Sections

ഇന്ത്യയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന വിപ്ലവകരമായ സംരംഭവുമായി യുവ സംരംഭകന്‍ നീരജ് ഡേവിസ്‌

Thursday, Feb 24, 2022
Reported By Aswathi Nurichan
neeraj davis

''നമ്മെ കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാകണം, അതിന്റെ ഭാഗമായി പുതിയ ഒരു സംരംഭവും തുടങ്ങണം. ഇതായിരുന്നു ബിരുദം കഴിഞ്ഞ് നില്‍ക്കുന്ന ഈ കലാകാരന്റെ ചിന്തയില്‍''

ബിഎസ്‌സി ഇലക്ട്രോണിക്‌സ് പഠിക്കുകയും ഗിറ്റാറിസ്റ്റായി ജോലി ചെയ്യുകയും ചെയ്തയാള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് കിടിലന്‍ ഒരു ബിസിനസ് മേഖലയിലാണ്. ഭൂമിയിലെ പ്രധാന വില്ലനായ പ്ലാസ്റ്റിക്കിനെ തുരത്തുകയാണ് ആളിന്റെ ഇപ്പോഴത്തെ പ്രധാന പണി. പറഞ്ഞു വരുന്നത് ഒരു യുവ സംരംഭകനെ കുറിച്ചാണ്. വയനാട് ജില്ലയിലെ നടവയല്‍ സ്വദേശിയായ നീരജ് ഡേവിസ്. നമ്മെ കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാകണം, അതിന്റെ ഭാഗമായി പുതിയ ഒരു സംരംഭവും തുടങ്ങണം. ഇതായിരുന്നു ബിരുദം കഴിഞ്ഞ് നില്‍ക്കുന്ന ഈ കലാകാരന്റെ ചിന്തയില്‍. നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷം നീരജ് കണ്ടെത്തിയ ആ ബിസിനസ് സംരംഭം കംപോസ്റ്റിബിള്‍ ക്യാരിബാഗ് ആയിരുന്നു. അതും ചോളം കൊണ്ട്!!! വിദേശ രാജ്യങ്ങളില്‍ വളരെയധികം വ്യാപിച്ചു നില്‍ക്കുന്നതും കേരളത്തില്‍ ഇല്ലാത്തതുമായ ഏറെ സാധ്യത നിറഞ്ഞ മേഖലയാണിത്. ADS green products എന്ന നിര്‍മ്മാണ കമ്പനിയിലൂടെ പ്ലാസ്റ്റികിന്റെ യഥാര്‍ത്ഥ പകരക്കാരനും പ്രകൃതിയ്ക്ക് ഇണങ്ങിയതുമായ കംപോസ്റ്റിബിള്‍ ക്യാരിബാഗ് രംഗത്ത് തുടക്കമിട്ടിരിക്കുകയാണ് ഈ യുവാവ്. നീരജ് ഡേവിസുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.   

                                                        

പഠനം കഴിഞ്ഞപ്പോള്‍ തന്നെ ബിസിനസിലേക്ക് കാലെടുത്ത് വയ്ക്കുകയാണോ ചെയ്തത്?

പഠനം കഴിഞ്ഞതിന് ശേഷം ഞാന്‍ മ്യൂസിക് മേഖലയിലാണ് പ്രവര്‍ത്തിച്ചത്. ഒരു വര്‍ഷത്തോളം കുറച്ച് ബാന്‍ഡുകളില്‍ ഗിറ്റാറിസ്റ്റായി ജോലി ചെയ്തു. പിന്നീടാണ് നാട്ടില്‍ തന്നെ ഒരു ബിസിനസ് സ്ഥാപനം തുടങ്ങാമെന്ന് ചിന്തിച്ചത്. സുഹൃത്തുക്കളെയും ചേര്‍ത്ത് സംരംഭം ആരംഭിക്കാനായിരുന്നു തീരുമാനം. പിന്നെ കുറച്ച് പേര്‍ക്ക് ജോലി നല്‍കണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് നിരവധി പഠനങ്ങള്‍ക്ക് ശേഷം കംപോസ്റ്റിബിള്‍ ക്യാരിബാഗ് എന്ന ആശയത്തിലേക്ക് എത്തുന്നത്. എന്റെ പപ്പ നിര്‍മ്മാണ ബിസിനസ് രംഗത്ത് ആയതുകൊണ്ടു തന്നെ എന്റെ ആഗ്രഹത്തിന്റെ കൂടെ നില്‍ക്കാന്‍ കുടുംബവും തയ്യാറായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ ലഭിച്ചതു കൊണ്ടാണ് എനിക്ക് ഇത്തരം ഒരു സംരംഭം ആരംഭിക്കാന്‍ സാധിച്ചത്. 

കേരളത്തില്‍ പല ബിസിനസ് സാധ്യതകള്‍ ഉണ്ടായിട്ടും ഒരു ഇന്നൊവേറ്റീവ് ബിസിനസ് ആരംഭിച്ചത് എന്തുകൊണ്ടാണ്?

എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നല്ല, പുതിയ ഒരു ആശയം ബിസിനസിലൂടെ പ്രാവര്‍ത്തികമാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കൂടാതെ സമൂഹത്തിന് ഗുണമുണ്ടാകുന്ന ബിസിനസ് ആരംഭിക്കണമെന്നും ചിന്തിച്ചിരുന്നു. നിര്‍മ്മാണ ബിസിനസിനോടായിരുന്നു താല്‍പര്യം. കേരളത്തില്‍ കൂടുതല്‍ ഇല്ലാത്ത ബിസിനസ് ആരംഭിച്ച് സമൂഹത്തില്‍ മാറ്റം കൊണ്ടു വരണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് പ്ലാസികിന് ബദലായി ബയോ പ്ലാസ്റ്റിക് ചെയ്യാന്‍ തീരുമാനിച്ചത്. പ്രകൃതിയില്‍ നിന്ന് തന്നെ ലഭിക്കുന്ന വസ്തുക്കളുടെ അന്നജം ഉപയോഗിച്ചാണ് കംപോസ്റ്റിബിള്‍ ക്യാരിബാഗ് നിര്‍മ്മിക്കുന്നത്. അതിനായി ഞാന്‍ തിരിഞ്ഞെടുത്തത് ചോളമാണ്. 

വ്യത്യസ്തമായ ഈ ഇന്നൊവേറ്റീവ് ബിസിനസ് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ റിസ്‌ക് ഉള്ളതല്ലേ? അതിനെ തരണം ചെയ്യാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് കണ്ടെത്തിയത്? 

വിദേശ രാജ്യങ്ങളില്‍ വലിയ രീതിയില്‍ തന്നെ ബയോ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിപണിയിലുണ്ട്. ഇന്ത്യയിലും ചെറിയ തോതില്‍ കംപോസ്റ്റിബിള്‍ ക്യാരിബാഗും മറ്റും നിര്‍മ്മിക്കുന്നുണ്ട്. കേരളത്തില്‍ ഇതുവരെ വന്നിട്ടില്ല. ലോബികളുടെ ശ്രമങ്ങള്‍ കൊണ്ടാണ് ഇത്തരം കംപോസ്റ്റിബിള്‍ ഉല്‍പന്നങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാത്തത്. 

ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് റിസ്‌ക് ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രത്തോളം റിസ്‌ക് ഉണ്ടാകുമെന്ന് വിചാരിച്ചില്ല. ഇന്ത്യയില്‍ മുഴുവന്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിന് മുമ്പ് നമ്മുടെ കേരളത്തില്‍ പ്ലാസ്റ്റിക് നിരോധിച്ചതാണ്. പക്ഷേ ഇതുവരെ അത് സംസ്ഥാനത്ത് പ്രയോഗികമായിട്ടില്ല. എല്ലാവര്‍ക്കും സുലഭമായി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതിന് കൊണ്ടാണ് അതിന്റെ ബദലിനെ കുറിച്ച് ആരും ചിന്തിക്കാത്തത്. അതുകൊണ്ട് തന്നെ ആളുകളെ പറഞ്ഞ് മനസിലാക്കിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. അതിനാല്‍ പ്ലാസ്റ്റികിന് എതിരെ നടത്തുന്ന ക്യാപെയിനിലൂടെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്.

 കംപോസ്റ്റിബിള്‍ കാരിബാഗിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?

ഒറ്റത്തവണ ഉപയോഗത്തിനാണ് കംപോസ്റ്റിബിള്‍ ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നത്. പെട്രോളിയം ഉല്‍പന്നം അല്ലാത്തത് കൊണ്ടു തന്നെ ഇതുകൊണ്ട് പ്രകൃതിക്ക് ഒരു ദോഷവുമില്ല. പ്ലാസ്റ്റികിന്റെ യഥാര്‍ത്ഥ ബദല്‍ തന്നെയാണ് ഇവ. ക്യാരിബാഗുകളുടെ വലിപ്പം അനുസരിച്ച് എത്ര ഭാരം വേണമെങ്കിലും താങ്ങും. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഇവ ഉപയോഗിച്ചും ചെയ്യാം. എളുപ്പത്തില്‍ സംസ്‌കരിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ആവശ്യം കഴിഞ്ഞാല്‍ എളുപ്പത്തില്‍ കത്തിക്കാനും കഴിയും. കത്തിച്ചു കഴിഞ്ഞാല്‍ ഇത് ചാരമായി മാറും. പ്രകൃതിക്ക് യാതൊരു ദോഷവുമില്ലാത്തത് കൊണ്ട് തന്നെ പെട്ടെന്ന് മണ്ണുമായി ലയിക്കും. 

പ്ലാസ്റ്റികിന്റെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ഇതോടൊപ്പം പ്രത്യേകം പറയേണ്ട കാര്യമാണ്. കാരണം ദീര്‍ഘകാല ഉപയോഗങ്ങള്‍ക്കൊക്കെ പ്ലാസ്റ്റിക് അത്യാവശ്യമാണ്. എളുപ്പത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടുതന്നെ അവ കാരണം പ്രകൃതിക്ക് ദോഷമില്ല, പക്ഷേ ക്യാരിബാഗു പോലെയുള്ള ഒറ്റത്തവണ ഉപയോഗത്തിന് ബയോ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൂടിയേ തീരൂ. ഭൂമിയെ സംരക്ഷിക്കുന്നതിനായി റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത 75 മൈക്രോണിന് താഴെയുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാത്തതാണ് നല്ലത്. അതിനാല്‍ കംപോസ്റ്റിബിള്‍ ക്യാരിബാഗ് ഈ കാലഘട്ടത്തിലും ഭാവിക്കും ഏറെ അനിവാര്യമായ വസ്തുവാണ്.

                                                        

ക്യാരിബാഗ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എവിടെ നിന്നാണ് ശേഖരിക്കുന്നത്? 

നിലവില്‍ ഇന്ത്യയില്‍ കംപോസ്റ്റിബിള്‍ ക്യാരിബാഗ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കില്ല. ഇതുവരെ അസംസ്‌കൃത വസ്തുക്കളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിദേശത്ത് നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്. പ്രധാനമായു ജര്‍മ്മനി, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നത്. 

ഈ സംരംഭം ആരംഭിക്കുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികളുടെ സഹായമുണ്ടായിരുന്നോ?

സംരംഭം ആരംഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിഎംഇജിപി പദ്ധതിയില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. 30 വയസിന് താഴെയുള്ള യുവാക്കള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനാണ് സഹായം നല്‍കുന്ന പദ്ധതിയാണിത്. 30 ശതമാനം മൂലധന തുകയാണ് ഇതിലൂടെ ലഭിക്കുക. വ്യവസായ വകുപ്പ് വഴിയാണ് പദ്ധതിക്കായി അപേക്ഷിക്കേണ്ടത്. ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ എനിക്ക് പദ്ധതി തുക ലഭിച്ചു. മികച്ച രീതിയിലുള്ള പ്രോല്‍സാഹനമാണ് വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

                                                                  

ഇതുപോലെ വ്യത്യസ്ത സംരംഭം തുടങ്ങാന്‍ ആഗ്രഹമുള്ളവരുണ്ടാകും. അവര്‍ക്കൊന്നും ഇത്തരം സംരംഭ പദ്ധതികളെ കുറിച്ച് ധാരണ ഉണ്ടാകില്ല. ഇത്തരത്തില്‍ സംരംഭം ആരംഭിച്ചയാള്‍ എന്ന നിലയില്‍ അവരോടൊക്കെ എന്താണ് പറയാനുള്ളത്?

യുവാക്കള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനായുള്ള ഏറ്റവും മികച്ച പദ്ധതി പിഎംഇജിപി തന്നെയാണ്. 30 ശതമാനം തുക ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. മറ്റ് പല സംരംഭ പദ്ധതികളുമുണ്ട്. ബിസിനസിന്റെ തരം അനുസരിച്ച് വിവിധ പദ്ധതികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ലഭ്യമാകുന്ന എല്ലാ പദ്ധതികളെയും കുറിച്ചും കൃത്യമായി മനസിലാക്കുക. അര്‍ഹമായ പദ്ധതികളില്‍ നിന്ന് സഹായം നേടാന്‍ പരമാവധി ശ്രമിക്കുക.

സുഹൃത്തുക്കള്‍ തന്നെയാണ് ടീമില്‍ ഉള്‍പ്പെടുന്നതെന്ന് പറഞ്ഞല്ലോ? വിവിധ മേഖലകളിലേക്ക് സുഹൃത്തുക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്തൊക്കെയായിരുന്നു?

ബിസിനസില്‍ സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംരംഭത്തില്‍ 90 ശതമാനവും സുഹൃത്തുക്കള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊമേഴ്‌സില്‍ പരിചയമുള്ളവര്‍ക്ക് അക്കൗണ്ടിംഗ് മേഖലയും മാനുഫാക്ചറിംഗ് വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്ക് മെഷീന്‍ ഓപ്പറേറ്റിംഗും നല്‍കി. വാക് ചാതുര്യവും കാര്യങ്ങള്‍ ആളുകളെ പറഞ്ഞ് മനസിലാക്കാന്‍ കഴിവും ഉള്ളവരെ മാര്‍ക്കറ്റിംഗ് മേഖലയിലേക്ക് തിരഞ്ഞെടുത്തു. ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് അഹമ്മദാബാദിലെ കംപോസ്റ്റിബിള്‍ ക്യാരിബാഗിന്റെ നിര്‍മ്മാണ യൂണിറ്റ് നേരിട്ട് പോയി മനസിലാക്കിയാണ് ഈ മേഖലയിലേക്ക് ഞങ്ങള്‍ കടന്നത്. 

                               

കംപോസ്റ്റിബിള്‍ ക്യാരിബാഗിന്റെ വിപണനം ഏതു രീതിയിലാണ്? വാങ്ങിക്കാന്‍ ആളുകള്‍ തയ്യാറാകുന്നുണ്ടോ?

ഓരോ ജില്ലയിലും മാര്‍ക്കറ്റിംഗ് മേഖലയില്‍ ആളുകളെ നിയമിച്ചാണ് വിപണം നടത്തുന്നത്. തിരുവനന്തപുരത്താണ് നിലവില്‍ ഏറ്റവും കൂടുതല്‍ വിപണനം ഉള്ളത്. പ്ലാസ്റ്റികിനെതിരെ ഞങ്ങള്‍ നടത്തിയ കാംപെയിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്ലാസ്റ്റികിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തുണി സഞ്ചിയെക്കാളും മികച്ചതും വില കുറഞ്ഞതുമാണ് ഇവ. അതിനാല്‍ പൊതു ജനങ്ങള്‍ കംപോസ്റ്റിബിള്‍ ക്യാരിബാഗ് വാങ്ങിക്കാന്‍ തയ്യാറാണ്. പക്ഷേ കച്ചവടം നടത്തുന്നവരാണ് കുറച്ച് പിറകോട്ട് നില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഞങ്ങള്‍ വാങ്ങാന്‍ തയ്യാറാകുകയുള്ളൂ എന്നാണ് അവര്‍ പറയുന്നത്. 

ബിസിനസില്‍ മത്സരം വന്നാല്‍ അതിനെ അതിജീവിക്കുന്നതിന് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? 

കൂടുതല്‍ പേര്‍ ഇത്തരം സംരംഭം ആരംഭിക്കണമെന്നും മത്സരം ഉണ്ടാകണമെന്നുമാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഒരു അസോസിയേഷന്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ നടന്നാലെ പ്ലാസ്റ്റിക്കിനെതിരെ ശക്തമായി പോരാടാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. കൂടാതെ ഇതിന്റെ വ്യാജനും ഇറങ്ങാന്‍ സാധ്യതയുണ്ട്. അതൊക്കെ തരണം ചെയ്യണമെങ്കില്‍ ഒരു സംഘടന ഉണ്ടായേ തീരൂ. കംപോസ്റ്റിബിള്‍ ക്യാരി ബാഗ് കാണാന്‍ പ്ലാസ്റ്റിക് പോലെയാണെങ്കിലും തൊട്ടു കഴിഞ്ഞാലും കത്തിച്ചാലും മാത്രമേ വയെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. കൂടാതെ ക്യാരിബാഗിന് പുറത്ത് ''ഞാന്‍ പാസ്റ്റിക് അല്ല' എന്ന് പ്രിന്റ് ചെയ്തിട്ടുണ്ടാകും. കമ്പനിയുടെ സീലും ക്യൂആര്‍ കോഡും പ്രിന്റ് ചെയ്താല്‍ മാത്രമേ ഇവ വില്‍പന നടത്താന്‍ സാധിക്കുകയുള്ളൂ എന്നതാണ് ഇതിന്റെ നിയമം. 

                          

ഭൂമിയുടെ വില്ലനായ പ്ലാസികിന്റെ തുരത്താനും സംരംഭം വളര്‍ത്താനും എന്താക്കെ പദ്ധതികളാണ് മനസിലുള്ളത്? 

മെഷിനീല്‍ കുറച്ച് ഇന്‍സ്റ്റാളേഷന്‍ ചെയ്യാനുണ്ട്. അതിന്റെ ജോലിയിലാണ് ഇപ്പോള്‍. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കണം. ഇന്ത്യയില്‍ ചോളം, കപ്പ, കരിമ്പ് എന്നിവയില്‍ നിന്നാണ് കംപോസ്റ്റിബിള്‍ ക്യാരിബാഗ് നിര്‍മ്മിക്കുന്നതിനുള്ള അന്നജം എടുക്കാന്‍ സാധിക്കുക. നിലവില്‍ ഞങ്ങള്‍ ചോളമാണ് ഉപയോഗിക്കുന്നത്. അത് കപ്പയിലേക്കും വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. പിന്നെ ഇവയുടെ അസംസ്‌കൃത വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കണമെന്നതാണ് പ്രധാന ലക്ഷ്യം.

നീരജിന്റെ നാടായ വയനാട് നടവയലില്‍ തന്നെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. പപ്പയായ അനില്‍ ഡേവിസിന്റെയും അമ്മയായ ലിസി ഡേവിസിന്റെയും അനിയനായ നിഖില്‍ ഡേവിസിന്റെ പൂര്‍ണ പ്രോല്‍സാഹനത്തോടെയാണ് നീരജ് ശുഭ വിശ്വാസത്തോടെ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. നാട്ടില്‍ തന്നെ ബിസിനസ് ആരംഭിക്കുന്നതിനെ പലരും എതിര്‍ത്തിരുന്നുവെന്ന് നീരജ് ചിരിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ മികച്ച ആശയവും അത് നല്ലരീതിയില്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കുമെങ്കില്‍ സംരംഭകര്‍ക്ക് എവിടെയും ബിസിനസ് ആരംഭിക്കാമെന്ന് നീരജ് ഉറച്ച സ്വരത്തില്‍ പറയുന്നു.

 

നീരജിന്റെ കോണ്‍ടാക്റ്റ് നമ്പര്‍: 7558981372
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.