കുന്നു. തന്റെ സ്വഭാവത്തില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ യൂട്യൂബ് മേഖലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കൊച്ചു യൂട്യൂബര്‍ പറയുന്നു. യുട്യൂബില്‍ നിന്ന് ചെറിയ തോതില്‍ വരുമാനം ലഭിക്കുന്നത് കൊണ്ട് തന്നെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യം വരാറില്ല, ഫിനാഷ്യല്‍ ഫ്രീഡം വലിയൊരു ധൈര്യം നല്‍കുന്നുണ്ടെന്ന് ഈ മിടുക്കന്‍ ചൂണ്ടിക്കാട്ടി. ജോലി സാധ്യതകളെ കുറിച്ച് അജ്ഞരായിരിക്കുന്നവര്‍ക്ക് തിരിച്ചറിവുകള്‍ നല്‍കുന്ന വീഡിയോകളിലൂടെ ഊര്‍ജം പകര്‍ന്ന്് അമീന്‍ കോയ ഇനിയും മുന്നോട്ട്...

Website: https://ameenkoya.com/

Youtube link

Ameen Vlogs: https://youtube.com/c/AmeenVlog

TE Vlogs: https://youtube.com/c/TEVlogs

Instagram 

Ameen Vlogs: https://instagram.com/ameen_vlog?utm_medium=copy_link

TE Vlogs: https://instagram.com/te_vlog?utm_medium=copy_link

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.