Sections

ടെക്നോപാർക്കിൽ 2025-26 ൽ 17,092 കോടിയുടെ (1.78 ബില്യൺ യുഎസ് ഡോളർ) സോഫ്റ്റ്വെയർ കയറ്റുമതി: 17 ശതമാനം വളർച്ച

Saturday, Sep 26, 2026
Reported By Admin
Technopark Software Exports Rise to ₹17,092 Crore in FY26

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്ക് 2025-26 സാമ്പത്തിക വർഷത്തിൽ 17,092 കോടി രൂപയുടെ (1.78 ബില്യൺ യുഎസ് ഡോളർ) സോഫ്റ്റ്വെയർ കയറ്റുമതി വരുമാനം നേടി മികച്ച നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് പ്രതിവർഷ വളർച്ചയിൽ ഏകദേശം 17.3 ശതമാനത്തിൻറെ വർധനവാണ് രേഖപ്പെടുത്തുന്നത്.

2024-25 സാമ്പത്തിക വർഷത്തിലെ 14,575 കോടി രൂപയിൽ നിന്നാണ് കയറ്റുമതി വരുമാനം 17,092 കോടി രൂപയായി ഉയർന്നത്.

കേരളത്തിൻറെ ഊർജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെ കരുത്തിൻറെ തെളിവാണ് ടെക്നോപാർക്കിൽ നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതിയിലെ വലിയ വളർച്ചയെന്ന് ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ സാന്നിധ്യവും സംസ്ഥാനത്തിൻറെ ഐടി മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

ബിസിനസ് വളർച്ച, നൂതനാശയങ്ങൾ, മികച്ച തൊഴിൽ അന്തരീക്ഷം എന്നിവയിലെ മികവിന് ദേശീയ-അന്തർദേശീയ തലത്തിൽ ഒട്ടേറെ പുരസ്കാരങ്ങളാണ് കഴിഞ്ഞ വർഷം ടെക്നോപാർക്കിലെ കമ്പനികൾ നേടിയെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻറെ ഒരു ഡൈനാമിക് ഹബ്ബായി ടെക്നോപാർക്ക് വികസിച്ചിട്ടുണ്ട്. മുൻനിര ഐടി കേന്ദ്രമെന്ന നിലയിൽ കേരളത്തിൻറെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ടെക്നോപാർക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ദേശീയപാതയോരത്ത് സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഐടി ഇടനാഴിയായ ടെക്നോപാർക്ക് കാലക്രമേണ ഹൈ-ടെക് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നെന്ന ടെക്നോപാർക്കിൻറെ സ്ഥാനം ദൃഢമാക്കാൻ ഫേസ് III , ഫേസ് IV ക്യാമ്പസുകളിൽ നിലവിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ സഹായകമാകും.

768.63 ഏക്കറിലായി 13.147 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ടെക്നോപാർക്കിൽ 540 ഐടി/ഐടി ഇതര കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 84,000 നേരിട്ടുള്ള തൊഴിലവസരങ്ങളും രണ്ട് ലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളിൽ ഒന്നെന്ന സ്ഥാനത്തിന് ടെക്നോപാർക്ക് വീണ്ടും അടിവരയിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.