Sections

സ്റ്റാർട്ടപ്പ് രംഗത്ത് വിജയകൊടി പാറിച്ച സഹപാഠികൾ മോബ്മി വയർലെസ് സൊല്യൂഷൻസുമായി സഞ്ജയ് വിജയകുമാർ, സോണി ജോയ്, വിവേക് സ്റ്റീവ് ഫ്രാൻസിസ് എന്നിവർ

Tuesday, Sep 05, 2023
Reported By Soumya
Mobme

10 വർഷം മുൻപ് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ മൂന്ന് കൂട്ടുകാർ മമ്മൂട്ടിയെ കാണാൻ ചെന്നു. ചാൻസ് ചോദിക്കലല്ല, ഓട്ടോഗ്രാഫ് അല്ല, ഫോട്ടോ എടുക്കലുമല്ല ഉദ്ദേശം. അവർ മൂന്നുപേരും ചേർന്ന് തുടങ്ങിയ ബിസിനസിൽ നിക്ഷേപകൻ ആകാൻ ക്ഷണിക്കുന്നതിനായിരുന്നു ഷൂട്ടിംഗ് സെറ്റിലേക്കുള്ള വരവ്. കാര്യങ്ങൾ കേട്ട മമ്മൂട്ടി അവരെ തന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അടുത്തേക്ക് അയച്ചു. അവിടെ നിന്നും ഒരു നിക്ഷേപകനിലേക്കും അവർ എത്തി. കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പിന്റെ വഴിത്തിരിവായിരുന്നു അത്. മോബ്മി എന്ന സ്റ്റാർട്ട് അപ്പ് ഇന്ന് ഇന്ത്യ മുഴുവൻ വേരുകൾ ഉള്ള ടെക്നോളജി സംരംഭമായി വളർന്നിരിക്കുന്നു. അന്ന് തിരുവനന്തപുരത്ത് സ്വന്തം ഓഫീസ് തുറന്നു ഇപ്പോൾ കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും സാന്നിധ്യം ഉണ്ട്.

സഞ്ജയ് വിജയകുമാർ, സോണി ജോയ്, വിവേക് സ്റ്റീവ് ഫ്രാൻസിസ് എന്നിവരായിരുന്നു മമ്മൂട്ടിക്ക് മുന്നിൽ എത്തിയ ആ കൂട്ടുകാർ.

ഇവർ ബിസിനസിലേക്ക് എത്തിയത് എഞ്ചിനീയറിങ്ങ് നാലാം സെമസ്റ്റർ ആയിരുന്നു. കൂട്ടത്തിൽ ഒരാളുടെ തലയിൽ ഒരു ഐഡിയ കത്തി. കൂട്ടുകാർക്കിടയിൽ മൊബൈൽ സിം കാർഡുകളുടെ വിൽപ്പന. കൂട്ടുകാർക്ക് തമ്മിൽ കുറഞ്ഞ നിരക്കിൽ സംസാരിക്കാവുന്ന ഒരു സിം ആകുമ്പോൾ കോളേജിൽ തന്നെ അത് വൻ ഹിറ്റ് ആകും. അതിൽ സൗജന്യ എസ്എംഎസ് കൾ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ഫുൾ ടോക്ക് ടൈം, പെർ സെക്കൻഡ് ബില്ലിംഗ് എന്നീ ആശയങ്ങളും ഒരുക്കി. ചങ്ങാതിക്കൂട്ടം ബിപിഎൽ മൊബൈലിനെ സമീപിച്ചു അവർക്കും സംഗതി ഇഷ്ടപ്പെട്ടു. മൂന്ന് മാസം കൊണ്ട് ഇവർ വിറ്റത് 14000 സിം കാർഡുകൾ പോക്കറ്റിൽ നിറഞ്ഞത് 8 ലക്ഷം രൂപ.

സ്റ്റാർട്ടപ്പിന്റെ പിറവി

ബിപിഎല്ലിൽ നിന്നു തന്നെ മറ്റു പ്രോജക്ടുകൾ കിട്ടി. അങ്ങനെ 2006 ഡിസംബറിൽ മോബ്മി വയർലെസ് സൊല്യൂഷൻസ് എന്ന പേരിൽ ടെക്നോപാർക്കിലെ ടെക്നോളജി ഇൻകുബേഷനിൽ ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി സ്റ്റാർട്ടപ്പ് പിറവിയെടുത്തു. ഇതിനുശേഷമായിരുന്നു മമ്മൂട്ടിയെ കാണാനുള്ള പോക്ക്.

വളർച്ച

ഇന്ത്യയിൽ മൊബൈൽ ഫോണിന് ഒപ്പം മോബ്മിയും വളർന്നു. സിം വിറ്റ് തുടങ്ങിയ ഇവർ പിന്നീട് മൊബൈൽ സേവന ദാദാക്കൾക്ക് സോഫ്റ്റ്വെയറും മാനേജ്മെന്റ് സർവീസസും ഒരുക്കി. എയർടെല്ലും എയർസെല്ലും വോഡഫോണും ഒക്കെ ഈ ചെറുപ്പക്കാരെ തേടിയെത്തി. 2011 -12 ഓടെ ജീവനക്കാരുടെ എണ്ണം 180 ലേക്ക് എത്തി.

പ്രതിസന്ധി ഘട്ടം

ടെലികോം രംഗത്ത് മത്സരം ശക്തമായതോടെ കമ്പനികൾ ചെലവ് ചുരുക്കത്തിലേക്ക് നീങ്ങി ഇതോടെ ലഭിച്ചിരുന്ന കരാറുകളുടെ തുകയും കുറഞ്ഞു. കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ഘട്ടം വന്നതോടെ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടായിരുന്നു അവർ അതിനെ നേരിട്ടത്. വീണ്ടും ഇതുപോലെയുള്ള പ്രതിസന്ധികളിൽ പെടാതിരിക്കാൻ അവർ കൂടുതൽ മേഖലയിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു. ഈ കോമേഴ്സ്, വ്യോമയാനം,ബാങ്കിംഗ്, ധനകാര്യസേവനം,ചില്ലറ വ്യാപാരം എന്നീ മേഖലകൾക്ക് ആവശ്യമായ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്നത് അങ്ങനെയാണ്.

പുതിയ മേഖലയിലോട്ട്

പ്രവർത്തനം തുടങ്ങി 10 വർഷം പിന്നിട്ടതോടെ നൂതനമായ അനലിറ്റിക് മേഖലയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. 'ചില്ലർ 'എന്ന പേരിൽ മൾട്ടി ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്പ് വികസിപ്പിച്ച ഫിനാൻഷ്യൽ ടെക്നോളജി രംഗത്തും ശക്തമായ സാന്നിധ്യമായി. ചില്ലറിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി പിന്നീട് മുംബൈ ആസ്ഥാനമാക്കി ബാക്ക് വാട്ടർ ടെക്നോളജി എന്ന കമ്പനി രൂപീകരിച്ചു.

SV. COM തുടക്കം

ഒരു സ്റ്റാർട്ടപ്പ് സംരംഭം കെട്ടിപ്പടുക്കുന്നതിനിടയിൽ തന്നെ സ്റ്റാർട്ടപ്പുകൾക്കായി നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കൂടി ശ്രമിക്കുന്നവരാണ് സഞ്ജയ് വിജയകുമാറും കൂട്ടരും. സഞ്ജയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് കൊച്ചിയിൽ സ്റ്റാർട്ടപ്പ് വില്ലേജിന് തുടക്കം കുറിച്ചത് അങ്ങനെയാണ്. സ്റ്റാർട്ട് അപ്പ് വില്ലേജിന്റെ ഡിജിറ്റൽ പതിപ്പായ എസ് വി ഡോട്ട് കോം(SV. COM) രാജ്യമൊട്ടാകെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു. 2022 ഓടെ രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നായി 1000 സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ കൂടിയായ സഞ്ജയ് പറയുന്നു.

സംരംഭകരോട്

  • മാറ്റങ്ങൾ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്.
  • ആ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ലാഭകരമായ ബിസിനസ് മോഡലുകൾ ആക്കി മാറ്റുവാൻ കഴിഞ്ഞാൽ സംരംഭക രംഗത്ത് വിജയിക്കാൻ സാധിക്കും.
  • മാറ്റങ്ങൾക്ക് അനുസരിച്ച് മടിച്ചു നിൽക്കാതെ സ്വയം മാറുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.